കൊറോണ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു; പക്ഷേ ഈ രാജ്യങ്ങള്‍ ഇപ്പോഴും കൊറോണ മുക്തമാണ്

കൊറോണ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു; പക്ഷേ ഈ രാജ്യങ്ങള്‍ ഇപ്പോഴും കൊറോണ മുക്തമാണ്

ന്യൂഡല്‍ഹി: അതിവേഗം പടരുന്ന കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പേരെ ബാധിക്കുകയും പതിനായിരക്കണക്കിന് ആളുകളെ മരണത്തിലേക്കു നയിക്കുകയും ചെയ്തു. എന്നാല്‍ കൊറോണ വൈറസ് ഇപ്പോഴും കടന്നു ചെല്ലാത്ത വിദൂര സ്ഥലങ്ങളുണ്ട്. അത്തരമൊരു സ്ഥലമാണു വടക്കന്‍ പസഫിക്കില്‍ സ്ഥിതി ചെയ്യുന്ന പലാവു ദ്വീപ്. ഇവിടെ ജനസംഖ്യ 18,000 ആണ്. ടൂറിസമാണ് ദ്വീപുനിവാസികളുടെ പ്രധാന വരുമാനം. ഇതു വരെ ഒരു കോവിഡ്-19 പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലാവു ദ്വീപ് പസഫിക് സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഇത് വൈറസിന്റെ ആക്രമണത്തില്‍നിന്നും പലാവു ദ്വീപിനെ രക്ഷിച്ചിരിക്കുകയാണെന്നു വേണം കരുതാന്‍. പലാവു ദ്വീപ് അയല്‍രാജ്യമായ ഗുവാമില്‍നിന്നാണു ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നത്. ഗുവാമില്‍ 50 ഓളം കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടോംഗ, സോളമന്‍ ദ്വീപുകള്‍, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ എന്നീ രാജ്യങ്ങളെയും കോവിഡ്-19 ബാധിച്ചിട്ടില്ല. ഈ രാജ്യങ്ങളിലെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളാണു കോവിഡ്-19 ല്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണു അനുമാനിക്കുന്നത്. സമോവ, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉത്തര കൊറിയ, അന്റാര്‍ട്ടിക്കയിലെ തണുത്തുറഞ്ഞ താവളങ്ങള്‍ എന്നിവയും കോവിഡ്-19 മുക്തമാണെന്ന് റിപ്പോര്‍ട്ടുണ്ട്. വിദൂരതയില്‍ കഴിയുന്ന രാജ്യങ്ങളില്‍ കോവിഡ്-19 ബാധിക്കില്ലെന്നു പൊതുവേ വിശ്വസിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം പലാവു ദ്വീപിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന നോര്‍ത്തേണ്‍ മരിയാന ദ്വീപുകളില്‍ കഴിഞ്ഞയാഴ്ച കോവിഡ്-19 ആദ്യ കേസ് സ്ഥിരീകരിക്കുകയുണ്ടായി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Corona