നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ

നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ

ഭാരതത്തെപ്പോലെ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് കൊറോണയ്ക്കെതിരെ പോരാടാന്‍ ഇങ്ങനെയൊരു നടപടിയല്ലാതെ വേറെ വഴിയില്ലെന്ന് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കീ ബാത്തിലെ പ്രസക്ത ഭാഗങ്ങള്‍

സാധാരണയായി മന്‍ കീ ബാത് ല്‍ ഞാന്‍ പല വിഷയങ്ങളും സംസാരിക്കാറുണ്ട്. എന്നാലിന്ന് രാജ്യത്തിന്റെയും ലോകത്തിന്റെയും മനസ്സില്‍ ഒരേയൊരു കാര്യമേയുള്ളൂ, കൊറോണയെന്ന ആഗോള മഹാമാരിയെത്തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരമായ പ്രതിസന്ധി. അങ്ങനെയിരിക്കെ ഞാന്‍ മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് ഉചിതമായിരിക്കില്ല. ആദ്യമായി ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോടു ക്ഷമചോദിക്കട്ടെ. നിങ്ങളെന്നോടു ക്ഷമിക്കുമെന്നാണ് മനസ്സു പറയുന്നത്, കാരണം, നിങ്ങള്‍ക്ക് അനേകം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്, വിശേഷിച്ചും എന്റെ ദരിദ്രരായ സഹോദരീ സഹോദരന്മാരുടെ കാര്യം നോക്കുമ്പോള്‍. നമ്മളെ ഇത്ര കഷ്ടപ്പാടിലേക്കു തള്ളിയ ആള്‍ എന്തൊരു പ്രധാനമന്ത്രിയാണെന്നു തോന്നുന്നുണ്ടാകും. അവരോടും ഞാന്‍ വിശേഷിച്ചു ക്ഷമ ചോദിക്കുന്നു. വീട്ടില്‍ അടച്ചിരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വളരെയധികം ആളുകള്‍ എന്നോട് അനിഷ്ടത്തിലുമായിരിക്കും. എനിക്ക് നിങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാകുന്നുണ്ട്. നിങ്ങളുടെ ബുദ്ധിമുട്ടുകളും മനസ്സിലാകുന്നുണ്ട്. എങ്കിലും ഭാരതത്തെപ്പോലെ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് കൊറോണയ്ക്കെതിരെ പോരാടാന്‍ ഇങ്ങനെയൊരു നടപടിയല്ലാതെ വേറെ വഴിയില്ല. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ നമുക്കു ജയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലുള്ള കടുത്ത നടപടി ആവശ്യമായിരുന്നു.

