മാരുതി സുസുകി വെന്റിലേറ്ററുകള്‍ നിര്‍മിക്കും

മാരുതി സുസുകി വെന്റിലേറ്ററുകള്‍ നിര്‍മിക്കും

ആഗ് വാ ഹെല്‍ത്ത്‌കെയറുമായി ധാരണയിലെത്തി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാരുതി സുസുകി ഇന്ത്യ വെന്റിലേറ്ററുകളും മുഖാവരണങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും നിര്‍മിക്കും. ഇവ നിര്‍മിക്കുന്നതിനുള്ള സ്വന്തം ശേഷി മാരുതി സുസുകി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്ന ആഗ് വാ ഹെല്‍ത്ത്‌കെയറുമായി മാരുതി സുസുകി ധാരണയിലെത്തി. പ്രതിമാസം 10,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ കഴിയുംവിധം അതിവേഗം ഉല്‍പ്പാദനം നടത്താനാണ് മാരുതി സുസുകി തയ്യാറെടുക്കുന്നത്.

വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും അനുബന്ധ കാര്യങ്ങളും ആഗ് വാ ഹെല്‍ത്ത്‌കെയര്‍ ലഭ്യമാക്കും. ഇങ്ങനെ നിര്‍മിക്കുന്ന വെന്റിലേറ്ററുകള്‍ ആഗ് വാ ഹെല്‍ത്ത്‌കെയര്‍ തന്നെ വില്‍പ്പന നടത്തും. വെന്റിലേറ്ററുകളുടെ വിവിധ ഘടകങ്ങള്‍ നിര്‍മിക്കുന്നതിന് മാരുതി സുസുകി തങ്ങളുടെ സപ്ലൈ കമ്പനികളുടെ സഹായം തേടും. മാത്രമല്ല, വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിന് നിലവിലെ സംവിധാനങ്ങള്‍ പരിഷ്‌കരിക്കും. കൂടുതല്‍ ഉല്‍പ്പാദനം നടത്തുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്തും.

അടിയന്തരമായി ഇടപെടേണ്ട ആശങ്കയാണ് കൊവിഡ് എന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നേരത്തെ പ്രസ്താവിച്ചിരുന്നു. വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിന്റെ സാധ്യത മാരുതി സുസുകി ആരായുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററുകള്‍ വലിയ തോതില്‍ നിര്‍മിക്കുന്നതിനുവേണ്ട എല്ലാ അനുമതികളും നേടിയെടുക്കുന്നതിന് സഹായിക്കും.

മാരുതി സുസുകി ഇന്ത്യയുടെ സംയുക്ത സംരംഭമായ കൃഷ്ണ മാരുതി ലിമിറ്റഡ് മൂന്ന് അടുക്കുകളോടുകൂടിയ മുഖാവരണങ്ങള്‍ നിര്‍മിക്കും. കേന്ദ്ര സര്‍ക്കാരിനും ഹരിയാന സര്‍ക്കാരിനും ഈ മാസ്‌ക്കുകള്‍
വിതരണം ചെയ്യും. ഉല്‍പ്പാദനം എത്രയും വേഗം ആരംഭിക്കും.

മാരുതി സുസുകി ഇന്ത്യയുടെ മറ്റൊരു സംയുക്ത സംരംഭമായ ഭാരത് സീറ്റ്‌സ് ലിമിറ്റഡ് സംരക്ഷണ വസ്ത്രം നിര്‍മിക്കും. എല്ലാ ഉല്‍പ്പാദന കേന്ദ്രങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

Comments

comments

Categories: Auto