കോവിഡ് 19: ഇന്ത്യ പൊരുതുകയാണ്

കോവിഡ് 19: ഇന്ത്യ പൊരുതുകയാണ്

കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ കാഴ്ച്ചവയ്ക്കുന്നത്. അതില്‍ തന്നെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ഏറ്റവുമധികം പ്രവാസികളുള്ള കേരളമാണ്. കൊറോണ ചൈനയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം കൊടുംനാശം വിതച്ച ശേഷമാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഈ രോഗത്തിന്റെ തീവ്രത മനസിലാക്കി ആരംഭഘട്ടം മുതല്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുകയാണെന്നത് ശരിയാണ്. എന്നാല്‍ ഈ മൂന്നാം ആഴ്ച്ചയിലും രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വര്‍ദ്ധനവ് ഉണ്ടാകാതെ നോക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്

കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വിപത്ത് വിതയ്ക്കുകയാണ്. ലോകത്തൊട്ടാകെ കൊറോണ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യയാകട്ടെ മുപ്പത്തയ്യായിരത്തോളവും. ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പരാജയം സമ്മതിച്ച മട്ടാണ്. ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിതരെ കണ്ടെത്തിയ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1.23 ലക്ഷമായി. അവിടെമാത്രം മരിച്ചത് രണ്ടായിരത്തി അഞ്ഞൂറോളംപേരാണ്. കൊറോണ തകര്‍ത്തെറിഞ്ഞ മറ്റൊരു രാജ്യമായ ഇറ്റലിയില്‍ മരണം പതിനൊന്നായിരം കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ ഭീഷണിയില്‍ വലയുന്ന സ്പെയിനിലും ജര്‍മ്മനിയിലും ഫ്രാന്‍സിലും കൊറോണ ബാധിതരുടെ എണ്ണം ദിവസംചെല്ലുന്തോറും ഉയരുകയാണ്.യൂറോപ്പില്‍ മാത്രം മരണസംഖ്യ ഏകദേശം ഇരുപത്തയ്യായിരമായി. എന്നാല്‍ കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ കാഴ്ച്ചവയ്ക്കുന്നത്. അതില്‍ തന്നെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ഏറ്റവുമധികം പ്രവാസികളുള്ള കേരളമാണ്. കൊറോണ ചൈനയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം കൊടുംനാശം വിതച്ച ശേഷമാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഈ രോഗത്തിന്റെ തീവ്രത മനസിലാക്കി ആരംഭഘട്ടം മുതല്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുകയാണെന്നത് ശരിയാണ്. എന്നാല്‍ ഈ മൂന്നാം ആഴ്ച്ചയിലും രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വര്‍ദ്ധനവ് ഉണ്ടാകാതെ നോക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാഹചര്യവും അത്തരത്തില്‍ തന്നെയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയെ പിന്നിലാക്കി രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം പ്രവാസികളുള്ള നമ്മുടെ സംസ്ഥാനത്തില്‍ കൈവിട്ടുപോകാമായിരുന്ന അവസ്ഥ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. ഈ റിപ്പോര്‍ട്ട് തയ്യറാക്കുന്ന സമയത്തെ കണക്ക് പ്രകാരം 918 രോഗികളാണ് രാജ്യത്തുള്ളത്. അതില്‍ 165 പേര്‍ കേരളത്തില്‍ നിന്നാണ്. എന്നാല്‍ അതില്‍ 75 ശതമാനത്തിലേറെപേര്‍ വിദേശത്ത് നിന്നും രോഗവുമായി എത്തിയവരാണ്. സര്‍ക്കാരും കൊറോണ ബാധിതരും കൈകൊണ്ട സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ വൈറസ് വ്യാപനം തടയാന്‍ സാധിച്ചു എന്നത് തന്നെയാണ് ഈ കണക്ക് ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ രോഗം തിരിച്ചറിയാത്തവരുടെ എണ്ണം നമുക്ക് ചുറ്റും എത്രയാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. രാജ്യത്തെ പിന്നോക്ക പ്രദേശങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ എത്രപേരുണ്ട് എന്നത് ചോദ്യചിഹ്നമാണ്.