ഇവിടെ ഒരു ചൊല്ലുണ്ട്, ഏവം ഏവം വികാരഃ അപി തരുന്ഹാ സാധ്യതേ സുഖം, അതായത് രോഗത്തോടും അതിന്റെ വ്യാപനത്തോടും തുടക്കത്തിലേ പോരാടേണ്ടതാണ്. പിന്നീട് രോഗം അസാധ്യമാകും, അപ്പോള്‍ ചികിത്സയും പ്രയാസമാകും. ഇന്ന് ഭാരതമൊന്നാകെ, ഓരോ ഭാരതീയനും ഇതാണ് പറയുന്നത്. ഇന്ന് കൊറോണ വൈറസ് ലോകത്തെത്തന്നെ തടവിലാക്കിയിരിക്കയാണ്. ഈ അറിവും, ശാസ്ത്രവും, ദരിദ്രരെയും സമ്പന്നരെയും, ദുര്‍ബ്ബലരെയും ശക്തരെയും എല്ലാവരെയും തന്നെ വെല്ലുവിളിക്കയാണ്. ഇത് രാഷ്ട്രത്തിന്റെ പരിധികളില്‍ ഒതുങ്ങുന്നതല്ല, ഏതു പ്രദേശമെന്നില്ല, ഏതു കാലാവസ്ഥയെന്നില്ല. എല്ലാവര്‍ക്കും, മനുഷ്യസമൂഹത്തിനൊന്നാകെയും ഈ വൈറസിനെ ഇല്ലാതെയാക്കാന്‍ ഐക്യത്തോടെ ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. ചിലര്‍ക്ക് തോന്നുന്നത് ലോക്ഡൗണ്‍ പാലിക്കുന്നതു വഴി അവര്‍ മറ്റാര്‍ക്കോ എന്തോ ഉപകാരം ചെയ്യുകയാണെന്നാണ്. സഹോദരാ, ഈ തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നതു ശരിയല്ല. ഈ ലോക്ഡൗണ്‍ നിങ്ങളുടെ രക്ഷയ്ക്കാണ്. നിങ്ങള്‍ക്ക് സ്വയം കാക്കണം, കുടുംബത്തെയും കാക്കണം. ഇനി വരുന്ന പല ദിവസങ്ങളിലും ഇതുപോലെ ക്ഷമ കാട്ടേണ്ടതുണ്ട്, ലക്ഷ്മണരേഖ പാലിക്കുതന്നെ വേണം. സുഹൃത്തുക്കളേ, ആരും നിയമം ലംഘിക്കാനാഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. എന്നാല്‍ ചിലര്‍ക്ക്ഇനിയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെയുള്ളവരോട് പറയാനുള്ളത് ലോക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ കൊറോണ വൈറസില്‍ നിന്നു രക്ഷപ്പെടുക പ്രയാസമാകും. ലോകമെങ്ങുമുള്ള വളരെയധികം ആളുകള്‍ക്ക് ഇത്തരം തെറ്റിദ്ധാരണയായിരുന്നു. ഇന്ന് അവരെല്ലാം പശ്ചാത്തപിക്കുകയാണ്. സുഹൃത്തുക്കളേ, ഇവിടെയൊരു പറച്ചിലുണ്ട്, ആരോഗ്യം പരം ഭാഗ്യം സ്വാസ്ഥ്യം സര്‍വാര്‍ത്ഥ സാധനം. അതായത് ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യം. ലോകത്ത് എല്ലാ സുഖത്തിനും വേണ്ടത് ആരോഗ്യം തന്നെയാണ്. അങ്ങനെയിരിക്കെ നിയമം ലംഘിക്കുന്നവര്‍ സ്വന്തം ജീവനോടാണ് വലിയ കളി കളിക്കുന്നത്. സുഹൃത്തുക്കളേ, ഈ പോരാട്ടത്തിലെ അനേകം യോദ്ധാക്കള്‍ വീട്ടിലിരുന്നല്ല, വീട്ടിനുപുറത്ത് കൊറോണ വൈറസിനെതിരെ പോരാടുകയാണ്. അവരാണ് മുന്നണി പോരാളികള്‍. വിശേഷിച്ചും നമ്മുടെ നേഴ്സ് സഹോദരിമാര്‍, നേഴ്സ് സഹോദരന്മാര്‍, ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍. കൊറോണയെ പരാജയപ്പെടുത്തിയിയവരില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം.

സുഹൃത്തുകളേ, നമ്മളെല്ലാവരും, രാജ്യം മുഴുവന്‍ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുമിക്കുകയാണ്. നമ്മോട് ഡോക്ടര്‍മാര്‍ പറയുന്നത് നാം കേട്ടാല്‍ മാത്രം പോരാ, അത് അനുസരിക്കയും വേണം. ഇന്ന് നാം ഡോക്ടര്‍മാരുടം ത്യാഗം, അവരുടെ തപസ്സ്, സമര്‍പ്പണം ഒക്കെ കാണുമ്പോള്‍ ആചാര്യന്‍ ചരകന്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നത്. ആചാര്യ ചരകന്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അത് നാം ഡോക്ടര്‍മാരുടെ ജീവിതത്തില്‍ കാണുകയാണ്. ആചാര്യ ചരകന്‍ പറഞ്ഞു –
ന ആത്മാര്‍ഥം ന അപി കാമാര്‍ഥം അതഭൂത ദയാം പ്രതി
വര്‍തതേ യത് ചികിത്സായാം സ സര്‍വം ഇതി വര്‍തതേ.
അതായത് ധനമോ വിശേഷാലെന്തെങ്കിലുമോ ആഗ്രഹിച്ചല്ല, മറിച്ച് രോഗിയുടെ സേവനത്തിന് ദയവോടുകൂടെ പ്രവര്‍ത്തിക്കുന്നയാള്‍ സര്‍വശ്രേഷ്ഠനായ ചികിത്സകനാകുന്നു.

