ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍ക്ക്

ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍ക്ക്

ഭൂകമ്പം, സുനാമി, വരള്‍ച്ച, പ്രളയം, യുദ്ധം എന്നിങ്ങനെയായി ലോകം പലതരം പ്രതിസന്ധികളെ അഭിമുഖീകരിക്കാറുണ്ട്. ഓരോ പ്രതിസന്ധികളും അനിശ്ചിതത്വം സമ്മാനിക്കാറുമുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ കൊറോണ വൈറസ് അഥവാ കോവിഡ്-19 വിതച്ച ദുരന്തത്തിനു സമാനതകളില്ല. അത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി എന്ന് അവസാനിക്കുമെന്നും ആര്‍ക്കും പ്രവചിക്കാനാകുന്നില്ല. അവസാനമില്ലാത്ത പ്രതിസന്ധി ലോകത്തെ വലിയൊരു മാറ്റത്തിനു വിധേയമാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

മൂന്നു മാസങ്ങള്‍ക്കു മുന്‍പു കോവിഡ്-19 എന്ന കൊറോണ വൈറസ് ഉത്ഭവിച്ച കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴാകട്ടെ, കോവിഡ്-19 മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചിരിക്കുന്നു. നമ്മള്‍ അറിയുന്നവര്‍ക്കും നമ്മള്‍ അറിയാത്ത പലര്‍ക്കും കോവിഡ്-19 ബാധയേല്‍ക്കുകയും ചെയ്തു. ആ വൈറസ് സമ്പദ് വ്യവസ്ഥകളെയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെയും തകര്‍ത്തു. ആശുപത്രികളെ രോഗികളെ കൊണ്ട് നിറച്ചു. പൊതുയിടങ്ങളെ ശൂന്യമാക്കുകയും ചെയ്തു. അത് ആളുകളെ അവരുടെ ജോലി സ്ഥലങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വേര്‍പെടുത്തി. ആധുനിക സമൂഹത്തെ, ഇന്നു വരെ സാക്ഷ്യംവഹിക്കാത്ത വിധം തകിടം മറിച്ചു. അമേരിക്കയെ സംബന്ധിച്ച്, രണ്ടാം ലോകമഹായുദ്ധമോ, 9/11 ആക്രമണമോ പോലെ, കോവിഡ്-19 ഇതിനകം തന്നെ രാജ്യത്തിന്റെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു.

കോവിഡ്-19 എന്ന പുതിയ വൈറസ് ആഗോളതലത്തില്‍ എല്ലാവരെയും വീടിനുള്ളില്‍ അടങ്ങിയിരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണല്ലോ. 21 ദിവസമാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യൂറോപ്പിലും ചൈനയിലും മറ്റ് രാജ്യങ്ങളിലുമൊക്കെ മാസങ്ങളായി ആളുകള്‍ വീടിനുള്ളില്‍ തന്നെയാണു കഴിയുന്നത്. ഇത്തരത്തില്‍ വീടിനുള്ളില്‍ കഴിയേണ്ടി വന്നതോടെ അത് ഓരോ രാജ്യങ്ങളിലെയും പൗരന്മാരുടെ ജീവിതത്തില്‍ അവരുടെ ഭരണകൂടവുമായും പുറം ലോകവുമായും അതു വരെ പുലര്‍ത്തിയിരുന്ന ബന്ധത്തില്‍ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരും മാസങ്ങളിലോ വര്‍ഷങ്ങളിലോ കൂടുതല്‍ പ്രകടമാവുകയും ചെയ്യും. അത് ലോകത്തിനു സമ്മാനിക്കാന്‍ പോകുന്നത് അസ്വസ്ഥതയായിരിക്കുമോ അതോ പുരോഗതിയായിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം ? കോവിഡ്-19 യുഎസും, ചൈനയും തമ്മിലുള്ള ശത്രുത രൂക്ഷമാക്കിയെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഒരുവശത്ത് അങ്ങനെ സംഭവിച്ചപ്പോള്‍ മറുവശത്ത് അന്താരാഷ്ട്ര സഹകരണത്തെ ശക്തിപ്പെടുത്തുകയും ചെയ്തു കോവിഡ്-19.

