എതിര്‍ദിശയിലേക്ക് നീങ്ങുന്നവരുടെ ഏകോപനം

എതിര്‍ദിശയിലേക്ക് നീങ്ങുന്നവരുടെ ഏകോപനം

കൊറോണയ്ക്ക് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ല, പടരുന്ന വൈറസ് പാര്‍ട്ടിയും നോക്കാറില്ല

കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളോട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയെ പുറത്തുകൊണ്ടുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച് പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ വ്യക്തമായ അഭിപ്രായവ്യത്യാസമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ അവര്‍ക്കിടയില്‍ ഒരു ഏകോപനമില്ലായ്മ ഈ പ്രതിസന്ധി ഘട്ടത്തിലും നിലനില്‍ക്കുന്നു. ലോകം ഇന്നു നേരിടുന്നത് മരുന്ന് ഇതുവരെ കണ്ടു പിടിച്ചിടില്ലാത്ത ഒരു പകര്‍ച്ചവ്യാധിയെയാണ്. ഈ അവസരത്തില്‍ രാജ്യത്തെ നൂറ്റാണ്ടു പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി ഈ മഹാമാരിയെക്കുറിച്ച് യോജിപ്പോടെ പ്രതികരിക്കേണ്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ശക്തമായ നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ നല്‍കേണ്ടിയിരുന്നു. ഇതുവരെ അത് സംഭവിച്ചിട്ടില്ല. പലരും ഈ വിഷയം ഇപ്പോഴും രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നു എന്നതു തന്നെയാണ് ഇതിനുകാരണം. കൊറോണയ്ക്ക് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ല, പടരുന്ന വൈറസ് പാര്‍ട്ടിയും നോക്കാറില്ല എന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

കോവിഡ് -19 വ്യാപനത്തിനോടുള്ള മോദി സര്‍ക്കാരിന്റെ പ്രതികരണത്തെ രാഹുല്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചും അതിനുമുമ്പുള്ള ‘ജനത കര്‍ഫ്യൂ’വിനെപ്പറ്റിയും അദ്ദേഹം കൂടുതല്‍ സംസാരിച്ചിട്ടില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, അശോക് ഗെലോട്ട്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തത വരുത്തേണ്ടിയിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടി ഔദ്യോഗികമായി ഒരു തീരുമാനം പുറപ്പെടുവിക്കേണ്ടതായിരുന്നു. കാരണം ജനതാ കര്‍ഫ്യൂ എന്നത് രാജ്യത്ത് പുതിയ കാര്യമായിരുന്നു. അവിടെ രാഹുലിനെപ്പോലൊരാള്‍ പ്രതികരിക്കുന്നില്ല എന്നത് വിചിത്രമാണ്. നിലവില്‍ ലോക്ക്ഡൗണ്‍ പോലൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമെ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ കഴിയു എന്ന് ലോകത്തിനു മുമ്പിലുള്ള ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയില്‍ സാമൂഹിക അകലം പാലിക്കാന്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കേണ്ടിയിരുന്നു. ലോക്ക്ഡൗണ്‍ രാജ്യത്തിന് വമ്പിച്ച സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നും എങ്കിലും പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്നു എന്ന കഴിഞ്ഞ ദിവസത്തെ ഒരു ട്വീറ്റ് മാത്രമാണ് ഇവിടെ രാഹുലിന്റെ സംഭാവന.

ചില നേതാക്കളുടെ വ്യക്തിപരമായ പ്രസ്താവനകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കൊറോണയെ നേരിടുന്നതില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനോ ഒരു ആഹ്വാനം നടത്തുന്നതിനോ പോലും പാര്‍ട്ടിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? നാളെ ഒരു തെരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരാവുന്ന സാധാരണക്കാരന്റെ ചോദ്യമാകും അത്.