മനുഷ്യത്വം നിറഞ്ഞ എല്ലാ നേഴ്സുമാരെയും ഞാന്‍ നമിക്കുന്നു. നിങ്ങള്‍ എത്ര സേവനമനോഭാവത്തോടെ ഇതു ചെയ്യുന്നു എന്നതിന് താരതമ്യങ്ങളില്ല. ഈ വര്‍ഷം അതായത് 2020 ലോകമാകെയും കിലേൃിമശേീിമഹ ഥലമൃ ീള വേല ചൗൃലെ മിറ ങശറംശളല എന്ന നിലയില്‍ ആഘോഷിക്കയാണ്. ഇത് 200 വര്‍ഷം മുമ്പ് 1820 ല്‍ ജനിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അവര്‍ മനുഷ്യസേവനത്തെ, നേഴ്സിംഗിന് ഒരു പുതിയ അടയാളം നല്കി. ഒരു പുതിയ ഉയരത്തിലെത്തിച്ചു. ലോകത്തിലെ എല്ലാ നേഴ്സിന്റെയും സേവനമനോഭാവത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ വര്‍ഷം തീര്‍ച്ചയായും മുഴുവന്‍ നേഴ്സിംഗ് സമൂഹത്തിനും വലിയ പരീക്ഷയുടെ സമയമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളേവരും ഈ പരീക്ഷയില്‍ വിജയിക്കുമെന്നു മാത്രമല്ല, അനേകം ജീവനുകള്‍ രക്ഷിക്കയും ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്.
നിങ്ങളെപ്പോലുള്ള എല്ലാ സുഹൃത്തുക്കളുടെയും ഉത്സാഹവും ആവേശവും കാരണമാണ് ഈ പോരാട്ടം നമുക്കു നടത്താനാകുന്നത്. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കള്‍, ഡോക്ടര്‍മാരാകട്ടെ, നഴ്സുമാരാകട്ടെ, പാരാമെഡിക്കല്‍ സ്റ്റാഫാകട്ടെ, ആശാ വര്‍ക്കറാകട്ടെ, എഎന്‍എം പ്രവര്‍ത്തകരാകട്ടെ, മാലിന്യനിര്‍മ്മാര്‍ജ്ജന്ന ജോലിക്കാരാകട്ടെ, നിങ്ങളുടെ ഏവരുടെയും രോഗത്തെക്കുറിച്ച് രാജ്യത്തിന് വേവലാതിയുണ്ട്. അതു കണക്കാക്കി, ഈ യുദ്ധത്തില്‍ നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ രാജ്യത്തിന് നേതൃത്വം നല്‍കുവാനായി ഉദ്ദേശം 20 ലക്ഷം പേര്‍ക്കായി 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്.

കൊറോണ വൈറസിനെതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ ചുറ്റും സമൂഹത്തിലെ യഥാര്‍ഥ ഹീറോകളായ പലരുമുണ്ട്. അവര്‍ ഈ പരിതഃസ്ഥിതിയിലും ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. എനിക്ക് നരേന്ദ്രമോദി ആപ്പില്‍, നമോ ആപ് ല്‍ ബാംഗ്ളൂരില്‍ നിന്നുള്ള നിരഞ്ജന്‍ സുധാകര്‍ ഹെബ്ബാളെ എഴുതിയിരിക്കുന്നത് ഇങ്ങനെയുള്ളവര്‍ ഡെയ്ലി -ലൈഫ് ഹീറോകളാണെന്നാണ്. ഇത് ശരിയുമാണ്. നമ്മുടെ ദൈനം ദിന ജീവിതം സ്വാഭാവികതയോടെ മുന്നോട്ടു പോകുന്നത് അവര്‍ കാരണമാണ്. ഒരു ദിവസം നിങ്ങളുടെ വീട്ടിലെ പൈപ്പില്‍ വരുന്ന വെള്ളം നിന്നുപോയി എന്നു വിചാരിക്കുക, അതല്ല വൈദ്യുതി അപ്രതീക്ഷിതമായി നിന്നുപോയി എന്നു വിചാരിക്കുക. അപ്പോള്‍ ഈ ഡെയ്ലി ലൈഫ് ഹീറോസാണ് നമ്മുടെ ബുദ്ധിമുട്ട് ദൂരീകരിക്കാന്‍ ഉണ്ടാവുക. നിങ്ങളുടെ വീടിനടുത്തുള്ള ചെറിയ പലചരക്കുകടയെക്കുറിച്ച് ആലോചിച്ചു നോക്കുക. ഇന്നത്തെ ഈ വിഷമം പിടിച്ച പരിതഃസ്ഥിതിയില്‍ ആ കടക്കാരനും പ്രശ്നത്തിലാണ്. എന്തിനുവേണ്ടി? നിങ്ങള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയല്ലേ? അതേപോലെ, അവശ്യസാധനങ്ങളുടെ വിതരണ ശൃംഖലയില്‍ തടസ്സമുണ്ടാകരുതെന്നു കരുതി വിരാമമില്ലാതെ തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്ന ആ ഡ്രൈവര്‍മാരെക്കുറിച്ചും ആ ജോലിക്കാരെക്കുറിച്ചും ഒന്നാലോചിക്കൂ. ബാങ്കിംഗ് സേവനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് നിങ്ങള്‍ കണ്ടുകാണും. ബാങ്കിംഗ് മേഖലയിലെ നമ്മുടെ ആളുകള്‍ മനസ്സര്‍പ്പിച്ച്, നിറഞ്ഞ മനസ്സോടെ ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ട് ബാങ്കുകളെ കാക്കുന്നുണ്ട്, നിങ്ങളുടെ സേവനത്തിനായി അവിടെയുണ്ട്. ഇന്നത്തെ ഈ സമയത്ത് അവരുടെ സേവനം ചെറുതല്ല. ബാങ്കിലെ ആളുകളോടും നാം എത്രയെത്ര നന്ദി പറഞ്ഞാലും അതു കുറവല്ല.

