ഈജിപ്തില്‍ പണം പിന്‍വലിക്കുന്നതിന് പരിധിയേര്‍പ്പെടുത്തി

ഈജിപ്തില്‍ പണം പിന്‍വലിക്കുന്നതിന് പരിധിയേര്‍പ്പെടുത്തി

വൈറസ് വ്യാപനം കുറയ്ക്കുന്നതിനായി ഇലക്ട്രോണിക് പണമിടപാട് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഹ്വാനം

കെയ്‌റോ: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ആശങ്കകള്‍ക്കിടെ ഒരു ദിവസം ഉപഭോക്താക്കള്‍ക്ക് എക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്നതും എ്ക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതുമായ പണത്തിന് താത്കാലിക പരിധി ഏര്‍പ്പെടുത്താന്‍ ഈജിപ്ത് കേന്ദ്രബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വ്യക്തികള്‍ക്ക് 10,000 ഈജിപ്ഷ്യന്‍ പൗണ്ട് വരെയും കമ്പനികള്‍ക്ക് 50,000 പൗണ്ട് വരെയും പരിധി ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് പോലുള്ള ആവശ്യങ്ങളെ നിര്‍ദ്ദേശത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എടിഎം മുഖേന പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള പരിധി 5,000 പൗണ്ടാക്കി പരിമിതപ്പെടുത്തി.

ആളുകള്‍ പേപ്പര്‍ കറന്‍സികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങളെയും ഇ-പേയ്‌മെന്റ്‌സിനെയും ആശ്രയിക്കണമെന്നും കേന്ദ്രബാങ്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പൗരന്മാരുടെ സൗകര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ ബാങ്കുകളും ഇലക്ട്രോണിക് പണമിടപാട് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ റദ്ദ് ചെയ്തതായും ബാങ്ക് വ്യക്തമാക്കി.

ഈജിപ്തില്‍ ആകെ 580ലധികം കൊറോണ വൈറസ് കേസുകളും 36 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Comments

comments

Categories: Arabia