പുതിയ ഹ്യുണ്ടായ് വെര്‍ണ വിപണിയില്‍

പുതിയ ഹ്യുണ്ടായ് വെര്‍ണ വിപണിയില്‍

ഡെൽഹി എക്സ് ഷോറൂം വില 9.30 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെ 

ഫേസ് ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് വെർണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.30 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയാണ്  ഡെൽഹി എക്സ് ഷോറൂം വില. എസ്, എസ് പ്ലസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ്(ഒ) ടർബോ എന്നീ അഞ്ച് വേരിയന്റുകളിൽ പരിഷ്കരിച്ച ഹ്യുണ്ടായ് വെർണ ലഭിക്കും. പ്രീ ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. 25,000 രൂപയാണ് ബുക്കിംഗ് തുക. അകത്തും പുറത്തും ഭംഗി വർധിപ്പിച്ചും മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തിയുമാണ് സെഡാൻ വരുന്നത്.

പുതിയ കാസ്കേഡിംഗ് ക്രോം ഗ്രിൽ, ഗ്രില്ലിന് ഇരുവശങ്ങളിലായി എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടി പുതിയ എൽഇഡി ഹെഡ്ലാംപുകൾ എന്നിവ കാണാം. മുന്നിലും പിന്നിലും പുതിയ ബംപർ, പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ പുറം കണ്ണാടികൾ, സിൽവർ ഡോർ ഹാൻഡിലുകൾ, നവീകരിച്ച എൽഇഡി ടെയ്ൽ ലാംപുകൾ, പുനർരൂപകൽപ്പന ചെയ്ത ബൂട്ട് ലിഡ് എന്നിവ ലഭിച്ചു.

പുതിയ ഹ്യുണ്ടായ് വെർണയുടെ വലുപ്പം സംബന്ധിച്ച അളവുകൾ പരിശോധിച്ചാൽ, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,440 എംഎം, 1,729 എംഎം, 1,475 എംഎം എന്നിങ്ങനെയാണ്. 2,600 മില്ലി മീറ്ററാണ് വീൽബേസ്. ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, സ്റ്റാറി നൈറ്റ്, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നീ ആറ് കളർ ഓപ്ഷനുകളിൽ ഇപ്പോൾ ഹ്യുണ്ടായ് വെർണ സെഡാൻ ലഭിക്കും.

കറുപ്പിലും ഇളംതവിട്ടു നിറത്തിലുമുള്ള ഡുവൽ ടോൺ തീം കാറിനകത്ത് കാണാം. ഫീച്ചറുകൾ നിരവധിയാണ്. ടർബോ വേരിയന്റിന് പൂർണമായും കറുത്ത ഇന്റീരിയർ നൽകി. കൂടാതെ അപ്ഹോൾസ്റ്ററിയിൽ ചുവന്ന തുന്നലുകൾ കാണാം. കളർ ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, മുന്നിൽ വെന്റിലേറ്റഡ് സീറ്റുകൾ, ഇരട്ട അഗ്രങ്ങളോടുകൂടിയ മഫ്ളർ ഡിസൈൻ, സ്മാർട്ട് ട്രങ്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ,  വയർലെസ് ഫോൺ ചാർജർ, ഇക്കോ കോട്ടിംഗ്, പിൻ സീറ്റ് യാത്രക്കാർക്കായി യുഎസ്ബി ചാർജർ, സ്റ്റോറേജ് സഹിതം സ്ലൈഡിംഗ് ഫ്രണ്ട് സെന്റർ കൺസോൾ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ഇലക്ട്രിക് സൺറൂഫ്. ആർക്കമീസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്.

മൂന്ന് എൻജിൻ ഓപ്ഷനുകളോടെയാണ് പുതിയ ഹ്യുണ്ടായ് വെർണ വരുന്നത്. 1.5 ലിറ്റർ എംപിഐ പെട്രോൾ, 1.0 കപ്പ ടർബോ ജിഡിഐ പെട്രോൾ, 1.5 ലിറ്റർ യു2 സിആർഡിഐ ഡീസൽ എന്നിവയാണ് മൂന്ന് ഓപ്ഷനുകൾ. പെട്രോൾ എൻജിനുകൾ യഥാക്രമം 113 ബിഎച്ച്പി, 144 എൻഎം & 118 ബിഎച്ച്പി, 172 എൻഎം എന്നിങ്ങനെയാണ് കരുത്തും ടോർക്കും ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ഡീസൽ എൻജിൻ 113 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കും പുറപ്പെടുവിക്കും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളുമായി 6 സ്പീഡ് മാന്വൽ ഗിയർബോക്സ് സ്റ്റാൻഡേഡായി ചേർത്തുവെച്ചു. ഐവിടി, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഓപ്ഷണലാണ്. ടർബോ പെട്രോൾ എൻജിനുമായി 7 സ്പീഡ് ഡിസിടി ഘടിപ്പിച്ചു.

വേരിയന്റ്                        വില  
1.5 എംപിഐ എംടി എസ്
9,30,585 രൂപ
1.5 എംപിഐ എംടി എസ്എക്സ്
10,70,389 രൂപ
1.5 എംപിഐ ഐവിടി എസ്എക്സ് മെറ്റാലിക്
11,95,389 രൂപ
1.5 എംപിഐ എംടി എസ്എക്സ് (ഒ) മെറ്റാലിക്
12,59,900 രൂപ
1.5 എംപിഐ ഐവിടി എസ്എക്സ്'(ഒ) മെറ്റാലിക്
13,84,900 രൂപ
1.0 ടർബോ ജിഡിഐ ഡിസിടി എസ്എക്സ് (ഒ) മെറ്റാലിക്
13,99,000 രൂപ
1.5 സിആർഡിഐ എംടി എസ് പ്ലസ് മെറ്റാലിക്
10,65,585 രൂപ
1.5 സിആർഡിഐ എംടി എസ്എക്സ് മെറ്റാലിക്
10,65,585 രൂപ

Categories: Auto