ഡെട്രോയിറ്റ് ഓട്ടോ ഷോ റദ്ദാക്കി

ഡെട്രോയിറ്റ് ഓട്ടോ ഷോ റദ്ദാക്കി

ഇനി 2021 ജൂണില്‍ അടുത്ത വര്‍ഷത്തെ ഓട്ടോ ഷോ അരങ്ങേറും

ഡെട്രോയിറ്റ്: ഈ വര്‍ഷത്തെ നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോ ഉപേക്ഷിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംഘാടകരുടെ തീരുമാനം. ജൂണ്‍ 9 മുതല്‍ 20 വരെയാണ് ഓട്ടോ ഷോ നിശ്ചയിച്ചിരുന്നത്. ഇനി 2021 ജൂണില്‍ അടുത്ത വര്‍ഷത്തെ ഓട്ടോ ഷോ അരങ്ങേറും. ഓട്ടോ ഷോ നടക്കേണ്ടിയിരുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റി. ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കും.

ലോകമെങ്ങുമുള്ള വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ വാഹന ആശയങ്ങളും പുതിയ മോഡലുകളും അനാവരണം ചെയ്യുന്നതിന് തെരഞ്ഞെടുക്കുന്ന ഓട്ടോ ഷോകളിലൊന്നാണ് ഡെട്രോയിറ്റില്‍ സംഘടിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോ. ഏകദേശം രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരിക്കും 2021 ജൂണില്‍ ഡെട്രോയിറ്റ് ഓട്ടോ ഷോ നടക്കാന്‍ പോകുന്നത്. 2019 ജനുവരിയിലാണ് ഏറ്റവും ഒടുവിലത്തെ ഷോ അരങ്ങേറിയത്. ഈ വര്‍ഷം മുതല്‍ ജൂണ്‍ മാസത്തില്‍ ഡെട്രോയിറ്റ് ഓട്ടോ ഷോ സംഘടിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്.

കൊറോണ വൈറസ് ഏറ്റവുമധികം പടര്‍ന്നുപിടിച്ച യുഎസ് സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗണ്‍. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ ഉപേക്ഷിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ നടക്കേണ്ട ന്യൂയോര്‍ക്ക് ഓട്ടോ ഷോ ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ വേദിയും താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റുകയാണ്.

Comments

comments

Categories: Auto