യുഎഇയിലെ റെസ്‌റ്റോറന്റ് പങ്കാളികള്‍ക്കായി സൊമാറ്റോയുടെ വായ്പാ പദ്ധതി

യുഎഇയിലെ റെസ്‌റ്റോറന്റ് പങ്കാളികള്‍ക്കായി സൊമാറ്റോയുടെ വായ്പാ പദ്ധതി

ഡെലിവറി പങ്കാളികള്‍ക്കായി ദുരിതാശ്വാസ ഫണ്ടിനും സൊമാറ്റോ രൂപം നല്‍കിയിട്ടുണ്ട്

ദുബായ്: കൊറോണ വൈറസ് തിരിച്ചടിയായ റെസ്‌റ്റോറന്റ് , ഡെലിവറി പങ്കാളികള്‍ക്ക് സഹായ ഹസ്തവുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. റെസ്‌റ്റോറന്റുകള്‍ക്ക് വായ്പാ സൗകര്യമൊരുക്കാനും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സബ്‌സ്‌ക്രിപ്ഷന്‍ നീട്ടിനല്‍കാനും സൊമാറ്റോ തീരുമാനിച്ചു. കോവിഡ്-19യുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും യുഎഇ ഉപഭോക്താക്കള സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

റെസ്‌റ്റോറന്റുകള്‍ക്കുള്ള വായ്പയ്ക്ക് പുറമേ വരുമാനം നഷ്ടപ്പെട്ട ഡെലിവറി പങ്കാളികള്‍ക്കായി പ്രത്യേക ഫണ്ട്, പണലഭ്യത ഉറപ്പാക്കുന്നതിനായി ജീവനക്കാരുടെ അനുമതിയോടെയുള്ള ശമ്പളം വെട്ടിക്കുറക്കല്‍ തുടങ്ങി ഭക്ഷണ-പാനീയ വ്യവസായ മേഖലയെ പിന്താങ്ങുന്നതിനായി നിരവധി ഉദ്യമങ്ങള്‍ സൊമാറ്റോ കൈക്കൊണ്ടതായി കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച റെസ്റ്റോറന്റ് പങ്കാളികള്‍ക്കാണ് സൊമാറ്റോ വായ്പ ലഭ്യമാക്കുക. ഡെലിവറി പാര്‍ട്ണര്‍ റിലീഫ് ഫണ്ട് എന്ന പേരിലാണ് വരുമാന നഷ്ടം നേരിട്ട ഡെലിവറി പങ്കാളികള്‍ക്കായുള്ള ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. യുഎഇയില്‍ സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് രണ്ടുമാസത്തേക്ക് സൗജന്യമായി അംഗത്വം നീട്ടിനല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ‘മീല്‍സ് ഓഫ് ഹോപ്പ’് ഉദ്യമം മുഖേന യുഎഇയിലുള്ള ഉപഭോക്താക്കള്‍ക്ക് അര്‍ഹരായ ആളുകള്‍ക്ക് വേണ്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും സൊമാറ്റോ നല്‍കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ റെസ്‌റ്റോറന്റ് സെര്‍ച്ച്, ഡെലിവറി പ്ലാറ്റ്‌ഫോമായാണ് സൊമാറ്റോ അറിയപ്പെടുന്നത്. പ്രതിമാസം 70 മില്യണിലധികം ആളുകള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Comments

comments

Categories: FK News

Related Articles