കോവിഡ് 19: ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍

2019 ഡിസംബര്‍ അവസാനത്തോടെ ചൈനീസ് പ്രവിശ്യയായ വുഹാനില്‍ ഒരു മത്സ്യ മാര്‍ക്കറ്റില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ബാധ ലോകമൊട്ടാകെ നാശം വിതച്ച് 2020 മാര്‍ച്ചോടെ കേരളത്തില്‍ എത്തിനില്‍ക്കുന്നു. മൃഗങ്ങളില്‍ നിന്ന് ആകസ്മികമായി മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ച കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരു വൈറസ് ആണ് കോവിഡ് 19. എന്നാല്‍ ഏത് മൃഗത്തില്‍ നിന്നുമാണ് ഇത് മനുഷ്യരിലേക്ക് പടര്‍ന്നത് കണ്ടെത്താന്‍ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഏതോ വന്യമൃഗത്തില്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു. കൊറോണ വൈറസ് ഇന്‍ഡിറ്റേര്‍മിനേറ്റ് എന്നാണ് ഈ വൈറസിന്റെ യഥാര്‍ത്ഥ പേര്. ലോകാരോഗ്യ സംഘടന, ലോക രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ മന്ത്രാലയം, ആരോഗ്യ വകുപ്പ് എന്നിവരുടെ ധീരമായ തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകള്‍ നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട്. എങ്കിലും ഒരു സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ നമ്മള്‍ ഓരോരുത്തരും ചില കാര്യങ്ങള്‍ അറിഞ്ഞു വെക്കേണ്ടതുണ്ട്. ഇത് കൊറോണ വൈറസിനെ പടിക്കു പുറത്ത് നിറുത്താനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കും.

പടരുന്ന വിധം: രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങള്‍, തുപ്പല്‍ എന്നിവയിലൂടെ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരുന്നു. രോഗി ഉപയോഗിക്കുന്ന ഈ സ്രവങ്ങള്‍ പുരണ്ട വസ്തുക്കളില്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഈ വൈറസ് നിലനില്‍ക്കും.

ലക്ഷണങ്ങള്‍ : ചുമ, പനി, തുമ്മല്‍, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കോവിഡ് 19 നെ വേര്‍തിരിച്ചു പറയുക ബുദ്ധിമുട്ടാണ്. ഇതില്‍ ശ്വാസം മുട്ടാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം. പ്രമേഹം, ശ്വാസകോശരോഗം, കാന്‍സര്‍, തുടങ്ങിയ അസുഖങ്ങളാല്‍ ആരോഗ്യം കുറഞ്ഞ വ്യക്തികള്‍, വൃദ്ധര്‍, കൈക്കുഞ്ഞുങ്ങള്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് വൈറസ് ബാധയെ കൂടുതല്‍ ഗൗരവമായി കാണേണ്ടത്. കൊറോണ വൈറസ് ബാധിതരില്‍ 20-30 ശതമാനം പേരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഈ 20-30 ശതമാനം പേരില്‍ 2-3 ശതമാനം പേര്‍ മരണത്തിന് കീഴ്പ്പെടുന്നു.

മുന്‍കരുതലുകള്‍: വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗബാധിതര്‍ ഉപയോഗിച്ച പ്രതലങ്ങള്‍ ഇടയ്ക്കിടെ സോപ്പ് സൊലൂഷന്‍സ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇവര്‍ ഉപയോഗിച്ച തുണികള്‍, കിടക്ക വിരികള്‍ എന്നിവ നശിപ്പിക്കുകയോ അല്ലെങ്കില്‍ അണുനശീകരണം നടത്തുകയോ ചെയ്യുക. ആളുകള്‍ തിങ്ങിനിറഞ്ഞ തിയേറ്റര്‍, മാള്‍, ബീച്ച്, സര്‍ക്കസ്, ഉത്സവങ്ങള്‍ എന്നീ സ്ഥലങ്ങള്‍ ഈ സമയത്ത് ഉചിതമെങ്കില്‍ ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ ഉപയോഗിച്ച് മുഖം തൊടാതിരിക്കുക. സിഗരറ്റ്, ഇന്‍ഹേലര്‍ എന്നിവയുടെ കൂട്ടായ ഉപയോഗം ഒഴിവാക്കുക. സാമൂഹ്യ അകല്‍ച്ചയാണ് ഇതിന് പ്രധാന മുന്‍കരുതല്‍. അതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്‌ഡൊണ്‍ പാലിക്കുക. പുറത്തിറങ്ങാതിരിക്കുക.

