വേണ്ട അസാധാരണമായ പ്രതികരണം

വേണ്ട അസാധാരണമായ പ്രതികരണം

അസാധാരണമായ സാഹചര്യമാണ് കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തോടെ ഇന്ത്യയില്‍ സംജാതമായത്. അസാധാരണമായ പ്രതികരണത്തോടെ മാത്രമേ ഇതിനെ മറികടക്കാന്‍ സാധിക്കൂ. ഇന്ത്യയുടെ ഇതുവരെയുള്ള പ്രതിരോധ നടപടികള്‍ എന്തെല്ലാമായിരുന്നു. ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്?

കോവിഡ്-19നെതിരെ ഇന്ത്യയുടെ പ്രതികരണം പ്രതിരോധം ഉറപ്പാക്കുന്നതും പ്രതികരണാത്മകവും മികച്ചതും ആയിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. രാജ്യാന്തര തലത്തില്‍ ആശങ്ക ഉണര്‍ത്തുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ഡബ്ല്യു.എച്ച്.ഒ. ജനുവരി 30നു പ്രഖ്യാപിക്കും മുന്‍പു തന്നെ അതിര്‍ത്തികളില്‍ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു.

വിമാന യാത്രികരെ പരിശോധനയ്ക്കു വിധേയമാക്കുന്നതിനു തുടക്കമിട്ടതിനു പിറകെ, വിസ റദ്ദാക്കുകയും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ ഇന്ത്യ ഇതു നടപ്പാക്കി.

2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ എത്തിയതെങ്കില്‍, ഇതിനും ഏറെ മുന്‍പ്, ജനുവരി 18 മുതല്‍ തന്നെ ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന രാജ്യാന്തര യാത്രക്കാരെ ശരീരോഷ്മാവു പരിശോധനയ്ക്കു വിധേയമാക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആഗോള സാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുക കോവിഡ്-19 നാശം വിതച്ച ഇറ്റലിയും സ്‌പെയിനും ആദ്യ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത് യഥാക്രമം 25 ദിവസവും 39 ദിവസവും കഴിഞ്ഞാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത് എന്നാണ്.

യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, കൂടുതല്‍ രാജ്യങ്ങളില്‍നിന്നു വരുന്നവരെയും വിമാനത്താവളങ്ങളില്‍ എത്തുന്നവരെയും കൂടുതല്‍ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാന്‍ ഫലപ്രദമായ പല നടപടികളും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടു. ജനുവരി 17നാണ്് ചൈനയിലേക്കു പോകുന്നത് ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അടുത്ത ദിവസം തന്നെ ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന യാത്രക്കാരെ പരിശോധിക്കല്‍ തുടങ്ങി.

ജനുവരി 30ന് ചൈനയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന കര്‍ശനമായ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഫെബ്രുവരി മൂന്നിന് ചൈനീസ് പൗരന്‍മാരുടെ ഇ-വീസ സൗകര്യം റദ്ദാക്കി. ഫെബ്രുവരി 22ന് സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം. കാഠ്മണ്ഡു, ഇന്‍ഡോനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ക്കും പരിശോധന ഏര്‍പ്പെടുത്തി.

ഫെബ്രുവരി 26നാണ് ഇറാന്‍, ഇറ്റലി, കൊറിയ എന്നിവിടങ്ങൡലേക്കുള്ള യാത്ര റദ്ദാക്കണമെന്ന മാര്‍ഗനിര്‍ദേശം വന്നത്. ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കും. പരിശോധനാ ഫലം അനുസരിച്ച് ക്വാറന്റൈന്‍ എന്നതായിരുന്നു രീതി.

മാര്‍ച്ച് 3ന് സര്‍ക്കാര്‍ ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള വീസ റദ്ദാക്കി. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഹോങ്കോങ്, മക്കാവു, വിയറ്റ്‌നാം, മലേഷ്യ, ഇന്‍ഡോനീഷ്യ, നേപ്പാള്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ടോ അല്ലാതെയോ എത്തുന്നവര്‍ക്കു പരിശോധന നിര്‍ബന്ധമാക്കി.

എല്ലാ രാജ്യാന്തര വിമാന യാത്രികര്‍ക്കും നിര്‍ബന്ധിത പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കാനോ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനോ തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടു.