കൊറോണ വൈറസ് പകര്‍ച്ച വ്യാധി കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ കഴിവില്ലായ്മയെക്കുറിച്ച് ജനങ്ങള്‍ക്കുമുമ്പില്‍ വിശദീകരിക്കാനുള്ള ഒരു അവസരമായി ഇതിനെ രാഹുല്‍ കാണുന്നതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഫെബ്രുവരിയില്‍ തന്നെ ഇത് വ്യാപിച്ചതിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് രാഹുലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ‘ജനത കര്‍ഫ്യൂ’വിനെ അദ്ദേഹം പരിഹസിച്ചിരുന്നു. ഈ സമയത്ത് കൈയ്യടിച്ചും പാത്രങ്ങളില്‍ കൊട്ടിയും അവശ്യ സേവനങ്ങള്‍ നല്‍കുന്നവരോട് നന്ദി പ്രകടിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നടപടി ചെറുകിട, ഇടത്തരം ബിസിനസുകാരെയും ദൈനംദിന വേതനക്കാരെയും സഹായിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ മാത്രമാണ് അദ്ദേഹം പൂര്‍ണമായി പിന്തുണച്ചത്. ശരിയായ പാതയിലെ ആദ്യ ചുവടുവെപ്പ് എന്നാണ് രാഹുല്‍ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. നേരിട്ടുള്ള പണ കൈമാറ്റം, നികുതിയിളവ്, വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സാമ്പത്തിക പാക്കേജ് മാത്രമാണ് ഈ അവസരത്തില്‍ ഗുണകരം എന്ന് രാഹുലിന്റെ ട്വീറ്റിലുണ്ട്.

