ദുബായ് സ്വതന്ത്ര മേഖല കൗണ്‍സില്‍ സാമ്പത്തിക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ദുബായ് സ്വതന്ത്ര മേഖല കൗണ്‍സില്‍ സാമ്പത്തിക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു
  • വാടക അടവില്‍ കമ്പനികള്‍ക്ക് ആറുമാസത്തെ ഇളവ്
  • ഫീസ് അടയ്ക്കാന്‍ ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം
  • സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കിയ പണം തിരിച്ചുനല്‍കല്‍
  • വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരായി ചുമത്തിയ പിഴ റദ്ദ് ചെയ്യല്‍

ദുബായ്: ദുബായിലെ സ്വതന്ത്ര വ്യാപാര മേഖലകളുടെ വികസന ചുമതലയുള്ള ദുബായ് സ്വതന്ത്ര മേഖല കൗണ്‍സില്‍ കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും കമ്പനികളെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ പാക്കേജിനെ പിന്താങ്ങുന്ന പുതിയ പാക്കേജ് സ്വതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് നടത്തിപ്പിനുള്ള ചിലവ് കുറയ്ക്കുക, സാമ്പത്തിക ബാധ്യതകളില്‍ നിന്നും അവര്‍ക്ക് ആശ്വാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടിയതാണ്.

അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് പാക്കേജിലുള്ളത്. വാടക അടവില്‍ കമ്പനികള്‍ക്ക് ആറുമാസത്തെ ഇളവ്, ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം, സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കിയ പണം തിരിച്ചുനല്‍കല്‍, വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരായി ചുമത്തിയ പിഴ റദ്ദ് ചെയ്യല്‍ എന്നിവ അവയില്‍ ചിലതാണ്. 2020ലെ ശേഷിക്കുന്ന മാസങ്ങളില്‍ സ്വതന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മില്‍ ജോലി കൈമാറ്റം നടത്തുന്നതിനുള്ള താത്കാലിക കരാറുകള്‍ക്ക് അതോറിട്ടി അനുവാദം നല്‍കി. മെച്ചപ്പെട്ട ജോലി അവസരം തേടുന്ന തൊഴിലാളികള്‍ക്കും മറ്റ് തൊഴിലുകള്‍ കണ്ടെത്തുന്നതിനായി തൊഴിലുടമകള്‍ ശമ്പളമില്ലാത്ത അവധി അനുവദിച്ചിരിക്കുന്ന തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണിത്.

കമ്പനികളുടെ ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതും ദുബായ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം ഇപ്പോഴുള്ള പ്രതിസന്ധി വിജയകരമായി മറികടക്കാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സയീദ് വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ കമ്പനികള്‍ക്ക് മതിയായ പണലഭ്യത ഉറപ്പാക്കാനും മത്സരക്ഷമതയും സുസ്ഥിര വളര്‍ച്ചയും നിലനിര്‍ത്തുന്നതിനും വേണ്ട നടപടികള്‍ ഉത്തേജന പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഷേഖ് അഹമ്മദ് അറിയിച്ചു.

സ്വതന്ത്ര മേഖല കൗണ്‍സിലിനൊപ്പം ദുബായ് സിലിക്കണ്‍ ഒയാസിസ് അതോറിട്ടി, ദുബായ് എയര്‍പോര്‍ട്ട് സ്വതന്ത്ര മേഖല അതോറിട്ടി, ജബെല്‍ അലി സ്വതന്ത്ര മേഖല, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് ഇന്റെര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ദുബായ് ഡെവലപ്‌മെന്റ് അതോറിട്ടി, ദുബായ് സൗത്ത്, മെയ്ദാന്‍ സിറ്റി കോര്‍പ്പറേഷന്‍, ദുബായ് മള്‍ട്ടി കമോഡിറ്റി സെന്റര്‍ എന്നിവര്‍ ഒരുമിച്ചാണ് ഉത്തേജന പാക്കേജ് നടപ്പിലാക്കുന്നത്. പുതിയ കമ്പനികള്‍ക്കുള്ള വാര്‍ഷിക ലൈസന്‍സ് ഫീസ് റദ്ദ് ചെയ്യുന്നതടക്കം അഞ്ച് ഉദ്യമങ്ങളാണ് ദുബായ് ഇന്റെര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ മുമ്പോട്ടുവെച്ചിട്ടുള്ളത്. നിലവിലെ കമ്പനികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസില്‍ 10 ശതമാനം ഇളവ് അനുവദിക്കാനും മൂന്ന് മാസത്തിനിടെയുള്ള പ്രോപ്പര്‍ട്ടി ഇടപാടുകള്‍ക്ക് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള ഫീസ് കുറയ്ക്കാനും ഡിഐഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്.

ദുബായ് ഡെവലപ്‌മെന്റ് അതോറിട്ടിയും ടെകോം ഗ്രൂപ്പും ഫീസുകളിലും മറ്റ് പണമടവുകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബിസിനസുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് ആറുമാസത്തേക്ക് റദ്ദ് ചെയ്യാനും ബില്‍ഡിംഗ് ലൈസന്‍സ്, സര്‍വീസുകള്‍ എന്നിവയ്ക്കുള്ള ഫീസ് അടവില്‍ ഇളവുകള്‍ അനുവദിക്കാനും ലൈസന്‍സ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നുള്ള പിഴകളില്‍ നിന്നും മറ്റ ധനകാര്യ, സര്‍വീസ് ഫീസുകളില്‍ നിന്നും അവരെ മുക്തരാക്കാനും ഇരു സ്വതന്ത്ര മേഖലകളും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല പണലഭ്യത ഉറപ്പാക്കുന്നതിനായി കമ്പനികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റുകള്‍ തിരിച്ചുനല്‍കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ദുബായ് മള്‍ട്ടി കമോഡിറ്റി സെന്ററും വിവിധ ഫീസുകളില്‍ കമ്പനികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 17,000 കമ്പനികളാണ് ഡിഎംസിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിഎംസിസിസിയില്‍ അംഗങ്ങളാകുന്ന പുതിയ കമ്പനികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസുകളില്‍ 50 ശതമാനം ഇളവ്, നിലവിലെ കമ്പനികള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ഫീസുകളില്‍ 30 ശതമാനം ഇളവ് എന്നിവ ഡിഎംസിസിയുടെ പ്രഖ്യാപനങ്ങളില്‍ ചിലതാണ്.

ദുബായ് സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ് എമിറേറ്റിലെ സ്വതന്ത്രമേഖലകള്‍. ദുബായുടെ മൊത്തം അഭ്യന്തര ഉല്‍പ്പാദനത്തില്‍ 33 ശതമാനം പങ്കാളിത്തമാണ് ഇവയ്ക്കുള്ളത്. 44,985ത്തോളം കമ്പനികള്‍ ദുബായിലെ സ്വതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 389,336 ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

Comments

comments

Categories: Arabia