മാര്‍ച്ച് 5ന് ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കു പ്രവേശിക്കുംമുന്‍പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ ഏര്‍പ്പെടുത്തി. മാര്‍ച്ച് 10- മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയല്‍: രാജ്യാന്തര വിമാന യാത്രക്കാര്‍ ആരോഗ്യം സ്വയം വിലയിരുത്തുകയും ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ചെയ്യാവുന്നതും ചെയ്യരുതാത്തതും: ചൈന, ഹോങ്കോങ്, കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഇറാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ തിരിച്ചെത്തി 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

മാര്‍ച്ച് 11ന് ചൈന, ഇറ്റലി. ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ 2020 ഫെബ്രുവരി 15നു ശേഷം കഴിയുകയോ യാത്ര ചെയ്യുകയോ ചെയ്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം വന്നു.

തുടര്‍ന്ന് യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നു വരുന്ന യാത്രികര്‍ക്കും കുറഞ്ഞതു 14 ദിവസത്തേക്കു ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്‍, ടര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു പ്രവേശനം വിലക്കി.
മാര്‍ച്ച് 17- അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കു പ്രവേശനം വിലക്കി.

മാര്‍ച്ച് 22 മുതല്‍ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കി. രാജ്യാന്തര വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള വിലക്ക് 2020 ഏപ്രില്‍ 14 വരെ നീട്ടുകയും ചെയ്തു. ആഗോളതലത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ യാത്രാനിയന്ത്രണം പുതുക്കുക മാത്രമല്ല, എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്തു.

വിമാനത്താവളങ്ങളില്‍ പരിശോധനയക്കു വിധേയമാക്കപ്പെടുന്നവരില്‍ രോഗബാധയുള്ളവരെ ആശുപത്രികളിലേക്ക് അയയ്ക്കുകയോ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയോ ചെയ്തു. പരിശോധനയില്‍ കുഴപ്പമില്ലെന്നു കണ്‍െത്തിയവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പോലും സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ക്കു കൈമാറി. നിരീക്ഷണം തുടരുന്നതിന് ഉദ്ദേശിച്ചാണ് ഇത്.

30 വിമാനത്താവളങ്ങളിലും 12 വലിയ തുറമുഖങ്ങളിലും 65 ചെറിയ തുറമുഖങ്ങളിലും കര അതിര്‍ത്തിപ്രദേശങ്ങളിലും യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കി. 36 ലക്ഷത്തിലേറെ പേരെ പരിശോധിച്ചു. സ്വാധീനമുള്ള ചിലരെ പരിശോധനയ്ക്കു വിധേയമാക്കിയില്ലെന്ന ആരോപണം ശരിയല്ല. പരിശോധനയ്ക്കും നിരീക്ഷണത്തിനും ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും അതിവേഗം ഗവണ്‍മെന്റ് സമഗ്രവും ശക്തവുമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തുടക്കം മുതല്‍ തന്നെ പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളിക്കെതിരെ ഗവണ്‍മെന്റ് കരുത്തുറ്റ നടപടിയാണു കൈക്കൊണ്‍ത്. ഓരോ യാത്രികനെയും ബിസിനസോ വിനോദയാത്രയോ കഴിഞ്ഞെത്തുവരെയും വിദേശത്തുനിന്ന് എത്തുന്ന വിദ്യാര്‍ഥികളെയും പരിശോധിച്ചു.

പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാനായി നിരീക്ഷണം തുടരാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് അതതു സമയം അഭ്യര്‍ഥിച്ചിരുന്നു. നിരീക്ഷണം ഒഴിവാക്കാനോ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കാനോ ശ്രമിച്ചവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സൂക്ഷ്മതയേറിയ സംവിധാനമാണ് ഒരുക്കിയത്.

സംസ്ഥാന ഗവണ്‍മെന്റുകളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുപതും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ആറും വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തിയിരുന്നു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനും നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിനും ആയിരുന്നു ഇത്. ഇത്തരം കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളില്‍ ഒന്ന് രാജ്യാന്തര യാത്രികരെ നിരീക്ഷണ വിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്ര രോഗ നിരീക്ഷണ സംവിധാനമാണ്.