കോവിഡ് -19 നെക്കുറിച്ച് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള സംരക്ഷണ ഉപകരണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഇന്ത്യ എന്തുകൊണ്ട് ശേഖരിക്കുന്നില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈമാസം 19വരെ വെന്റിലേറ്ററുകളുടെയും ശസ്ത്രക്രിയാ മാസ്‌കുകളുടെയും സ്റ്റോക്ക് സൂക്ഷിക്കുന്നതിനു പകരം കയറ്റുമതി അനുവദിച്ചത് എന്തിന് എന്നതായിരുന്നു രാഹുലിന്റെ ചോദ്യത്തിനു കാരണം. ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്നുവരെ അദ്ദേഹം ആരോപിക്കുന്നു. ഈ മാസം 23നുള്ള അദ്ദേഹത്തിന്റെ ട്വീറ്റിലാണ് ഇക്കാര്യമുള്ളത്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന പി ചിദം ബരം പ്രത്യക്ഷത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മോദി സര്‍ക്കാരിനെ എല്ലായ്‌പ്പോഴും വിമര്‍ശിക്കുന്ന നേതാവാണ് ചിദംബരം എന്നതിനാലാണ് ഇതില്‍ പ്രത്യേകതയുണ്ടാകാന്‍ കാരണം. അദ്ദേഹം ലോക്ക്ഡൗണിനെ പിന്തുണയ്ക്കുന്നു. ഒപ്പം ജനതാകര്‍ഫ്യൂ ആചരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം ഞാന്‍ ജനത കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നു- എന്നാണ് അദ്ദേഹം 22ന് ട്വീറ്റ് ചെയ്തത്. അതേസമയം ലോക്ക്ഡൗണ്‍ വൈകിയെന്ന അഭിപ്രായമാണ് ചിദംബരം നല്‍കിയത്. ഒപ്പം വൈകിയെങ്കിലും ഇത് നടപ്പാക്കാത്തതിനേക്കാള്‍ എത്രയോ മികച്ചതാണെന്ന് പറയുകയും ചെയ്തു. ലോക്ക്ഡൗണ്‍ എന്ന ആശയത്തെ പരിഹസിച്ചവര്‍ 21 ദിവസം മൗനം പാലിച്ചാല്‍ അത് രാജ്യത്തിന് നേട്ടമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധിമുട്ടുകള്‍ക്കിടയിലും ലോക്ക്ഡൗണിനെ പിന്തുണയ്ക്കാന്‍ അദ്ദേഹം എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ എംപി എന്നിവരും ലോക്ക്ഡൗണിനെ സ്വാഗതം ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുതിയതല്ല. മുന്‍പ് നിരവധി അവസരങ്ങളില്‍ ഇത് മറനീക്കി പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ഏകോപനമില്ലായ്മ വര്‍ധിച്ചിരിക്കുകയാണെന്ന് കാണാം. അതിനുശേഷം 370ാം വകുപ്പിന്റെ റദ്ദാക്കല്‍ പോലുള്ള നിര്‍ണായകഘട്ടങ്ങളിലും നേതാക്കളുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരുന്നു. പ്രധാനമായി നേതാക്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് രാഹുല്‍ സ്വീകരിച്ചത്. ഈ നടപടികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചു. അവസാനം ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു വരെ അത് എത്തിനില്‍ക്കുന്നു. നിര്‍ണായകമായ ഈ അവസരത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നിരവധി ആഹ്വാനങ്ങളും അവര്‍ക്കു വേണ്ട സഹായ സഹകരണങ്ങളും നല്‍കുന്നതിനായി അവര്‍ മുന്നിട്ടിറങ്ങേണ്ടതായിരുന്നു. ചില സ്ഥലങ്ങളില്‍ അത് നടക്കുന്നുണ്ട്. പക്ഷേ അതിന് രാജ്യവ്യാപകമായ ഒരു ഏകോപനം സാധ്യമാകുന്നില്ല. രാജ്യം ഭരിക്കാന്‍ ഒരുങ്ങുന്ന പാര്‍ട്ടിക്ക് ദേശവ്യാപകമായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്താനാകുന്നില്ല. അതിനായി മീറ്റിംഗുകളോ പൊതുയോഗങ്ങളോ ഒന്നും ആവശ്യമില്ല. ഡിജിറ്റല്‍ ബോധവല്‍ക്കരണം തന്നെ ധാരാളമാണ്. അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടും. ഇന്ന് രാജ്യത്തെ ഒരാള്‍ക്ക് ഭക്ഷണം ലഭ്യമാകുന്നില്ലെങ്കില്‍പ്പോലും അവരുടെ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനും ഡാറ്റയുമുണ്ടാകും. ഈ സാധ്യത ഉപയോഗിക്കാമായിരുന്നു. സാമൂഹിക അവബോധം സൃഷ്ടിച്ചെടുക്കാനും ഈ അവസരം പാര്‍ട്ടിക്ക് ഉപയോഗിക്കാമായിരുന്നു. കൂടെ ഭക്ഷണം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ അതെത്തിക്കാനുള്ള സൗകര്യവും ഒരുക്കാമായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ സോണിയാ ഗാന്ധി രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റായി വീണ്ടും നിയമിക്കുന്നതിന് തയ്യാറെടുക്കുന്നതും ഈ സമയത്താണ്.

യുദ്ധം, പകര്‍ച്ചവ്യാധി തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് പ്രതിപക്ഷ പിന്തുണ ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പൊതുവികാരം. എല്ലാകാര്യങ്ങളിലും സര്‍ക്കാരിനെ ലക്ഷ്യമിടാനുള്ള സമയമല്ലിത്. എന്നാല്‍ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കണം. പക്ഷേ ഇത് ഒരു സാധാരണ സാഹചര്യമല്ല, പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ടതുണ്ട്. രാഹുലിന്റെ നിലപാട് വിമര്‍ശനാത്മകമാണ്-ഒരു മുതിര്‍ന്ന നേതാവ് പറയുന്നു. ഈ അഭിപ്രായം തന്നെ രാഹുലും മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള വ്യത്യാസം പ്രകടമാക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍പ്പോലും രാഹുലിന് കടുത്ത ദേഷ്യവും അസ്വസ്ഥതയുമായിരുന്നുമെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹത്തിന് വളരെയധികം പിന്തുണ ലഭിക്കുന്നില്ല എന്നതും പാര്‍ട്ടിക്കുള്ളിലെ വ്യക്തമായ ഭിന്നതയാണ് കാണിക്കുന്നത്.

Comments

comments

Categories: Top Stories