വളരെയധികം ആളുകള്‍ ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഡെലിവറി പേഴ്സണുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ആളുകള്‍ ഈ ബുദ്ധിമുട്ടേറിയ പരിതഃസ്ഥിതിയിലും വീട്ടുസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു. ഈ ലോക്ഡൗണ്‍ സമയത്തും നിങ്ങള്‍ ടിവി കാണുന്നു, വീട്ടിലിരുന്നുകൊണ്ട് ഫോണും ഇന്റര്‍നെറ്റുമൊക്കെ ഉപയോഗിക്കുന്നു- ഇതെല്ലാം നേരെ നടത്തിക്കൊണ്ടുപോകാന്‍ ആരൊക്കെയോ തങ്ങളുടെ ജീവിതം അര്‍പ്പിച്ചിരിക്കയാണ്. ഈ അവസരത്തില്‍ നിങ്ങളില്‍ അധികം പേരും ഡിജിറ്റല്‍ പേയ്മെന്റ് ലളിതമായി ചെയ്യുന്നു, അതിന്റെ പിന്നിലും വളരെയധികം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഈ ആളുകളാണ് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. ഇന്ന് എല്ലാ ജനങ്ങള്‍ക്കും വേണ്ടി, ഞാന്‍ ഇവരോടെല്ലാമുള്ള കൃതജ്ഞത വ്യക്തമാക്കുന്നു. അവര്‍ തങ്ങള്‍ക്കുവേണ്ടിയും എല്ലാ തരത്തിലുമുള്ള സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്നും സ്വന്തം കാര്യത്തില്‍ ശ്രദ്ധ വേണമെന്നും, സ്വന്തം ബന്ധുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നു കരുതുന്നവരോടും ക്വാറന്റൈനില്‍ കഴിയുന്നവരോടും ചിലര്‍ മോശമായി പെരുമാറുന്നതായ ചില സംഭവങ്ങളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ഇങ്ങനെയുള്ള കാര്യങ്ങള്‍ കേട്ട് വളരെ വിഷമം തോന്നുന്നു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ പരസ്പരം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നല്ലാതെ വൈകാരികമോ മാനുഷികമോ ആയ അകല്‍ച്ച പാലിക്കണ്ടതല്ല എന്നോര്‍ക്കുക. ഇവരാരും തെറ്റുകാരുമല്ല, വൈറസ് ബാധിതരാണെന്നു മാത്രം. ഇവര്‍ മറ്റുള്ളവര്‍ക്ക് ഈ രോഗം പകരാതിരിക്കാനായി സ്വയം അകന്നു നില്‍ക്കുന്നു, ക്വാറന്റൈനില്‍ കഴിയുന്നു. പലേടത്തും ആളുകള്‍ തങ്ങളുടെ ഉത്തരവാദിത്വം ഗൗരവപൂര്‍വ്വം നിര്‍വ്വഹിക്കുന്നുണ്ട്. വൈറസിന്റെ ലക്ഷണമൊന്നും കാണുന്നില്ലെങ്കില്‍ പോലും അവര്‍ സ്വയം ക്വാറന്റൈനില്‍ പോയി. അവരങ്ങനെ ചെയ്തത് അവര്‍ വിദേശത്തുനിന്നും മടങ്ങി വന്നവരായതുകൊണ്ടും തികഞ്ഞ മുന്‍കരുതല്‍ എടുക്കുന്നതുകൊണ്ടുമാണ്. ഒരു സാഹചര്യത്തിലും മറ്റൊരു വ്യക്തിയെ ഈ വൈറസ് ബാധിക്കരുതെന്ന് അവര്‍ ഉറപ്പാക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് ആളുകള്‍ സ്വയം ഇങ്ങനെയുള്ള ഉത്തരവാദിത്തം കാണിക്കുമ്പോല്‍ അവരോട് മോശമായി പെരുമാറുന്നത് ഒരു തരത്തിലും ശരിയായ നടപടിയല്ല. മറിച്ച് അവരോട് വളരെ സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാണ് വേണ്ടത്.