അസംഖ്യം വ്യക്തികളുടെയും കുടുംബങ്ങളുടെയും, സാധാരണ ജീവിതം ഇതിനകം തന്നെ സങ്കല്‍പ്പിക്കാനാവാത്ത വിധം മാറിയിട്ടുണ്ട്. ഏറ്റവും വലിയ മാറ്റമെന്നത് ഇതുവരെ നാം പിന്തുടര്‍ന്ന തൊഴില്‍ സംസ്‌കാരം വലിയൊരു മാറ്റത്തിനു വിധേയമായി എന്നതാണ്. വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിന് പ്രാധാന്യമേറി. മണിക്കൂറുകളോ, മിനിറ്റുകളോ സഞ്ചരിച്ചു, സമയക്രമം പാലിച്ച്, ഓഫീസിലെത്തി ചെയ്തിരുന്ന ജോലി വീട്ടിലിരുന്ന് നിര്‍വഹിക്കാന്‍ സാധിക്കുന്ന ആശയമാണല്ലോ വര്‍ക്ക് ഫ്രം ഹോം. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ ഏറെ സുരക്ഷിതവുമാണ് ഈ ആശയം. അതൊടൊപ്പം ടെക്‌നോളജിയുടെ മുന്നേറ്റത്തിനുള്ള ഉദാഹരണം കൂടിയാകുന്നുണ്ട് വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനം. ഇത്രയും കാലം പരിചയം പോലുമില്ലാതിരുന്ന പല ആപ്പുകളെക്കുറിച്ചും ടെക്‌നോളജിയെക്കുറിച്ചും അറിയാനും പലര്‍ക്കും സാധിച്ചു.
വരും ദിവസങ്ങളില്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ വരാനിരിക്കുന്നത് വലിയ മാറ്റങ്ങളാണ്. ആ മാറ്റങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. ഒന്നാമത്തേത് എന്നു പറയാവുന്നത്, ഇനി മുതല്‍ കമ്പനികളെല്ലാം തന്നെ മാസങ്ങളോ, ആഴ്ചകളോ കാലദൈര്‍ഘ്യമുള്ള ഒരു കണ്ടിജന്‍സി പ്ലാന്‍ (രീിശേിഴലിര്യ ുഹമി)െ തയാറാക്കി പ്രവര്‍ത്തിക്കുമെന്നതാണ്. നമ്മള്‍ക്ക് അറിയാം കണ്ടിജന്‍സി പ്ലാന്‍ എന്നത് ഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു വിപത്ത് മുന്നില്‍ കണ്ട് അതിനെ അതിജീവിക്കുന്നതിനായി തയാറാക്കുന്ന പദ്ധതിയാണു കണ്ടിജന്‍സി പ്ലാന്‍. ഇത് പല കമ്പനികളിലും ഉണ്ടെങ്കിലും അവയെല്ലാം ഇപ്പോള്‍ കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. നടപ്പിലാക്കാന്‍ പല സ്ഥാപനങ്ങള്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ കോവിഡ്-19 ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതോടെ പല തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അടിയന്തരമായി ബദല്‍ കര്‍മ പദ്ധതി രൂപീകരിക്കേണ്ടി വന്നു. ഇൗ പ്രതിസന്ധി പല തൊഴില്‍ സ്ഥാപനങ്ങള്‍ക്കും വലിയ പാഠമാണു സമ്മാനിച്ചത്. ഈ അനുഭവം ഉള്‍ക്കൊണ്ട് ഇനി ഭൂരിഭാഗം സ്ഥാപനങ്ങളും ആഴ്ചകളും മാസങ്ങളും വരെ നടപ്പിലാക്കാന്‍ സാധിക്കുന്ന കണ്ടിജന്‍സി പ്ലാന്‍ തയാറാക്കുമെന്നത് ഉറപ്പ്. ഇനി രണ്ടാമത്തെ മാറ്റമെന്നു പറയാവുന്നത്, നിരവധി കമ്പനികള്‍ കൂടുതല്‍ ഓട്ടോമേറ്റഡ് (മൗീോമലേറ) ആകുമെന്നതാണ്. അഥവാ യന്ത്രവത്കരിക്കുമെന്നതാണ്. തൊഴില്‍സ്ഥാപനങ്ങള്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും, അവ നടപ്പിലാക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്താനും കോവിഡ്-19 കാരണമായി. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തൊഴില്‍സ്ഥാപനങ്ങള്‍ ഇനി തുറക്കുമ്പോള്‍ സാമ്പത്തിക പരാധീനത കാരണം തൊഴിലാളികളെ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലൂടെ മിക്കവാറും തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാര്‍ എത്രമാത്രം ജോലി ചെയ്യുന്നവരാണെന്നു ബോധ്യപ്പെട്ടു കാണും. അഥവാ ജീവനക്കാരുടെ ഉത്പാദനക്ഷമത എത്രയാണെന്നു മനസിലാക്കുവാന്‍ സാധിച്ചു കാണും. അതോടൊപ്പം വര്‍ക്ക് ഫ്രം ഹോം ഭാവിയില്‍ പ്രോത്സാഹിപ്പിക്കണമോ എന്ന കാര്യത്തെ കുറിച്ചും തീരുമാനമെടുക്കാന്‍ സാധിച്ചു കാണും. വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് ബിഗ് ടെക് കമ്പനികള്‍ക്കു ഗുണകരമാകുമെന്നത് ഉറപ്പാണ്. കാരണം വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലായതോടെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഓണ്‍ലൈന്‍ ഓഫീസ് ടൂളുകള്‍ മൈക്രോസോഫ്റ്റിന്റെയും, ഗൂഗിളിന്റെയുമൊക്കെയായിരുന്നു. നമ്മള്‍ മുമ്പ് ചിന്തിച്ചിട്ടു പോലുമില്ലാത്ത തരത്തിലുള്ള ഓണ്‍ലൈന്‍ ആശയവിനിമയവും ഉപകരണങ്ങളുമായിരിക്കും ഭാവിയില്‍ ഉപയോഗിക്കാന്‍ പോവുന്നത്. ഇനി മൂന്നാമതായി കാണുവാന്‍ പോകുന്ന മാറ്റമെന്നത് ആരോഗ്യസംരക്ഷണ, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ വലിയ കുതിച്ചു ചാട്ടമായിരിക്കും. നിരവധി രാജ്യങ്ങള്‍ ഈ മേഖലയിലേക്കു കോടിക്കണക്കിനു ഡോളര്‍ നിക്ഷേപിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇത്രയും നാള്‍ കേട്ടു മാത്രം പരിചയമുണ്ടായിരുന്ന ടെലിമെഡിസിന്‍ സംവിധാനം ഈ കോവിഡ്-19 കാലത്ത് സജീവമായത് ശ്രദ്ധേയമായ ഒരു കാര്യമാണ്. വികസിത രാജ്യങ്ങളില്‍ മാത്രമല്ല, അവികസിത രാജ്യങ്ങളിലും ടെലിമെഡിസിന്‍ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി.

