വെന്റലേറ്ററുകളുടെയും മാസ്‌ക്കുകളുടെയും തീരുവ ഒഴിവാക്കുന്നു

വെന്റലേറ്ററുകളുടെയും മാസ്‌ക്കുകളുടെയും തീരുവ ഒഴിവാക്കുന്നു

മൂന്ന് മുതല്‍ ആറ് മാസം വരെ വിവിധ ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും ഐജിഎസ്ടിയും ഇല്ലാതാക്കുന്നതാണ് പരിഗണിക്കുന്നത്

ന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി വെന്റിലേറ്ററുകള്‍, സുരക്ഷാ മാസ്‌കുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) എന്നിവയുള്‍പ്പെടെ വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഈ ഉല്‍പ്പന്ന ഇനങ്ങളുടെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) നീക്കം ചെയ്യുന്നതിനും വിവിധ മന്ത്രാലയങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലാണ് എടുക്കേണ്ടത്.
15 ഓളം ഉല്‍പ്പന്ന വിഭാഗങ്ങളില്‍ കസ്റ്റംസ് തീരുവയും ഐജിഎസ്ടിയും ഒഴിവാക്കാനുള്ള നിര്‍ദേശം റവന്യൂ വകുപ്പ് പരിഗണിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും പുറമേ, വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചില അസംസ്‌കൃത വസ്തുക്കളും നികുതിയില്‍ നിന്ന് ഇളവ് നല്‍കുന്നതിനായി വാണിജ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍, ഈ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ മാത്രം രാജ്യത്തിനകത്തെ ആവശ്യകത നിറവേറ്റാനാകില്ല. ആവശ്യമുള്ള പ്രധാന ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ധനവിനും ഇത് കാരണമായിട്ടുണ്ട്. ചില മാനുഫാക്ചറിംഗ് കമ്പനികള്‍ ആവശ്യകതയിലെ വര്‍ധന പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കസ്റ്റംസ് തീരുവ ഒഴിവാക്കുന്നത് ഈ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സഹായകമാകുമെന്നാണ് വാണിജ്യ വകുപ്പ് വിലയിരുത്തുന്നത്.

മാരകമായ വൈറസിനെതിരായ പോരാട്ടത്തില്‍ ആവശ്യമായ ചില ഇനങ്ങള്‍ ആരോഗ്യ മന്ത്രാലയവും ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പും കൂടി ശുപാര്‍ശ ചെയ്തിട്ടുള്ളതിനാല്‍ തീരുവ ഒഴിവാക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കപ്പെടാം. മൂന്ന് മുതല്‍ ആറ് മാസം വരെ ഈ ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും ഐജിഎസ്ടിയും ഇല്ലാതാക്കുന്നതാണ് പരിഗണിക്കുന്നത്. സാധാരണ നിലയിലേക്ക് രാജ്യം തിരിച്ചെത്തുന്ന മുറയ്ക്ക് തീരുവ വീണ്ടും നടപ്പാക്കപ്പെടും.

Comments

comments

Categories: FK News
Tags: Mask, Ventilator