കൊറോണാ വൈറസുമായി പോരാടാനുള്ള ഏറ്റവും ഫലവത്തായ രീതി സോഷ്യന്‍ ഡിസ്റ്റന്‍സിംഗാണ്, എന്നാല്‍ സോഷ്യന്‍ ഡിസ്റ്റന്‍സിംഗ് എന്നതിന്റെ അര്‍ഥം സോഷ്യന്‍ ഇന്ററാക്ഷന്‍- സാമൂഹിക സംവാദം- അവസാനിപ്പിക്കുക എന്നല്ല. വാസ്തവത്തില്‍ ഈ സമയത്ത് നമ്മുടെ എല്ലാ പഴയ സാമൂഹിക ബന്ധങ്ങള്‍ക്കും പുതിയ ഉണര്‍വ്വ് നല്‍കേണ്ടതുണ്ട്, ആ ബന്ധങ്ങള്‍ പുതുക്കേണ്ടതുണ്ട്- ഒരു തരത്തില്‍ നാം പറയേണ്ടത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് – സാമൂഹിക അകലം വര്‍ധിപ്പിക്കൂ, വൈകാരികമായ അകല്‍ച്ച കുറയ്ക്കൂ എന്നാണ്. ഞാന്‍ വീണ്ടും പറയുന്നു, സാമൂഹിക അകല്‍ച്ച വര്‍ധിപ്പിക്കൂ, വൈകാരക അകല്‍ച്ച കുറയ്ക്കൂ.

ഭുവനേശ്വറില്‍ നിന്നുള്ള പ്രത്യൂഷ് ദേവാശിഷും കല്‍ക്കത്തയില്‍ നിന്നുള്ള വസുധാ മാധോഗഡിയായും പറഞ്ഞത് ഇതുവരെ വായിക്കാന്‍ സാധിക്കാതിരുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാന്‍ അവസരം കിട്ടി എന്നാണ്. ചിലര്‍, വര്‍ഷങ്ങളായി വീട്ടില്‍ വെറുതെ കിടന്നിരുന്ന തബല, വീണ പോലുള്ള സംഗീതോപകരണങ്ങള്‍ പുറത്തെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങി എന്ന് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിച്ചു. നിങ്ങള്‍ക്കും അതു ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് സംഗീതത്തിന്റെ ആനന്ദം ലഭിക്കുകയും ചെയ്യും പഴയ ഓര്‍മ്മകള്‍ പുതുക്കാനും സാധിക്കും. അതായത് വിഷമം പിടിച്ച ഈ സമയത്ത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള സമയം ലഭിക്കുമെന്നു മാത്രമല്ല, സ്വന്തം അഭിരുചിയോട് ഇണങ്ങാനും സമയം ലഭ്യമാവുകയാണ്. പഴയ സുഹൃത്തുക്കളോടും കുടുംബത്തോടും ഫോണിലൂടെ സംവദിക്കാനുമുള്ള സമയം ലഭിക്കും.

