ജോലി നഷ്ടപ്പെട്ടവര്‍ക്ക് വായ്പ ലഭ്യമാക്കണമെന്ന് ബാങ്കുകളോട് സൗദി കേന്ദ്രബാങ്ക്

ജോലി നഷ്ടപ്പെട്ടവര്‍ക്ക് വായ്പ ലഭ്യമാക്കണമെന്ന് ബാങ്കുകളോട് സൗദി കേന്ദ്രബാങ്ക്

ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഫീസുകള്‍ പുനഃപരിശോധിക്കാനും നിര്‍ദ്ദേശം

ജിദ്ദ: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കണമെന്നും ഇന്റെര്‍നെറ്റ് ബാങ്കിംഗ് മുഖേനയുള്ള പണമിടപാടുകള്‍ക്കുള്ള ഫീസ് റദ്ദ് ചെയ്യണമെന്നും രാജ്യത്തെ ബാങ്കുകള്‍ക്ക് സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടിയുടെ (സമ) നിര്‍ദ്ദേശം. കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും സ്വകാര്യമേഖലയെ സംരക്ഷിക്കുന്നതിനായി സമ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള പലിശനിരക്കുകളും മറ്റ് ഫീസുകളും പുനഃപരിശോധിക്കണമെന്നും അധിക ചാര്‍ജ് ഈടാക്കാതെ വായ്പകള്‍ പുതുക്കാനുള്ള സൗകര്യമൊരുക്കണമെന്നും സമ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ധനകാര്യ, ബാങ്കിംഗ് മേഖലകള്‍ ഉള്‍പ്പടെ വിവിധ സാമ്പത്തിക മേഖലകളില്‍ കോവിഡ്-19 ഉണ്ടാക്കിയ ആഘാതം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും സൗദി കേന്ദ്രബാങ്ക് അറിയിച്ചു. കോവിഡ്-19യുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറുന്നതിനായി 50 ബില്യണ്‍ റിയാലിന്റെ ഉത്തേജനപാക്കേജാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ളത്.

കൊറോണ വൈറസ് രോഗികളുടെ എണ്ണം 1300 ആയി ഉയര്‍ന്നതോടെ സൗദി അറേബ്യ വൈറസ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതായും പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നതിനുള്ള വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ എട്ടുപേരാണ് സൗദിയില്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. ജിദ്ദയില്‍ പ്രവേശിക്കുന്നതിനും നഗരത്തിന് പുറത്തുകടക്കുന്നതിനും സമ്പൂര്‍ണ്ണവിലക്കേര്‍പ്പെടുത്തി.നഗരത്തില്‍ ഇനിമുതല്‍ വൈകുന്നേരം മൂന്ന് മണിമുതല്‍ കര്‍ഫ്യൂ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഖതീഫ്, റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന വിലക്കുകള്‍ തുടരുമെന്നും ട്രെയിന്‍, ബസ്, ടാക്‌സികള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗത സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Arabia