യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പ്രവാസികളോട് ഇന്ത്യന്‍ അംബാസഡര്‍

യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പ്രവാസികളോട് ഇന്ത്യന്‍ അംബാസഡര്‍

ദുബായ്, അബുദാബി, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തലാക്കി

ദുബായ്: യുഎഇയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍. വൈറസിനെ തുരത്തുന്നതിനും വ്യാപനം തടയുന്നതിനും നിങ്ങളെയും അടുത്തുള്ളവരെയും സ്വന്തക്കാരെയും സംരക്ഷിക്കുന്നതിനും ഇന്ത്യക്കാരെല്ലാവരും യുഎഇ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അംബാസഡര്‍ പവന്‍ കുമാര്‍ ആവശ്യപ്പെട്ടു. എല്ലാവരോടും വീടുകളില്‍, സുരക്ഷിതമായി കഴിയാന്‍ ആവശ്യപ്പെടുകയാണെന്നും തികച്ചും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമേ പ്രവാസികള്‍ ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിക്കാവൂ എന്നും അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ടും അറ്റസ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ദുബായ്, അബുദാബി, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ കേന്ദ്രങ്ങളിലും ഉള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തലാക്കി. അടിയന്തര ആവശ്യങ്ങള്‍ ഇമെയില്‍ മുഖേന കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പെടുത്താം. അത്യാവശ്യ കാര്യമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒപ്പമുണ്ടായിരിക്കണം.

”കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സാധാരണഗതിയിലുള്ള ജീവിതം നിശ്ചലമാകുകയും വിവിധയിടങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍ വെല്ലുവിളി നേരിടുകയും ചെയ്യുകയാണ്. വളരെ ദുഷ്‌കരമായ സമയമാണിത്. പക്ഷേ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവയിലൂടെയും കൊറോണവൈറസിനെ തുരത്താമെന്ന് തനിക്ക് ഉറപ്പുണ്ട്” അംബാസഡര്‍ പറഞ്ഞു.

Comments

comments

Categories: Arabia