നമോ ആപ് ല്‍ റൂര്‍ക്കിയില്‍ നിന്നുള്ള ശശി എന്ന സുഹൃത്ത് ചോദിച്ചിരിക്കുന്നു, ലോക്ഡൗണിന്റെ സമയത്ത് ഫിറ്റ്നസിനുവേണ്ടി എന്തു ചെയ്യാനാകും എന്ന്? ഈ ചുറ്റുപാടില്‍ നവരാത്രി ഉപവാസം എങ്ങനെ അനുഷ്ഠിക്കാനാകും? നിങ്ങളോട് ഒരു കാര്യം പറയട്ടെ, പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളിലേക്കു നോക്കാനുള്ള അവസരമാണ് നല്കിയിരിക്കുന്നത്. പുറത്തിറങ്ങാതിരിക്കാനും എന്നാല്‍ ഉള്ളിലേക്കു പ്രവേശിക്കാനും സ്വയം അറിയാന്‍ ശ്രമിക്കാനുമുള്ള അവസരമാണിത്. നവരാത്രിയിലെ ഉപവാസത്തെ സംബന്ധിച്ചിടത്തോളം ഇത് അവരവരും ശക്തിയും ഭക്തിയുമായി ബന്ധപ്പെട്ട കാര്യമാണ്. ഫിറ്റ്നസിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം പറയാനാണെങ്കില്‍ ഏറെയുണ്ടാകും എന്നാണ് തോന്നുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അതെക്കുറിച്ചുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാം. നരേന്ദ്രമോദി ആപ് ല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ആ വീഡിയോകള്‍ കാണാം. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കതില്‍ കാണാം, നിങ്ങള്‍ക്കതു പ്രയോജനപ്പെട്ടേക്കാം. എങ്കിലും ഒരു കാര്യം ഓര്‍ത്തോളൂ, ഞാന്‍ ഫിറ്റ്നസ് എക്സ്പേര്‍ട്ട് അല്ല, യോഗാ ടീച്ചറുമല്ല. കേവലം പ്രാക്ടീഷണര്‍ മാത്രമാണ്. യോഗയുടെ ചില ആസനങ്ങള്‍ കൊണ്ട് എനിക്ക് വളരെ പ്രയോജനമുണ്ടായിട്ടുണ്ടെന്നു തീര്‍ച്ചയായും വിചാരിക്കുന്നു. ലോക്ഡൗണ്‍ അവസരത്തില്‍ നിങ്ങള്‍ക്കും ഈ കാര്യങ്ങള്‍ പ്രയോജനപ്പെട്ടേക്കാം.

കൊറോണയ്ക്കെതിരെ അഭൂതപൂര്‍വ്വമായ യുദ്ധമാണ് നാം നയിക്കുന്നത്, വെല്ലുവിളി നിറഞ്ഞതുമാണ്. അതുകൊണ്ട് ഈ അവസരത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ലോകചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായിരിക്കും. കൊറോണയെ തടയാന്‍ ഭാരതവാസികള്‍ എടുത്തിരിക്കുന്ന എല്ലാ നടപടികളും, ഇപ്പോള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളുമാണ് ഭാരതത്തിന് കൊറോണയെന്ന മഹാമാരിക്കെതിരെ വിജയം സമ്മാനിക്കുന്നത്. ഓരോ ഭാരതീയന്റെയും സംയമനവും ദൃഢനിശ്ചയവുമായിരിക്കും നമ്മെ ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് രക്ഷിക്കുക. അതോടൊപ്പം ദാരിദ്രരോടുള്ള നമ്മുടെ മനോഭാവവും കൂടുതല്‍ അനുഭാവപൂര്‍ണ്ണമാകണം. എവിടെയെങ്കിലും ദരിദ്രനെയോ, കഷ്ടപ്പെടുന്നവനെയോ വിശക്കുന്നവനെയോ കണ്ടാല്‍ ഈ ആപത്ഘട്ടത്തില്‍ നാം ആദ്യം അവന്റെ വിശപ്പടക്കാന്‍ സഹായിക്കും, അവന് എന്താണ് വേണ്ടതെന്നു ചിന്തിക്കും… ഇത് ഭാരതത്തിന് ചെയ്യാനാകും. ഇത് നമ്മുടെ സംസ്‌കാരമാണ്, നമ്മുടെ സംസ്‌കൃതിയാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് എല്ലാ ഭാരതീയനും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വീട്ടില്‍ അടച്ചിരിക്കയാണ്. എന്നാല്‍ വരും സമയത്ത് ഈ ഭാരതീയന്‍തന്നെ സ്വന്തം രാജ്യത്തിന്റെ വികസനത്തിന് എല്ലാ മതിലുകളും തകര്‍ത്ത് മുന്നേറും, രാജ്യത്തെ മുന്നോട്ടു നയിക്കും. നിങ്ങള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ ഇരിക്കൂ, സുരക്ഷിതരായിരിക്കും, സൂക്ഷിച്ചിരിക്കൂ- നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ. തീര്‍ച്ചയായും നാം ജയിക്കും.

Categories: FK Special