ജോഗീന്ദര്‍ ശര്‍മയുടെ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തെ പ്രശംസിച്ച് ഐസിസി

ജോഗീന്ദര്‍ ശര്‍മയുടെ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തെ പ്രശംസിച്ച് ഐസിസി

ന്യൂഡല്‍ഹി: 2007 ല്‍ ഇന്ത്യ ടി20 പ്രഥമ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി കപ്പില്‍ മുത്തമിട്ടപ്പോള്‍ അത് ഇന്ത്യയുടെ കായികചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഹരിയാനയില്‍ എസ്പിയാണ്. ഇപ്പോള്‍ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ അദ്ദേഹം മുന്‍നിരയില്‍ തന്നെയുണ്ട്. ഇതിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണു ഐസിസി. ടി20 2007 ലെ ലോകകപ്പ് ഹീറോ 2020 ല്‍ യഥാര്‍ഥ ലോകത്തിലെ ഹീറോ ആയിരിക്കുന്നു എന്നാണു കഴിഞ്ഞ ശനിയാഴ്ച ഐസിസി അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പൊലീസ് വേഷത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോഗീന്ദറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ 2007 മുതല്‍ ഞാന്‍ ഡിഎസ്പിയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇപ്പോള്‍ ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലി വെല്ലുവിളി നിറഞ്ഞതാണ്. കാരണം കൊറോണ വൈറസിനെ കുറിച്ചു ജനങ്ങളുടെയിടയില്‍ പൊതുവായൊരു ഭയം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, എനിക്ക് നിങ്ങളോട് പറയുവാനാകും ഞാന്‍ കഴിഞ്ഞ കാലങ്ങളില്‍ അഭിമുഖീകരിച്ച നിരവധി വെല്ലുവിളികളില്‍ ഒന്നു മാത്രമാണ് ഇപ്പോഴത്തേതെന്ന് ‘ ജോഗീന്ദര്‍ പറഞ്ഞു. ഞങ്ങളുടെ ഡ്യൂട്ടി സമയം രാവിലെ ആറിന് ആരംഭിക്കും. തുടര്‍ന്നു പട്രോളിംഗ് നടത്തും. ആളുകളെ ബോധവാന്മാരാക്കും, വിനോദത്തിനായി പുറപ്പെടുന്നവരെ അവരുടെ വീടുകളിലേക്ക് അയയ്ക്കും. അവശ്യവസ്തുക്കളോ വൈദ്യസഹായമോ ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യും. ധിക്കരിക്കുന്നവര്‍ക്കെതിരേയും നിയമം ലംഘിക്കുന്നവര്‍ക്കെതിരേയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും-ജോഗീന്ദര്‍ പറഞ്ഞു.

77 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജോഗീന്ദര്‍ ശര്‍മ 2007 ല്‍ ടി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ എറിയുകയും പാക് ബാറ്റ്‌സ്മാന്‍ മിസ്ബാ ഉള്‍ ഹഖിന്റെ വിക്കറ്റ് എടുക്കുകയും ചെയ്തതോടെ താരമായി മാറുകയായിരുന്നു.

Comments

comments

Categories: FK News