സാമ്പത്തിക പാക്കേജ്

കൊറോണ വിതച്ച ഭീതിയും അതിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലുകളും സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം സമാനതകളില്ലാത്തതാണ്. അതിനെ നേരിടാന്‍ ശക്തവും ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതവുമായ പദ്ധതികളാണ് വേണ്ടത്. സാമ്പത്തിക അവസ്ഥ നിശ്ചലമായിരിക്കെ ജനങ്ങള്‍ക്ക് പെട്ടെന്ന് ആശ്വാസകരമാകുന്ന നടപടികളാണ് ഗുണം ചെയ്യുക. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. കൊറോണകാലത്തെ അനിവാര്യത തന്നെയാണ് അത്തരം നടപടികള്‍.

റിപ്പോ നിരക്കില്‍ .75 ശതമാനം കുറവാണ് ആര്‍ബിഐ വരുത്തിയിരിക്കുന്നത്. 4.4 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് താഴ്ന്നു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മൂന്ന് മാസത്തേക്ക് വായ്പാ തിരിച്ചടവിലുള്ള മൊറട്ടോറിയമാണ്. ലോക്ക്ഡൗണ്‍ കാരണം വരുമാനം നിലച്ചുപോയ നിരവധി പേര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനമാണ് ആര്‍ബിഐ കൈക്കൊണ്ടിരിക്കുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും റിസര്‍വ്വ് ബാങ്കുകള്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും റിസര്‍വ് ബാങ്ക് കാത്തിരിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ഒടുവില്‍ കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ആര്‍ബിഐയും പങ്കുചേര്‍ന്നിരിക്കയാണ്.

എല്ലാ വായ്പയകളുടെയും തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നു എന്നത് വലിയ ആശ്വാസകരമായ നടപടിയാണ്. അതേസമയം മൊറട്ടോറിയം കാലയളവ് മൂന്ന് മാസം പോര. ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും മൊറട്ടോറിയം ഏര്‍പ്പെടുത്തേണ്ടതുണ്ട്. മൂന്ന് മാസം കഴിയുമ്പോഴേക്ക് ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം. പ്രവര്‍ത്തനമൂലധനത്തിനും മറ്റുമുള്ള ആവശ്യങ്ങള്‍ ഉദാരമായി പരിഗണിക്കാനും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്.

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ഉചിതമായി. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിരവധി ശ്രദ്ധേയമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ടത് കോവിഡ് പ്രതിരോധ, ചികില്‍സാ നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയാണ്. രോഗബാധിതരെ ചികില്‍സിക്കുന്ന ഡോക്റ്റര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ ജീവനക്കാരും ആശാ വര്‍ക്കര്‍മാരും ശുചീകരണ ജീവനക്കാരുമെല്ലാം ഇതിന്റെ പരിധിയില്‍ വരും. മൊത്തത്തില്‍ 22 ലക്ഷത്തോളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി നല്‍കാനുള്ള തീരുമാനവും ഉചിതമായി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമാണിത്. നിലവില്‍ നല്‍കുന്ന ധാന്യത്തിന് പുറമേയാണിത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വലിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. നേരത്തെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചണ്‍ നടക്കമുള്ള പദ്ധതികള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മാസത്തില്‍ കുറഞ്ഞത് 15 കിലോ റേഷന്‍ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. നിലവില്‍ എഎവൈ കുടുംബങ്ങള്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കുകയും ചെയ്യും.

അസാധാരണമായ നടപടികള്‍

പോയ വര്‍ഷം അവസാനം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 വൈറസ് ഇതിനോടകം 175ലധികം രാജ്യങ്ങളിലും നാശം വിതച്ചുകഴിഞ്ഞു. വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രമേ ഇതില്‍ നിന്നും ലോകം പൂര്‍ണമായി മുക്തമാകൂ. അസാധാരണമായ സാഹചര്യത്തില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി ഉചിതമായെന്നാണ് പൊതുവിലയിരുത്തലുകള്‍. ഇനിയും അസാധാരണമായ നടപടികള്‍ അനിവാര്യമായേക്കാവുന്ന സാഹചര്യത്തിലേക്കാണ് നാം നടന്നുനീങ്ങുന്നത്.

Categories: FK Special, Slider
Tags: Covid 19