രോഗബാധ സംശയമുള്ളവര്‍ ചെയ്യേണ്ടത്: പനി, ചുമ, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങള്‍ നേരത്തെ പറഞ്ഞ പോലെ വിദേശയാത്ര കഴിഞ്ഞവര്‍ അല്ലെങ്കില്‍ അവരുമായി അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് വന്നാല്‍ തീര്‍ച്ചയായും കോവിഡ് 19 വൈറസ് ബാധ സംശയിക്കണം. ഇങ്ങനെയെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ (അതാത് ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ്) ബന്ധപ്പെടുകയും അവര്‍ അനുശാസിക്കുന്ന സെല്‍ഫ് ക്വാറന്റൈന്‍ (പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം)അല്ലെങ്കില്‍ കൊറോണ വൈറസ് ഇന്‍ഫെക്ഷന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിക്കപ്പെടേണ്ടതോ ആണ്. ഇത് കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും, തങ്ങള്‍ അടുത്തിടപഴകുവാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കേണ്ടതുമാണ്. ഈ ഏകാന്തവാസം വരെ 28 ദിവസം നീണ്ടുനില്‍ക്കാം.നിലവില്‍ കോവിഡ് 19 വൈറസിന് എതിരെയുള്ള പ്രത്യേക മരുന്നുകള്‍ അല്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവ ഈ സമയം വരെ ലഭ്യമല്ല. എന്നാല്‍ ഇവ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കോവിഡ് 19 പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സിക്കണം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മെഡിക്കല്‍ കോളേജുകളിലും പ്രധാന ജനറല്‍ / ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയാണ് ചികില്‍സ നടക്കുന്നത്. എല്ലാ ആശുപത്രികളിലും അണുനശീകരണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രോഗം കടുത്താല്‍ ആന്തരികാവയവങ്ങളെ ബാധിക്കും. ഗുരുതരാവസ്ഥയില്‍ മരണത്തിന് വരെ സാദ്ധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ല. അതിനാല്‍ അനുബന്ധ ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതിന്റെ മാര്‍ഗരേഖയാണ് ഇറക്കിയത്.

ലോക്ക്ഡൗണ്‍ നമ്മുടെ സുരക്ഷയ്ക്ക്; പാക്കേജുമായി കേന്ദ്രം

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. കോവിഡ് രോഗ ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തേക്കാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 80 കോടി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളും. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ വരും. അടുത്ത മൂന്നു മാസം ഓരോ മാസവും അഞ്ചു കിലോ ധാന്യം (ഗോതമ്പോ അരിയോ) സൗജന്യമായി ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന അഞ്ചു കിലോയ്ക്കു പുറമേയാണിത്. കൂടാതെ ഓരോ കിലോ പരിപ്പോ ഉഴുന്നോ പയറോ സൗജന്യമായി നല്‍കും. ഒരു മാസത്തില്‍ രണ്ടു ഘട്ടമായി ഇതു വാങ്ങാം.

8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നല്‍കും. ഏപ്രില്‍ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ചു. വേതനം 202 രൂപയായി ഉയര്‍ത്തി. വിധവകള്‍ക്ക് ആയിരം രൂപ നല്‍കും. മറ്റ് ആനുകൂല്യങ്ങള്‍ ഇവയാണ്.

