എണ്ണസമ്പന്ന രാജ്യങ്ങളിലെ വെല്‍ത്ത് ഫണ്ടുകള്‍ 225 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നു

എണ്ണസമ്പന്ന രാജ്യങ്ങളിലെ വെല്‍ത്ത് ഫണ്ടുകള്‍ 225 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നു
  • പണലഭ്യതയും നാണ്യശേഖരവും ഉറപ്പാക്കുക പ്രാധാനലക്ഷ്യം
  • കഴിഞ്ഞ ആഴ്ചകളില്‍ 100-150 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചിരിക്കാം
  • വരുംമാസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന് ജെപി മോര്‍ഗന്‍ ബാങ്കിലെ നിക്കോളാസ് പനിഗിര്‍ത്സോഗ്ലു

റിയാദ്: എണ്ണവിലത്തകര്‍ച്ചയും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കാന്‍ തുടങ്ങിയതോടെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍, പ്രധാനമായും പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളില്‍ ഉള്ളവ അവരുടെ ഉടമസ്ഥതയിലുള്ള
225 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ തയാറെടുക്കുന്നതായി ജെപി മോര്‍ഗന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലെ മുതിര്‍ന്ന ഗവേഷകനായ നിക്കോളാസ് പനിഗിര്‍ത്സോഗ്ലു. കൊറോണ വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ താറുമാറാക്കുകയും ഓഹരിവിപണികളെ നഷ്ടത്തിലേക്ക് തള്ളിയിടുകയും ചെയ്തതോടെ എണ്ണയില്‍ അധിഷ്ഠിതമായവയും അല്ലാത്തതുമായ സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍ അവര്‍ക്ക് കീഴിലുള്ള ഓഹരികളുടെ മൂല്യത്തില്‍ ഏതാണ്ട് 1 ട്രില്യണ്‍ ഡോളറിന്റെ നഷ്ടത്തിനാണ് സാക്ഷിയായത്. ഇതാണ് കൂടുതല്‍ നഷ്ടങ്ങള്‍ ഏറ്റുവാങ്ങാതെ ഓഹരികള്‍ വിറ്റഴിക്കാന്‍ വെല്‍ത്ത് ഫണ്ടുകളെ പ്രേരിപ്പിക്കുന്നത്.

സൊവറീന്‍ വെല്‍ത്ത് ഫണ്ടുകളില്‍ നിന്ന് ലഭ്യമായ കണക്കുകളും ഗവേഷണ സംഘടനയായ സോവറീന്‍ വെല്‍ത്ത് ഫണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിവരങ്ങളും ആസ്പദമാക്കിയാണ് നിക്കോളാസ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്. ഇക്വിറ്റി നിക്ഷേപങ്ങളുമായി മുന്നോട്ടുപോയി കൂടുതല്‍ നഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടതില്ലെന്നാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലെ ചില ഫണ്ടുകള്‍ കരുതുന്നത്. എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം വരുമാനം ഇടിഞ്ഞതും അടിയന്തര ബജറ്റുകള്‍ക്കായി ഭരണകൂടം ധൃതികൂട്ടുന്ന വേളയില്‍ ചിലവിടല്‍ കത്തിക്കയറുന്നതുമായ സാമ്പത്തിക സ്ഥിതിവിശേഷമാണ് ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ അഭിമുഖീകരിക്കുന്നത്.

നോര്‍വെ ഒഴിച്ച് എണ്ണ ഉല്‍പ്പാദകരായ സൊവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍ കഴിഞ്ഞ ആഴ്ചകളിലായി 100-150 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് നിക്കോളാസ് പറഞ്ഞു. വരുംമാസങ്ങളില്‍ 50-75 ബില്യണ്‍ ഡോളറിന്റെ ഓഹരികളും വില്‍ക്കാനും സാധ്യതയുണ്ട്. വിപണിമൂല്യം വളരെ കുറഞ്ഞതിന് ശേഷം ആസ്തികള്‍ വില്‍ക്കുന്നതിനേക്കാളും പല തവണയായി ഇത്തരത്തില്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് വെല്‍ത്ത് ഫണ്ടുകളുടെ ഭാഗത്ത് നിന്നുള്ള വിവേകപൂര്‍വ്വമായ ഇടപെടലായി വേണം കരുതാനെന്ന് നിക്കോളാസ് അഭിപ്രായപ്പെട്ടു.

എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാരുകള്‍ ഫണ്ടിംഗ് ആവശ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ എണ്ണ ഉല്‍പ്പാദകരായ വെല്‍ത്ത് ഫണ്ടുകളെ സംബന്ധിച്ചെടുത്തോളം മതിയായ നാണ്യശേഖരം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. 2018 ഒക്ടോബറില്‍ ബാരലിന് 70 ഡോളറിന് മുകളില്‍ വില എത്തിയ എണ്ണവിപണിയുടെ പതനം ആരംഭിച്ചതിന് ശേഷം മിക്കവാറും വെല്‍ത്ത് ഫണ്ടുകളും അവരുടെ ധനസ്ഥിതി ക്രമേണ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് വെല്‍ത്ത് ഫണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് നിക്കോളാസ് പറയുന്നു. നാണ്യശേഖരത്തിന് പുറമേ, ട്രഷറി ബില്ലുകള്‍ പോലുള്ള ഹ്രസ്വകാല ധന വിപണി ഉപാധികളില്‍ നിന്നും അവസാന രക്ഷാമാര്‍ഗമെന്ന നിലയില്‍ മൂല്യമേറിയ ആസ്തികളിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചും അധിക പണ ലഭ്യത ഉറപ്പുവരുത്തുന്ന കാര്യം ഇവരുടെ പരിഗണനയിലുണ്ടെന്ന് വെല്‍ത്ത് ഫണ്ട് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ധനശേഖരം ഉറപ്പുവരുത്തുന്നതിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതായി നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡ്‌വൈസേഴ്‌സിലെ പോളിസി റിസേര്‍ച്ച് വിഭാഗം മേധാവി എല്ലിയോട്ട് ഹെന്റോവ് പറഞ്ഞു. അതേസമയം പെട്ടന്നുള്ള പരിഭ്രാന്തിയെ തുടര്‍ന്നുള്ള നീക്കമല്ല ഇതെന്നും ക്രമേണയുള്ള മാറ്റമാണെന്നും എല്ലിയോട്ട് വ്യക്തമാക്കി.

ഓഹരി വിപണികളുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടം ഓഹരികള്‍ വിറ്റ് നികത്തുക, ആവശ്യം വരുമ്പോള്‍ ഓഹരികള്‍ വാങ്ങി തിരിച്ചുവരവ് നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വെല്‍ത്ത് ഫണ്ടുകള്‍ ഓഹരി നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍ക്ക് ഏതൊക്കെ കമ്പനികളില്‍ എത്രത്തോളം ഓഹരി നിക്ഷേപമുണ്ടെന്ന വിവരം രഹസ്യമാണ്. മിക്ക ഫണ്ടുകളും അവര്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം പുറത്തുവിടാറില്ല. ഓഹരി വിപണികളുടെ തകര്‍ച്ചയെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 124 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി നോര്‍വെയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ 65 ശതമാനമുള്ള ഓഹരി ഉടമസ്ഥത, ഫണ്ട് ലക്ഷ്യമിടുന്ന 70 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഒരു ഘട്ടത്തില്‍ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങുമെന്ന് ഫണ്ടിന്റെ സിഇഒ ആയ യെന്‍ഗ്വെ സ്ലിംഗ്സ്റ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സാമ്പത്തിക ചിലവിടലിന് പണം കണ്ടെത്തുന്നതിനായി വെല്‍ത്ത് ഫണ്ടിന് കീഴിലുള്ള ബോണ്ടുകള്‍ വില്‍ക്കുമെന്നും സ്ലിംഗ്‌സ്റ്റഡ് അറിയിച്ചു.

Comments

comments

Categories: Arabia
Tags: Wealth fund