ഓട്ടോ രംഗത്ത് മാര്‍ച്ചില്‍ 40-80% വില്‍പ്പന ഇടിവ്

ഓട്ടോ രംഗത്ത് മാര്‍ച്ചില്‍ 40-80% വില്‍പ്പന ഇടിവ്
  • ഇരുചക്ര വാഹന വില്‍പ്പനയില്‍ 45% കുറവ്
  • ട്രക്ക് വില്‍പ്പനയില്‍ 71% ഇടിവുണ്ടായി

മുംബൈ: ഓട്ടോ നിര്‍മാതാക്കള്‍ക്ക് മാര്‍ച്ച് സമ്മാനിച്ചത് ദുരിതങ്ങളുടെ മാസമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വില്‍പ്പനയാണ് കഴിഞ്ഞമാസമുണ്ടായത്. കോവിഡ് 19 വെല്ലുവിളിയെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വില്‍പ്പനയില്‍ വിവിധ സെഗ്മെന്റുകളിലായി 40-80 ശതമാനം വില്‍പ്പനയിടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ച്ചിലെ വില്‍പ്പനയില്‍ 2016ല്‍ നോട്ട് അസാധുവാക്കലിനു ശേഷവും 2017ല്‍ ചരക്ക് സേവന നികുതി നടപ്പാക്കിയതും 2008ലെ ആഗോള സാമ്പത്തിക മാന്ദ്യ കാലയളവിലുമാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഓട്ടോ രംഗത്തുണ്ടായത്. യാത്രാ വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ചില്‍ 145,000 മുതല്‍ 150000 വാഹനങ്ങളായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാന മാസത്തിലുണ്ടായ വില്‍പ്പനയുടെ പകുതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇരുചക്ര വാഹന വില്‍പ്പന 45 ശതമാനം ഇടിവോടെ ദശലക്ഷക്കണക്ക് യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. ട്രക്ക് വിഭാഗത്തില്‍ വിറ്റഴിഞ്ഞത് 25000-30000 വാഹനങ്ങള്‍ മാത്രം. 70 ശതമാനം ഇടിവാണ് ഈ വിഭാഗത്തില്‍ മാത്രമുണ്ടായിരിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ സംയോജിത വില്‍പ്പന 2015-16 വര്‍ഷത്തേതിനു സമാനമാകുമെന്നാണ് വിലയിരുത്തല്‍. മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വാഹന സെഗ്മെന്റിലെ മൊത്തം വില്‍പ്പന 230,000 വാഹനങ്ങള്‍ മാത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് 2014-15ല്‍ വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണത്തിന് തുല്യമാണ്.

ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതിനു പുറമെ സ്‌റ്റോക്കില്‍ വന്ന കുറവും ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങളും മറ്റും കാരണം ഓട്ടോ മേഖല പാടെ തകര്‍ച്ചയിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തല്‍. ഇതിനെല്ലാം പുറമെ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടല്‍ കൂടിയായതോടെ റീട്ടെയ്ല്‍, മൊത്തവ്യാപാര രംഗത്ത് വന്‍ പ്രതിസന്ധിക്ക് കളമൊരുങ്ങിയിരിക്കുകയാണെന്ന് വിപണി വിദഗ്ധരും ഓട്ടോ നിര്‍മാതാക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. വരും മാസങ്ങളിലെ ഉത്സവ സീസണ്‍ പ്രമാണിച്ച് മാര്‍ച്ച് ആദ്യ പകുതിയിലെ റീട്ടെയ്ല്‍ വില്‍പ്പന മികച്ചതായിരുന്നതായി മിക്ക വ്യാപാരികളും ചൂണ്ടിക്കാണിക്കുന്നു.

അടച്ചുപൂട്ടലായതോടെ രാജ്യത്തെ മിക്ക ഷോറൂമുകളും അടച്ചിടേണ്ടി വന്നത് ഓട്ടോ മേഖലയില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. പാസഞ്ചര്‍ കാര്‍ വില്‍പ്പനയിലും ഇരുചക്ര വാഹന വില്‍പ്പനയിലും ട്രക്കുകളിലുമുണ്ടായ ഇടിവ് നികത്താന്‍ കാലതാമസമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഷോറൂമുകള്‍ക്കൊപ്പം നിര്‍മാണ ശാലകള്‍ കൂടി അടയ്‌ക്കേണ്ടി വന്നതോടെ മേഖലയിലെ പ്രതിസന്ധി പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ മാസം തോറുമുള്ള വില്‍പ്പനയില്‍, പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ 2008 നവംബറിലാണ് 24 ശതമാനം ഇടിവോടെ ഏറ്റവും വലിയ കുറവുണ്ടായത്. അതേ വര്‍ഷം ഡിസംബറില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 18 ശതമാനം ഇടിവുണ്ടായി. സമാന മാസത്തില്‍ ട്രക്ക് വില്‍പ്പന 71 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

ജനുവരിയില്‍ ചൈനയിലെ പാസഞ്ചര്‍ കാര്‍ വില്‍പ്പന 15-20 ശതമാനം ഇടിഞ്ഞപ്പോള്‍ ഫെബ്രുവരിയില്‍ അത് 70-80 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുണ്ടായെന്ന് ക്രിസില്‍ റിസര്‍ച്ച് ഡയറക്റ്റര്‍ ഹേതള്‍ ഗാന്ധി വ്യക്തമാക്കി. ഇന്ത്യയിലും സമാന രീതിയിലുള്ള ഇടിവാകും ഓട്ടോരംഗത്തുണ്ടാകാന്‍ സാധ്യതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Auto sector