ദുബായ് ആംബുലന്‍സുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് കാഫു

ദുബായ് ആംബുലന്‍സുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് കാഫു

മേഖലയിലെ ആദ്യ ഓണ്‍-ഡിമാന്‍ഡ് ഇന്ധന ഡെലിവറി ആപ്പാണ് കാഫു

ദുബായ്: കൊറോണവൈറസിനെതിരായ യുഎഇയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് സ്വകാര്യമേഖലയില്‍ നിന്നും ലഭിക്കുന്നത്. അടുത്ത രണ്ടാഴ്ചത്തേക്ക് ദുബായ് ആംബുലന്‍സ് കോര്‍പ്പറേഷന് കീഴിലുള്ള എല്ലാ ആംബുലന്‍സുകള്‍ക്കും സൗജന്യമായി ഇന്ധനം നിറച്ചുകൊടുക്കുമെന്ന മേഖലയിലെ ആദ്യ ഓണ്‍-ഡിമാന്‍ഡ് ഇന്ധന ഡെലിവറി ആപ്പായ കാഫുവിന്റെ പ്രഖ്യാപനം നിലവിലെ സങ്കീര്‍ണമായ പരിതസ്ഥിതിയെ പൊതു-സ്വകാര്യ മേഖലകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ്.

ദുബായിലെ നൂറോളം ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് പെട്രോള്‍ നിറച്ചുകൊടുക്കുമെന്നാണ് കാഫു അറിയിച്ചിരിക്കുന്നത്. വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പെട്രോള്‍ സ്‌റ്റേഷനില്‍ പോകാതെ കോണ്ടാക്ട്‌ലെസ്സായി (സാമൂഹിക അകലം പാലിച്ച്) ആംബുലന്‍സില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കുന്നത്. തടസം കൂടാതെയുള്ള ആംബുലന്‍സ് സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ആംബുലന്‍സ് കോര്‍പ്പറേഷന് പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് കാഫു സ്ഥാപകനും സിഇഒയുമായ റാഷിദ് അല്‍ ഖുരൈര്‍ പറഞ്ഞു. ഈ അടിയന്തര സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പരസ്പരം സഹായിക്കേണ്ടത് അനിവാര്യമാണെന്നും ഖുരൈര്‍ കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ സ്‌റ്റേഷനില്‍ പോകാതെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്തുകൊണ്ടാണ് കാഫു പ്രവര്‍ത്തനമാരംഭിച്ചത്. ആപ്പിലൂടെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കാഫുവിന്റെ മൊബീല്‍ ഇന്ധന സ്റ്റേഷന്‍ വാഹനം എവിടെയാണോ അവിടെയത്തി ഇന്ധനം നിറച്ചുതരും. പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കാത്തുനില്‍ക്കുന്ന സമയം ലാഭിക്കാമെന്നതും ഇന്ധനം നിറയ്ക്കാന്‍ മറ്റെവിടേക്കും പോകേണ്ടതില്ലെന്നതുമാണ് ഈ ദുബായ് സ്റ്റാര്‍ട്ടപ്പ് മോട്ടോര്‍വാഹന ഉടമകള്‍ക്ക് നല്‍കുന്ന സൗകര്യം. നിലവില്‍ ദുബായ്, ഷാര്‍ജ, അജ്മന്‍, ഉം അല്‍ ഖുവെയ്ന്‍ എന്നിവിടങ്ങളിലായി 180ഓളം ട്രക്കുകള്‍ക്ക് കാഫു ഇന്ധന ഡെലിവറി സേവനം നല്‍കുന്നുണ്ടെന്ന് ഖുരൈര്‍ പറഞ്ഞു.

Comments

comments

Categories: Arabia