ആഗോളവത്കരണത്തിന്റെ തളര്‍ച്ചയ്ക്കു കാരണമാകുമോ ?

മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരികളിലൊന്നായിരുന്നു 1348 നും 1350 നുമിടയില്‍ യൂറോപ്പിലുണ്ടായ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത്. ഏഴരക്കോടിക്കും 20 കോടിക്കുമിടയില്‍ മരണങ്ങളാണു ബ്ലാക്ക് ഡെത്ത് മൂലമുണ്ടായതെന്നു ചരിത്ര രേഖകള്‍ പറയുന്നു. ഡച്ച് ചരിത്രകാരനായ ജൊഹാന്‍ ഹ്യുസിംഗ പറയുന്നത്, ബ്ലാക്ക് ഡെത്തിനെ തുടര്‍ന്നാണു മിഡീവിയല്‍ ഏജ് അഥവാ മധ്യകാലം തകരാന്‍ തുടങ്ങിയതെന്നാണ്. (യൂറോപ്യന്‍ ചരിത്രത്തില്‍ അഞ്ചാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തെയാണ് മധ്യകാലമെന്നു വിശേഷിപ്പിക്കുന്നത്). വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയുള്ള സാര്‍വത്രികതയ്ക്ക് (ൗിശ്‌ലൃമെഹശേെ രൗഹൗേൃല) അന്ത്യം കുറിച്ചെന്നും അദ്ദേഹം പറയുന്നു. അതുപോലെ കോവിഡ്-19 ആഗോളവത്കരണത്തിന്റെ തളര്‍ച്ചയ്ക്കു കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ആധുനിക ലോകത്തെ മാറ്റിമറിച്ച അഞ്ച് സംഭവങ്ങള്‍

