ഗള്‍ഫ് വിമാനക്കമ്പനികളുടെ കാര്‍ഗോ സേവനങ്ങളില്‍ 20 ശതമാനം വര്‍ധന

ഗള്‍ഫ് വിമാനക്കമ്പനികളുടെ കാര്‍ഗോ സേവനങ്ങളില്‍ 20 ശതമാനം വര്‍ധന

അവശ്യസാധനങ്ങള്‍ക്കും മെഡിക്കല്‍ സാമഗ്രികള്‍ക്കും ഡിമാന്‍ഡ് ഉയരുന്നതോടെ കാര്‍ഗോ സേവനങ്ങള്‍ ഇനിയും വര്‍ധിക്കും

ദുബായ്: അവശ്യ സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഗള്‍ഫ് മേഖലയില്‍ കാര്‍ഗോ സര്‍വീസുകളില്‍ 20 ശതമാനം വര്‍ധന. കഴിഞ്ഞ ആഴ്ചയോടെ മേഖലയിലെ മിക്ക യാത്രാ വിമാനങ്ങളും നിലത്തിറക്കിയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഡിമാന്‍ഡ് കൂടിയതോടെ കാര്‍ഗോ സേവനങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായതായി ഗള്‍ഫിലെ എയര്‍ലൈന്‍ സേവന കമ്പനികളും വിമാനക്കമ്പനികളും വ്യക്തമാക്കി.

ചരക്ക് നീക്കത്തിനുള്ള ആവശ്യകത ഉയരുന്നതോടെ വിമാനക്കമ്പനികളുടെ കാര്‍ഗോ സേവനങ്ങളില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് വിമാനങ്ങള്‍ക്ക് സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബായ് ആസ്ഥാനമായ യുഎഎസ് ഇന്റെര്‍നാഷണല്‍ ട്രിപ്പ് സപ്പോര്‍ട്ട് കമ്പനി ഉടമയായ മുഹമ്മദ് അല്‍ ഹുസറി പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡാണ് അനുവഭവപ്പെടുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധി കുറച്ച് കാലത്തേക്ക് കൂടി നിലനില്‍ക്കുകയാണെങ്കില്‍ കാര്‍ഗോ സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വന്‍തോതില്‍ ഉയരുമെന്നാണ് താന്‍ കരുതുന്നതെന്നും ഹുസറി കൂട്ടിച്ചേര്‍ത്തു.

വിമാനങ്ങളുടെ കാര്‍ഗോ സേവനങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിയാദ് ആസ്ഥാനമായ എയര്‍പോര്‍ട്ട് നടത്തിപ്പ് കമ്പനിയായ ഡിഎഎ ഇന്റെര്‍നാഷണലും വ്യക്തമാക്കി. അതേസമയം അവശ്യസാധനങ്ങളുടെയും കോവിഡ്-19 പരിശോധന സാമഗ്രികള്‍ അടക്കമുള്ളവയുടെയും വേഗത്തിലുള്ള നീക്കം ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങള്‍ തുറന്നിടേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ വിമാനക്കമ്പനികളുമായും വിമാനത്താവള അധികൃതരുമായും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഡിഎഎ സിഇഒ നിക്കോളാസ് കോള്‍ പറഞ്ഞു. യാത്രാസേവനങ്ങള്‍ക്ക് മാത്രമല്ല, ചരക്ക് നീക്കത്തിലും വ്യോമയാന മേഖല സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന കാര്യം ലോകം ഓര്‍ക്കണമെന്നും സമയത്തിന് വലിയ പ്രാധാന്യമുള്ള ഈ അവസ്ഥയില്‍ കോവിഡ്-19 ടെസ്റ്റ് കിറ്റകളും ഫലപ്രദമായ വാക്‌സിനും അടക്കമുള്ള മെഡിക്കല്‍ സാമഗ്രികളുടെ വേഗത്തിലുള്ള നീക്കത്തിനായി യാത്രാസേവനങ്ങള്‍ നിര്‍ത്തിവെച്ചാലും കാര്‍ഗോ സേവനങ്ങള്‍ തുടരണമെന്ന് വിമാനത്താവളങ്ങളോടും വിമാനക്കമ്പനികളോടും ആവശ്യപ്പെടുകയാണന്നും നിക്കോളാസ് പറഞ്ഞു.

ഡിമാന്‍ഡ് വര്‍ധന കണക്കിലെടുത്ത് ചരക്ക് നീക്ക സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ ഉപ വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ അറിയിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും മെഡിക്കല്‍ സാമഗ്രികളും ഈട് നില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും യുഎഇയിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കുന്നതിനായി അധിക ചരക്ക് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി. ജനുവരി മധ്യം മുതല്‍ മാര്‍ച്ച് മധ്യം വരെ 225,000 ടണ്‍ കാര്‍ഗോയാണ് സ്‌കൈകാര്‍ഗോ വിവിധ ഇടങ്ങളില്‍ എത്തിച്ചത്. ഇതില്‍ 55,000 ടണ്‍ പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, കടല്‍വിഭവങ്ങള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളും 13,000 ടണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചരക്കുകളും ആയിരുന്നു. ഒരൊറ്റ ബോയിംഗ് 777 ചരക്ക് വിമാനത്തില്‍ മാത്രമായി അരമില്യണ്‍ യൂണിറ്റ് ഹാന്‍ഡ് സാനിറ്റൈസര്‍ വരെ എമിറേറ്റ്‌സ് വഹിച്ചിട്ടുണ്ട്.

ചരക്ക് നീക്കത്തിന് ഡിമാന്‍ഡ് കൂടിയതോടെ അബുദാബി ആസ്ഥാനമായ ഇത്തിഹാദ് കാര്‍ഗോയും അധിക വിമാനങ്ങളെ കാര്‍ഗോ സേവനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ബോയിംഗ് 777 ചരക്ക് വിമാനങ്ങള്‍ക്ക് പുറമേ ബോയിംഗ് 787-10 വിമാനങ്ങളെയും ചരക്ക് നീക്കത്തിനായി ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 10 വിപണികളിലേക്കായി പ്രതിവാരം 34 സര്‍വീസുകളാണ് ഇവ നടത്തുക.

Comments

comments

Categories: Arabia

Related Articles