കോവിഡ്-19: ദുബായ് എക്‌സ്‌പോ 2020 മാറ്റിവെച്ചേക്കും

കോവിഡ്-19: ദുബായ് എക്‌സ്‌പോ 2020 മാറ്റിവെച്ചേക്കും
  • എക്‌സ്‌പോ സംഘാടക സമിതിയും പങ്കെടുക്കുന്ന രാജ്യങ്ങളും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും
  • ഒരു വര്‍ഷത്തേക്കെങ്കിലും പരിപാടി നീട്ടിവെക്കുന്ന കാര്യം പരിഗണനയില്‍

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദുബായുടെ സ്വപ്‌ന പദ്ധതിയായ എക്‌സ്‌പോ 2020 ദുബായ് ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ ആലോചന. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും ആഗോള ടൂറിസം, ബിസിനസ് മേഖലകളും മറ്റ് വ്യവസായ മേഖലകളും കരകയറുന്നത് വരെ പരിപാടി നീട്ടിവെക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദുബായിലെ എക്‌സ്‌പോ സംഘാടകര്‍ വ്യക്തമാക്കി. അതേസമയം എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായും പരിപാടിയുടെ നടത്തിപ്പ് ചുമതലയുള്ള ബ്യൂറോ ഇന്റെര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സുമായും (ബിഐഇ) കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.

എക്‌സ്‌പോയുടെ ചുമതലയുള്ള യുഎഇ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കാനിരിക്കുന്ന വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെട്ട എക്‌സ്‌പോ 2020 സ്റ്റിയറിംഗ് കമ്മിറ്റിയുടെ വിര്‍ച്വല്‍ യോഗത്തിന് ശേഷമാണ് ഒരു വര്‍ഷത്തേക്ക് പരിപാടി നീട്ടിവെക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംഘാടകര്‍ അറിയിച്ചത്. പരിപാടിയുമായി മുന്നോട്ടുപോകുമെന്നതില്‍ വിദേശരാജ്യങ്ങള്‍ ഉറച്ച തീരുമാനത്തിലാണെങ്കിലും പല രാജ്യങ്ങളെയും കോവിഡ്-19 സാരമായി ബാധിച്ചിട്ടുണ്ടെന്ന് ദുബായ് എക്‌സ്‌പോ 2020യുടെ ഡയറക്ടര്‍ ജനറലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ റീം അല്‍ ഹാഷ്മി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനായി ഒരു വര്‍ഷത്തേക്ക് പരിപാടി നീട്ടിവെക്കണമെന്ന് ചിലര്‍ അഭിപ്രായം പ്രകടിപ്പിച്ചു. അഭ്യര്‍ത്ഥന മാനിച്ച് ഒരു വര്‍ഷത്തേക്ക് പരിപാടി നീട്ടിവെക്കുന്നതിനെ സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗില്‍ യുഎഇയും എക്‌സ്‌പോ 2020 ദുബായും അനുകൂലിച്ചതായി റീമ വ്യക്തമാക്കി.

ബിഐഇയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയും പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജനറല്‍ അസംബ്ലിയും ചേര്‍ന്നാണ് എക്‌സ്‌പോ മാറ്റിവെക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പരിപാടി ഒരു വര്‍ഷത്തേക്ക് നീട്ടണമെങ്കില്‍ നിര്‍ദ്ദേശത്തിന് അംഗരാജ്യങ്ങളുടെ മൂന്നിലൊന്ന് പിന്തുണയെങ്കിലും ലഭിക്കണം.

ടോക്യോ 2020 ഒളിമ്പിക്‌സ് മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലൊണ് എക്‌സ്‌പോ 2020 ദുബായും മാറ്റിവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. അടുത്ത ജൂണ്‍-ജൂലൈ കാലയളവില്‍ നടക്കാനിരുന്ന യുവേഫ യൂറോ 2020 ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വേള്‍ഡ് എക്‌സ്‌പോ എന്ന നിലയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് എക്‌സ്‌പോ 2020 ഈ വര്‍ഷം ഒക്ടോബര്‍ 20ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഏതാണ്ട് 25 ദശലക്ഷം സന്ദര്‍ശകരെയാണ് പരിപാടിയില്‍ പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ 70 ശതമാനം പേരും യുഎഇക്ക് പുറത്തുള്ളവരായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ലോകത്തെയൊന്നാകെ ലോക്ഡൗണിലാക്കിയ, 750,000 ആളുകളെ രോഗികളാക്കിയ കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം മുക്തമാകാതെ പരിപാടിയുമായി മുന്നോട്ടുപോയാല്‍ പ്രതീക്ഷിച്ചത്ര വിജയകരമാകില്ല എക്‌സ്‌പോ 2020 ദുബായിയെന്ന വിലയിരുത്തലിലാണ് സംഘാടകര്‍. പരിപാടി നീട്ടിവെക്കാനുള്ള നിര്‍ദ്ദേശത്തിന് അനുകൂല പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഐഇയുടെ സെക്രട്ടറി ജനറലായ ദിമിത്രി എസ് കെര്‍കെന്റ്‌സെസ് നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. തീര്‍ത്തും പ്രായോഗികവും തുറന്നതുമായ സമീപനമാണ് ഇക്കാര്യത്തില്‍ യുഎഇയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ശരിയായ സമയത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനവും സന്തോഷവും നല്‍കിക്കൊണ്ട് പരിപാടി നടത്താനുള്ള യുഎഇയുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതം ചെയ്ത് ഇന്ത്യയും

എക്‌സ്‌പോ നീട്ടിവെക്കാനുള്ള നിര്‍ദ്ദേശത്തെ ഇന്ത്യയുടെ എക്‌സ്‌പോ കമ്മിറ്റി ചെയര്‍മാനും യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ നവ്ദീപ് സിംഗ് സൂരി സ്വാഗതം ചെയ്തു. സുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള വളരെ ഉചിതമായ തീരുമാനമാണിതെന്നും എക്‌സ്‌പോ വേദിയില്‍ ജോലി ചെയ്യുന്ന ആളുകളുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്നും സൂരി പറഞ്ഞു. 50 മില്യണ്‍ ഡോളര്‍ ചിലവില്‍ മേളയിലെ ഏറ്റവും വലിയ പവലിയണുകളില്‍ ഒന്നാണ് ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യ പദ്ധതിയിടുന്നത്.

Comments

comments

Categories: Arabia