1 ) വെര്‍സൈല്‍സ് സമാധാന സമ്മേളനം

ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നുള്ള 1919-20 സമ്മേളനം ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. ജര്‍മന്‍, റഷ്യന്‍, ഓസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യങ്ങളുടെ ഔപചാരിക അന്ത്യം, ജനാധിപത്യത്തിന്റെ മുന്നേറ്റം, യൂറോപ്പിലെ പ്രതിനിധി ഭരണം എന്നിവയാല്‍ ഇത് അടയാളപ്പെടുത്തി.

2) ദ ഗ്രേറ്റ് ഡിപ്രഷന്‍

20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക വിപത്തായ മഹാമാന്ദ്യം അഥവാ ഗ്രേറ്റ് ഡിപ്രഷന്‍ 1929 ല്‍ യുഎസിലെ വാള്‍ സ്ട്രീറ്റ് തകര്‍ച്ചയോടെ ആരംഭിച്ചു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ ആഗോള ജിഡിപി ഏകദേശം 15 ശതമാനം കുറയുകയുണ്ടായി.
രണ്ടാം ലോകമഹായുദ്ധം ആരംഭിക്കും വരെ വീണ്ടെടുപ്പ് സാധ്യമായില്ല.

3) സ്റ്റാലിന്‍ഗ്രാഡ് യുദ്ധം

1942-43 കാലഘട്ടത്തില്‍ തെക്കന്‍ റഷ്യയിലെ വോള്‍ഗയുടെ തീരത്ത് നടന്ന പോരാട്ടം. ഏഴ് മാസത്തോളം കാലം നീണ്ടുനിന്നു. ആദ്യമായി ഹിറ്റ്‌ലറുടെ സൈന്യത്തിനു തിരിച്ചടിയേറ്റു. ജര്‍മന്‍ അജയ്യത എന്ന മിഥ്യ തകര്‍ന്നു. ഏകദേശം രണ്ട് ദശലക്ഷത്തോളം പോരാളികള്‍ മരിച്ചു.

4) ബെര്‍ലിന്‍ മതിലിന്റെ പതനം

സോവിയറ്റ് യൂണിയന്‍ നേതൃത്വം നല്‍കുന്ന ബ്ലോക്കിനെ, പടിഞ്ഞാറുമായി വേര്‍തിരിക്കുന്ന പ്രതീകാത്മക രേഖയായ ബെര്‍ലിന്‍ മതില്‍ 1989 ല്‍ പതിക്കുന്നു. അതോടെ 44 വര്‍ഷത്തെ ശീതയുദ്ധം അവസാനിച്ചു. തുടര്‍ന്നു സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായതോടെ റഷ്യന്‍ പിന്തുണയുള്ള ലോകത്തിലെ വിവിധ ഭരണകൂടങ്ങള്‍ തകര്‍ന്നു. ഇത് അമേരിക്കയെ ഏക ആഗോള മഹാശക്തിയായി പ്രഖ്യാപിക്കാന്‍ കാരണവുമായി.

5) 9/11 ആക്രമണം

2001 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലും വാഷിംഗ്ടണ്‍ ഡിസിയിലും അല്‍-ഖ്വയ്ദ നടത്തിയ ആക്രമണങ്ങള്‍ അമേരിക്കന്‍ അജയ്യതയെക്കുറിച്ചുള്ള മിഥ്യാധാരണകളെ തിരുത്തുകയും യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ ”ഭീകരതയ്ക്കെതിരായ ആഗോള യുദ്ധം” പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

Categories: Top Stories
Tags: Covid 19

Related Articles