മാധ്യമ സ്ഥാപനങ്ങള്‍ക്കായി ഫേസ്ബുക്കിന്റെ 100 മില്യണ്‍ ഡോളര്‍ പാക്കേജ്

മാധ്യമ സ്ഥാപനങ്ങള്‍ക്കായി ഫേസ്ബുക്കിന്റെ 100 മില്യണ്‍ ഡോളര്‍ പാക്കേജ്

പരസ്യ വരുമാനത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടി

സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന വാര്‍ത്താ സംരംഭങ്ങളെ സഹായിക്കാന്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. വിശ്വസനീയമായ വിവരങ്ങളുടെ ആവശ്യകത നിലവില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിന്റെ നടപടി. മഹാമാരിയുടെ വ്യാപനം ആളുകളെ അറിയിക്കാന്‍ അസാധാരണമായ സാഹചര്യത്തിലാണ് വാര്‍ത്താ വ്യവസായം പ്രവര്‍ത്തിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ ന്യൂസ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്റ്റര്‍ ക്യാംപ്‌ബെല്‍ ബ്രൗണ്‍ പറഞ്ഞു.

വൈറസിന്റെ സാമ്പത്തിക ആഘാതം കാരണം പരസ്യ വരുമാനം കുറയുന്നു. ഇത് പ്രാദേശിക മാധ്യമപ്രവര്‍ത്തകരെയാണ് കൂടുതലായി ബാധിക്കുന്നത്. ഫേസ്ബുക്ക് ജേണലിസം പ്രോജക്റ്റ് വഴി പ്രാദേശിക വാര്‍ത്തകള്‍ക്കായി 25 ദശലക്ഷം യുഎസ് ഡോളര്‍ അടിയന്തര ഗ്രാന്റുകളും കൂടുതലായുള്ള മാര്‍ക്കറ്റിംഗ് 75 ദശലക്ഷം യുഎസ് ഡോളറുമാണ് പുതിയ ഫണ്ടിംഗില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും പ്രയാസമേറിയ രാജ്യങ്ങളില്‍ ഏറ്റവും ആവശ്യമുള്ള പ്രസാധകര്‍ക്ക് ഗ്രാന്റുകള്‍ നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ഓണ്‍ലൈന്‍ പരസ്യങ്ങളിലെ തങ്ങളുടെ ആധിപത്യം ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലാഭം നേടുന്നത് ചെറുകിട മാധ്യമങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കി എന്ന വിമര്‍ശനത്തെ തുടര്‍ന്ന് അടുത്തിടെ ഫേസ്ബുക്കും ഗൂഗിളും വാര്‍ത്താ മാധ്യമങ്ങള്‍ക്കായുള്ള തങ്ങളുടെ പദ്ധതികള്‍ ശക്തമാക്കിയിട്ടുണ്ട്.

എഎഫ്പി, റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുള്‍പ്പടെയുള്ള വാര്‍ത്താ ഏജന്‍സികളുമായും മറ്റ് മീഡിയ കമ്പനികളുമായും വാര്‍ത്തകളിലെ വസ്തുത പരിശോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഫേസ്ബുക്ക് സഹകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ കോവിഡ് 19 സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: FK News
Tags: Facebook