കൊറോണക്കാലത്ത് ചൈനയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ തിരിച്ചയച്ച് ലോകരാജ്യങ്ങള്‍

കൊറോണക്കാലത്ത് ചൈനയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ തിരിച്ചയച്ച് ലോകരാജ്യങ്ങള്‍
  • നിലവാരമില്ലാതെ ചൈനീസ് ‘മുഖംമൂടി’കള്‍
  • കൊറോണക്കെതിരെ പോരാടുന്നതിനായി ബെയ്ജിംഗില്‍നിന്നും മാസ്‌കുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങവ ഇറക്കുമതിചെയ്യരുതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്

കോവിഡ്-19 ലോകമാകെ വിനാശം വിതക്കുന്ന ഈ സാഹചര്യത്തില്‍ അതിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അനുകൂല നിലപാട് സ്വീകരിക്കരുതെന്ന മുന്നറിയിപ്പാണ് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം) നല്‍കുന്നത്. മഹാമാരിക്കെതിരെ പോരാടാന്‍ ബെയ്ജിംഗില്‍നിന്നും മാസ്‌കുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ഇറക്കുമതി ചെയ്യരുതെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന് നിരവധി കാരണങ്ങളും അവര്‍ മുന്നോട്ടുവെയ്ക്കുന്നു. അതില്‍ പ്രധാനം ചൈനയുടെ ഉപകരണങ്ങളും വെന്റിലേറ്ററുകളും വിശ്വാസയോഗ്യമല്ലെന്നുള്ളതാണ്. ഈ പ്രതിസന്ധിയുടെ സാഹചര്യത്തിലും അത് തെളിയിക്കപ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇക്കാരണത്താല്‍ തിരിച്ചയക്കുന്നു. മാര്‍ച്ച് 21നാണ് ചൈനയില്‍നിന്നും നെതര്‍ലാന്‍ഡ്‌സില്‍ സംരക്ഷണ ഉപകരണങ്ങള്‍ എത്തിയത്. വിതരണം ചെയ്യപ്പെട്ട ആറ്‌ലക്ഷത്തോളം മാസ്‌കുകളാണ് അവര്‍ ഇപ്പോള്‍ തിരിച്ചുവിളിച്ചത്. അവയുടെ ഫില്‍ട്ടറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കാം.

ചൈനയുടെ ഉപകരണങ്ങളും വെന്റിലേറ്ററുകളും വിശ്വാസയോഗ്യമല്ലെന്നും ഈ നിര്‍ണായക സമയത്ത് ഇന്ത്യ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കരുതെന്നും എസ്ജെഎം ദേശീയ കോ-കണ്‍വീനര്‍ അശ്വിനി മഹാജന്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ സാഹചര്യം വിശദീകരിച്ച് കര്‍ണാടക സര്‍ക്കാരിനും സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദ്രുത ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഒരു ചൈനീസ് നിര്‍മാതാവുമായി ഇപ്പോള്‍ ചര്‍ച്ച നടത്തിവരികയാണ്. ടെസ്റ്റിംഗ് കിറ്റുകള്‍ ഇറക്കുമതി ചെയ്യരുതെന്ന് തങ്ങള്‍ യെദിയൂരപ്പയെ സംഘടന ഉപദേശിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാനും ഇന്ത്യയെ കൂടുതല്‍ അണുബാധയില്‍ നിന്ന് രക്ഷിക്കാനും തങ്ങള്‍ റെയ്ല്‍വേ മന്ത്രി പീയൂഷ് ഗോയലിനോടും പ്രധാനമന്ത്രിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക് എന്നിവര്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടെസ്റ്റ് കിറ്റുകള്‍ മടക്കിനല്‍കുകയാണെങ്കില്‍, നാം എന്തിന് അതിന് തയ്യാറാകണം എന്ന് മഹാജന്‍ ചോദിക്കുന്നു. അതേ സമയം ചൈനയിലെ ആലിബാബ ഫൗണ്ടേഷനില്‍നിന്ന് ഇന്ത്യക്ക് മെഡിക്കല്‍ സപ്ലൈസ് ഇതിനകം ലഭിച്ചുകഴിഞ്ഞു.

ഇതുകൂടാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ നേടുന്നതിനായി ഒരു ആഗോള ടെണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വിതരണക്കാര്‍ സഹകരിക്കുമെന്നാണ്് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയും ഇന്ത്യയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ മെഡിക്കല്‍ രംഗത്ത് നിലവാരമില്ലാത്ത സംരക്ഷണ ഉപകരണങ്ങളും മറ്റും വ്യാപിക്കുന്നതിന് കാരണമാകുമെന്നാണ് എസ്‌ജെഎമ്മിന്റെ വിലയിരുത്തല്‍. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ ഇന്ന് ചൈനീസ് മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കുമ്പോള്‍ അത് ഇന്ത്യക്ക് ഒരു പാഠമാകണം എന്ന് സംഘടന മുന്നറിയിപ്പു നല്‍കുന്നു. വുഹാനില്‍ കൊറോണയുടെ വ്യാപനത്തെ ചെറുക്കാന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.