 • വനിതകള്‍ക്കു ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നല്‍കും.
 •  എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യ എല്‍പിജി സിലിണ്ടര്‍ അനുവദിക്കും.
 • ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും. നൂറ് തൊഴിലാളികള്‍ വരെയുള്ളതും അതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ വരുമാനവും ആയിരിക്കണം.
 •  ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി
 •  വൃദ്ധര്‍, വിധവകള്‍, ദിവ്യാംഗജനം എന്നിവര്‍ക്കു മൂന്നു മാസത്തേക്ക് 1000 രൂപ
 • വനിതാ സ്വയം സഹായ സംഘം ദീന്‍ദയാല്‍ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പ 20 ലക്ഷം രൂപയാകും (ഏഴ് കോടി സംഘങ്ങള്‍ക്ക് സഹായം ലഭിക്കും)
 • നിര്‍മാണത്തൊഴിലാളികളുടെ ക്ഷേനിധി ഫണ്ടിലെ 31000 കോടി രൂപയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കണം. മൂന്നരക്കോടി റജിസ്റ്റര്‍ ചെയ്ത ജീവനക്കാരാണുള്ളത്.
 • ജില്ലാ മിനറല്‍ ഫണ്ട് ഇതില്‍ നിന്നുള്ള തുക സംസ്ഥാനങ്ങള്‍ക്ക് കോവിഡ് തടയാനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം

ആശ്വാസപാക്കേജുമായി സംസ്ഥാനവും

 • കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സംസ്ഥാനത്തിന്റെത്. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.
 •  കുടുംബശ്രീ വഴി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യമാകുക
 • ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.
 • ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്റെ വിതരണം മാര്‍ച്ച് മാസം ആരംഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷനാണ് ആദ്യഘട്ടം നല്‍കുക. ഇതിനായി 1320 കോടി രൂപ ചെലവാകും. 50 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് നിലവില്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. കുടിശ്ശിക പെന്‍ഷനും കൊടുത്തുതീര്‍ക്കും.
 • സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങാത്ത ബിപിഎല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതംനല്‍കും. 100 കോടി ഇതിനായി വിനിയോഗിക്കും.
 • എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 10 കിലോ എന്ന നിരക്കില്‍ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കും. 100 കോടി രൂപ ഇതിനായി വകയിരുത്തും.
 • 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 50 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. രാജ്യത്തിനാകെ മാതൃകയാണ് ഈ പ്രവര്‍ത്തനം.
 • ഹെല്‍ത്ത് പാക്കേജുകള്‍ക്കായി 500 കോടി രൂപ വിലയിരുത്തും.
 •  14000 കോടി രൂപ കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാനായി ചെലവഴിക്കും.
 • ഓട്ടോറിക്ഷ, ടാക്സി ഉടമകള്‍ക്ക് ഈ ഘട്ടത്തില്‍ നല്‍കേണ്ട ഫിറ്റ്നസ് ചാര്‍ജ് ഇളവ് നല്‍കും. ബസുകള്‍ക്ക് ടാക്സില്‍ ഇളവ്. സ്റ്റേജ് കാര്യേജുകള്‍ക്ക് മൂന്നു മാസത്തെ ടാക്സില്‍ ഒരു മാസത്തെ ഇളവ്. കോണ്‍ട്രാക്ട് കാര്യേജുകള്‍ക്കും തത്തുല്യമായ ഇളവ് നല്‍കും. മൊത്തം 23.60 കോടിയുടെ ഇളവ്
 •  വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം. തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്സില്‍ ഇളവ് നല്‍കും.
 •  കോവിഡിന്റെ വ്യാപന സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് കോവിഡ് 19 വ്യാപനമുണ്ടായാല്‍ നേരിടാന്‍ സൈനിക ആശുപത്രി സഹായം ലഭിക്കും. ബാരക്കുകളെ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കിമാറ്റും.

കൊറോണയെ നമ്മുടെ രാജ്യത്ത് നിന്നും തുരത്തുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. അവര്‍ക്കൊപ്പം സഹകരിക്കുകയാണ് ഇപ്പോള്‍ ഓരോ ജനങ്ങളുടെയും കടമ. ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൊണ്ട് സാമൂഹ്യഅകലം പാലിക്കുക എന്നതാണ് ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രധാന പ്രവര്‍ത്തനം. അടിയന്തരഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങാതിരിക്കുക. അതോടൊപ്പം ഈ ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണി കിടക്കുന്ന അയല്‍വാസികളുണ്ടെങ്കില്‍ സാമൂഹ്യഅകലം പാലിച്ചുകൊണ്ടുതന്നെ അവരെ സഹായിക്കുക.

Categories: FK Special, Slider
Tags: Covid 19