ജീപ്പ് സബ്‌കോംപാക്റ്റ് എസ് യുവി വികസിപ്പിക്കും

ജീപ്പ് സബ്‌കോംപാക്റ്റ് എസ് യുവി വികസിപ്പിക്കും

ജീപ്പിന്റെ ഓഫ് റോഡിംഗ് ഡിഎന്‍എ ഉള്‍ക്കൊള്ളുന്നതും ദിവസവും ഉപയോഗിക്കാന്‍ കഴിയുന്നതുമായ പ്രായോഗിക വാഹനമായിരിക്കും

ന്യൂഡെല്‍ഹി: ജീപ്പ് ആഗോളതലത്തില്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ് യുവി വികസിപ്പിക്കുന്നു. ജീപ്പിന്റെ ആഗോള വാഹന നിരയില്‍ റെനഗേഡിന് താഴെയായിരിക്കും പുതിയ എന്‍ട്രി ലെവല്‍ മോഡലിന് സ്ഥാനം. ചെറിയ എസ് യുവി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. ഇന്ത്യയില്‍ പ്രധാനമായും ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുകി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട്ട് മോഡലുകളെ വെല്ലുവിളിക്കുകയാണ് ലക്ഷ്യം.

പ്രത്യേകിച്ച് വികസ്വര വിപണികളില്‍, ചെറിയ എസ് യുവികള്‍ക്കും ക്രോസ്ഓവറുകള്‍ക്കും ദിവസം ചെല്ലുംതോറും ജനപ്രീതി വര്‍ധിച്ചുവരികയാണ്. ഈ അവസരം നഷ്ടപ്പെടുത്താന്‍ പ്രമുഖ എസ് യുവി നിര്‍മാതാക്കളായ ജീപ്പ് ഉദ്ദേശിക്കുന്നില്ല. പുതിയ സബ്‌കോംപാക്റ്റ് എസ് യുവി ഇന്ത്യന്‍ വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അവതരിപ്പിക്കും.

ജീപ്പിന്റെ ഓഫ് റോഡിംഗ് ഡിഎന്‍എ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ സബ്‌കോംപാക്റ്റ് എസ് യുവി. കൂടാതെ ദിവസവും ഉപയോഗിക്കാന്‍ കഴിയുന്ന പ്രായോഗിക വാഹനം കൂടിയായിരിക്കും. വിവിധ വിപണികളിലെ ആവശ്യകത അനുസരിച്ച് പൂര്‍ണ വൈദ്യുത, പ്ലഗ് ഇന്‍ ഹൈബ്രിഡ് വകഭേദങ്ങള്‍ വിപണിയിലെത്തിക്കാനും ജീപ്പിന് കഴിയും.

നിലവില്‍ ഇന്ത്യയില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടെ ഒരു സബ്‌കോംപാക്റ്റ് എസ് യുവി പോലും വില്‍ക്കുന്നില്ല. പുതിയ എസ് യുവിയുടെ ട്രെയ്ല്‍ റേറ്റഡ് വേരിയന്റ് പുറത്തിറക്കിയാല്‍ ആവശ്യക്കാര്‍ ഏറെയായിരിക്കും. അതേസമയം ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ് യുവി സെഗ്മെന്റില്‍ വില നിര്‍ണയം പ്രധാന ഘടകമാണ്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജീപ്പ് മോഡല്‍ ഏകദേശം 4.4 മീറ്റര്‍ നീളം വരുന്ന കോംപസ് എസ് യുവിയാണ്. 16.49 ലക്ഷം മുതല്‍ 27.6 ലക്ഷം രൂപ (ട്രെയ്ല്‍ഹോക് റേറ്റഡ് വേരിയന്റ്) വരെയാണ് ജീപ്പ് കോംപസ് എസ് യുവിയുടെ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto