വര്‍ക്ക് ഫ്രം ഹോം അവസരമല്ല, ഉത്തരവാദിത്വമാണ്

വര്‍ക്ക് ഫ്രം ഹോം അവസരമല്ല, ഉത്തരവാദിത്വമാണ്

കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ജീവനക്കാരനെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് വര്‍ക്ക് ഫ്രം ഹോം കാലയളവില്‍ ഒരു സ്ഥാപനം ചെയ്യുന്നത്. അതിനനുസൃതമായ അച്ചടക്കവും ഉത്തരവാദിത്തവും ജീവനക്കാരനില്‍ നിന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഐടി സ്ഥാപനങ്ങളുള്‍പ്പെടെ നല്ലൊരു വിഭാഗം കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ്. സ്വന്തമായി ലാപ്‌ടോപ്പ് ഇല്ലാത്തവര്‍ക്ക് സ്ഥാപനം അതും നല്‍കിയാണ് വര്‍ക്ക് ഫ്രം ഹോം എന്ന നിലക്ക് വീട്ടിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ തൊഴിലാളികള്‍ ഒന്നറിയണം വര്‍ക്ക് ഫ്രം ഹോം അവസരമല്ല, ഉത്തരവാദിത്വമാണ്.

ഓഫീസില്‍ ഇരുന്നു ചെയ്യുന്നതിന്റെ ഇരട്ടി ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി വേണം ഈ കലയളവില്‍ ജോലി പൂര്‍ത്തിയാക്കാന്‍. ജോലി ചെയ്യുന്നത് വീട്ടിലിരുന്നാണെങ്കിലും അച്ചടക്കവും ഉത്തരവാദിത്തവും ജീവനക്കാരനില്‍ നിന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

1 വേണം അടക്കും ചിട്ടയും

നിങ്ങള്‍ വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ നിങ്ങളുടെ ജോലി മോണിറ്റര്‍ ചെയ്യപ്പെടുന്നില്ല എന്ന ധാരണ വേണ്ട . ഓഫീസില്‍ എങ്ങനെയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആ അച്ചടക്കവും കൃത്യതയും വര്‍ക്ക് ഫ്രം ഹോം കാലയളവിലും അനിവാര്യമാണ്. കോടിക്കണക്കിനു ആളുകള്‍ക്ക് തൊഴില്‍ നഷ്ടം വരാനിടയുള്ള സാഹചര്യത്തില്‍ നിങ്ങളുടെ സ്ഥാപനം വര്‍ക്കിക്ക് ഫ്രം ഹോം രീതിയിലൂടെ നിങ്ങളുടെ ജോലി ഉറപ്പാക്കുന്നുണ്ടെങ്കില്‍ അതിനുള്ള നന്ദി പ്രകടമാകണം.ഓഫീസ് ഡാറ്റ കൃത്യമായി സംരക്ഷിക്കണം.

2 ഓഫീസ് ജോലികള്‍ പേഴ്സണല്‍ ഇമെയിലില്‍ വേണ്ട

വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം ഓഫീസ് ഡാറ്റകളുടെ സംരക്ഷണമാണ്.ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തിഗത ഇമെയിലിലും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യുന്നത് അബദ്ധത്തില്‍ ഡേറ്റ ചോരാന്‍ ഇടയാക്കാം. നിങ്ങള്‍ക്കും കമ്പനിക്കും അപകടരമായ പ്രത്യാഘാതങ്ങള്‍ ഇതുണ്ടാക്കും. ടീം വ്യൂവര്‍ പോലുള്ള സോഫ്റ്റ്വെയറുകളിലൂടെ ഓഫീസ് സിസ്റ്റം ആക്‌സസ് ചെയ്തുകൊണ്ട് ചെയ്യാനാകുന്ന ജോലികള്‍ അങ്ങനെ ചെയ്യുക.

3 ഹാക്കിംഗ് ശ്രദ്ധിക്കുക

വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഹാക്കര്‍മാര്‍ റാന്‍സംവെയര്‍ ഉപയോഗിച്ച് ഓഫീസ് സിസ്റ്റം ഹാക്ക് ചെയ്യാനുള്ള ശ്രമവും തുടരുന്നുണ്ട്. ഈ അവസരത്തില്‍ ഹാക്കര്‍മാരില്‍ നിന്നു സംരക്ഷിക്കാന്‍ ഒരു വിപിഎന്‍ സര്‍വീസ് ഉപയോഗിക്കുന്നത് നന്നായിരിക്കും.മാത്രമല്ല, നിങ്ങള്‍ ഉപയോഗിക്കാത്തപ്പോള്‍ ഓഫീസ് ലാപ്ടോപ്പ് നിര്‍ബന്ധമായും ലോക്ക് ചെയ്യണം. വീട്ടിലെ മറ്റുവ്യക്തികള്‍ അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ലാപ് ഉപയോഗിക്കുന്നതിനു അവസരം നല്‍കരുത്.

4 ജോലിക്കും വ്യക്തിഗത സെര്‍ച്ചിനും ഒരേ ബ്രൗസര്‍ പാടില്ല

നിങ്ങളുടെ ഓഫീസ് ജോലിക്കും വ്യക്തിഗത ഇന്റര്‍നെറ്റ് പരതലിനും ഒരു ബ്രൗസര്‍ തന്നെ ഉപയോഗിക്കരുത്. നിങ്ങളുടെ സേര്‍ച്ച് റിസല്‍ട്ടുകള്‍ ഓഫീസ് മെയിലുകളില്‍ പരസ്യ ശുപാര്‍ശകളായി അവതരിക്കുന്നത് മോശം പ്രവണതയാണ്. ഓഫീസ്ടൈം ദുരുപയോഗപ്പെടുത്തി വ്യക്തിഗത സെര്‍ച്ച് നടത്തുന്നു എന്ന തോന്നലും ഇത് മേലധികാരികളില്‍ ഉണ്ടാക്കും.

5 സ്വസ്ഥമായ ഇടം കണ്ടെത്തുക

അത് പോലെ തന്നെ ജോലി ചെയ്യുന്നതിനായി ഒരിടം കണ്ടെത്തുമ്പോള്‍ അത് സ്വകാര്യമായ ഇടമാകാന്‍ ശ്രദ്ധിക്കുക. വീട്ടിലെ സ്വീകരണമുറിയില്‍ ഇരുന്നുള്ള ജോലി പലപ്പോഴും മറ്റുള്ളവരുടെ അതിപ്രസരം മൂലം ദുര്‍ഘടമാകും.ജോലിയുമായി ബന്ധപ്പെട്ട ഫോള്‍ഡറും വ്യക്തിഗത ഫോള്‍ഡറുകളും വേര്‍തിരിച്ചു മാറ്റിയിടുക. നിങ്ങളുടെ ഓഫീസ് സിസ്റ്റത്തില്‍ വ്യക്തിപരമായ ഫയലുകള്‍ സൂക്ഷിക്കരുത്. കമ്പനിയുടെ ഐടി വകുപ്പിന് അവയെല്ലാം നോക്കാന്‍ ചിലപ്പോള്‍ അനുമതി ഉണ്ടായേക്കാം.

Comments

comments

Categories: FK Special