ചൈനയില്‍ നിന്നുള്ള മാസ്‌കുകളും ടെസ്റ്റിംഗ് കിറ്റുകളും മറ്റും തിരികെ നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറായതിനെത്തുടര്‍ന്ന് അവരുടെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളും ഇക്കാരണത്താല്‍ ചൈനയോട് അടുക്കാന്‍ വിമുഖത കാട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ബെയ്ജിംഗിന്റെ ഉപകരണങ്ങള്‍ക്കായി ശ്രമിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഒരു ചൈനീസ് കമ്പനിയില്‍ നിന്ന് വാങ്ങിയ വന്‍തോതിലുള്ള ദ്രുത പരിശോധന കിറ്റുകള്‍ മടക്കിനല്‍കുമെന്ന് സ്‌പെയിന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കര്‍ണാടകാ സര്‍ക്കാര്‍ അത് സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. തുര്‍ക്കിയുടെയും ആശങ്കകള്‍ സമാനമാണ്. ടെസ്റ്റിംഗ് കിറ്റുകള്‍ക്ക് നിലവാരമില്ലെന്ന് അവരും പ്രഖ്യാപിച്ചു കഴിഞ്ഞു.

നെതര്‍ലാന്‍ഡ്‌സിലാകട്ടെ വിതരണം നടന്നതിനുശേഷമാണ് മാസ്‌കുകളുടെ പരിശോധന നടന്നത്. അതാണ് അവര്‍ ആറുലക്ഷത്തോളം മാസ്‌കുകള്‍ തിരിച്ചെടുക്കാന്‍ ആശുപത്രികളോട് അധികൃതര്‍ ആവശ്യപ്പെട്ടത്. ചെക്ക് റിപ്പബ്ലിക്കിലേക്ക് ചൈന അയച്ച ടെസ്റ്റിംഗ് കിറ്റുകളില്‍ 80 ശതമാനവും നിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചത് ആഴ്ചകള്‍ക്കുള്ളിലാണ്. അതിനാല്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ച് ചൈനീസ് ഉപകരണങ്ങളുടെ പുറകേ പോകുന്നത് അവസാനിപ്പിക്കണമെന്നാണ് സംഘടന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത്.

ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഘടകങ്ങളുടെ അഭാവത്തില്‍ എന്‍-95 മാസ്‌കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉല്‍പ്പാദനത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇത് ഉപകരണങ്ങളുടെ വിതരണ രംഗത്ത് പ്രതിസന്ധിയും സൃഷ്ടിച്ചു. ”വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന നിരവധി ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഞങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ കൂടുതലും ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള്‍, ഞങ്ങളുടെ തദ്ദേശീയ കമ്പനികളില്‍ നിന്ന് ഘടകങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. പക്ഷേ വമ്പിച്ച ഓര്‍ഡറുകളായതിനാല്‍ ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെടുക്കും, ”വെന്റിലേറ്ററുകളുടെ നിര്‍മാതാവ് പറഞ്ഞു. ഈ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന്, ശസ്ത്രക്രിയ, ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത് സര്‍ക്കാര്‍ മാര്‍ച്ച് 19 ന് നിരോധിച്ചിരുന്നു. അതേസമയം, മതിയായ മാസ്‌കുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സ്വന്തമായി നിര്‍മിക്കാനുള്ള ശേഷി നമുക്കുണ്ടെന്ന് മഹാജന്‍ പറയുന്നു. മൈസൂരു ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് മാത്രം ഒരു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ കഴിയും. തദ്ദേശീയ ശേഷി വര്‍ധിപ്പിക്കുന്നതിനും നമ്മുടെ പ്രാദേശിക കമ്പനികളെ വിശ്വാസത്തിലെടുക്കുന്നതിനുമുള്ള സമയമാണിത്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍, പ്രാദേശിക സ്റ്റോറുകകളാണ് ആളുകളെ സഹായിക്കുന്നത് , അല്ലാതെ ആമസോണോ ഫ്‌ളിപ്കാര്‍ട്ടോ അല്ല. ”ആമസോണിന് എന്ത് സംഭവിച്ചു, ഫ്‌ലിപ്കാര്‍ട്ട് എവിടെ? അവര്‍ അവരുടെ ഡെലിവറി അവസാനിപ്പിച്ചു. പ്രാദേശിക കിരാന ഷോപ്പുകള്‍ മാത്രമാണ് ഇന്ത്യക്കാരെ രക്ഷിക്കുന്നത്. അതിനാല്‍, ഞങ്ങളുടെ നിര്‍മാതാക്കളെ വിശ്വസിക്കുക, ചൈനക്കാരെ ആശ്രയിക്കരുത്, ”അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ഇതുകൂടാതെയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വിവിധ ചൈനീസ് കമ്പനികളുടെ വ്യക്തമായ മേധാവിത്വം ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഇന്ത്യയിലെ ഇ കൊമേഴ്‌സ് വിപണിയില്‍ നിന്ന് അവര്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്.
ചൈനീസ് ഇകൊമേഴ്സ് സ്ഥാപനങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ഷോപ്പര്‍മാരില്‍ നിന്ന് പ്രതിദിനം രണ്ട് ലക്ഷം ഓര്‍ഡറുകള്‍ നേടുന്നുണ്ടെന്നും കൊറിയര്‍ വഴി അവര്‍ സാധനങ്ങള്‍ എത്തിക്കുന്നുവെന്നും പേയ്മെന്റ് ഗേറ്റ്വേകള്‍, കസ്റ്റംസ് ഡ്യൂട്ടികള്‍,ജിഎസ്ടി എന്നിവ സംബന്ധിച്ച നിരവധി ഇന്ത്യന്‍ നിയമങ്ങളെ അവര്‍ ഒഴിവാക്കുന്നുവെന്നും എസ്ജെഎമ്മിന്റെ ആഭ്യന്തര ഗവേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് കസ്റ്റംസ് റൂട്ടിലൂടെതന്നെ ആകണമെന്നും അതുവരെ അവിടെനിന്നുള്ള ഈരീതിയിലുള്ള ഷിപ്‌മെന്റുകള്‍ നിര്‍ത്തിവെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

Comments

comments

Categories: Top Stories