പ്രതിസന്ധി കാലത്തും അബുദാബിയുടെ ക്രെഡിറ്റ് റേറ്റിംഗ് ഭദ്രം

പ്രതിസന്ധി കാലത്തും അബുദാബിയുടെ ക്രെഡിറ്റ് റേറ്റിംഗ് ഭദ്രം

ശക്തമായ സാമ്പത്തിക ശേഖരവും ആസ്തികളും കാര്യക്ഷമമായ നയരൂപീകരണവുമാണ്  AA/A-1+ ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ അബുദാബിയെ സഹായിച്ചത്

അബുദാബി ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ അബുദാബിയുടെ ക്രെഡിറ്റ് റേറ്റിംഗ് AA/A-1+ ല്‍ നിലനിര്‍ത്തി. ശക്തമായ ധനശേഖരവും ആസ്തികളും സന്ദര്‍ഭോചിതമായ നയരൂപീകരണവുമാണ് എണ്ണവിലത്തകര്‍ച്ചയിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയിലും തളരാതെ ദീര്‍ഘകാല-ക്രെഡിറ്റ് റേറ്റിംഗ് ആയ AA/A-1+ നിലനിര്‍ത്താന്‍ യുഎഇ തലസ്ഥാനമായ അബുദാബിയെ സഹായിച്ചത്.

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പരമാധികാര മേഖലകളുടെയോ വായ്പാ തിരിച്ചടവിനുള്ള ശേഷിയാണ് ക്രെഡിറ്റ് റേറ്റിംഗിലൂടെ അളക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് അബുദാബി ശക്തമായ സാമ്പത്തിക സ്ഥിതിയില്‍ തുടരുമെന്നാണ് എമിറേറ്റിന്റെ സന്തുലിതമായ സാമ്പത്തിക കാഴ്ചപ്പാട് വ്യക്തമാക്കുന്നതെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി. അബുദാബിയുടെ ആകെ ആസ്തി സ്ഥിതി എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 250 ശതമാനത്തിലും അധികമാണെന്നും റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. എണ്ണവില വ്യതിയാനങ്ങള്‍ക്കിടെയും തങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് നടത്തുന്ന പരമാധികാര മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന ആസ്തി നിലവാരം കാത്തുസൂക്ഷിക്കുന്ന ഒന്നായി തുടരാന്‍ അബുദാബിക്ക് സാധിച്ചു. എണ്ണവിലയിലെ ചാഞ്ചാട്ടം സാമ്പത്തിക വളര്‍ച്ചയിലും സര്‍ക്കാര്‍ വരുമാനത്തിലും ബാഹ്യ ചിലവിടലിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന പ്രാദേശിക രാഷ്രീയ അനിശ്ചിതാവസ്ഥയില്‍ നിന്നും അബുദാബിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് അവിടുത്തെ കനപ്പെട്ട ആസ്തികളാണ്. 2014ല്‍ എണ്ണയ്ക്ക് വില ഇടിഞ്ഞപ്പോള്‍ കാര്യക്ഷമമായ സാമ്പത്തിക പരിഷ്‌കാര നടപടികളാണ് അബുദാബി സര്‍ക്കാര്‍ കൈക്കൊണ്ടത്. 2018ലും 2019ലും സന്തുലിതമായ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ യുഎഇക്ക് സാധിച്ചത് സര്‍ക്കാരിന്റെ ഈ ഇടപെടല്‍ മൂലമാണെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഡിമാന്‍ഡ് ഇടിഞ്ഞ എണ്ണവിപണിയെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനായി എണ്ണ ഉല്‍പ്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനത്തില്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് സമവായത്തില്‍ എത്താതെ വന്നതോടെ എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. മാത്രമല്ല, ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളായ അമേരിക്ക, ചൈന, ജപ്പാന്‍, യുകെ, യൂറോപ്യന്‍ മേഖല എന്നിവ പകര്‍ച്ചവ്യാധി ഭയത്തില്‍ അതിര്‍ത്തികള്‍ അടച്ചൂപൂട്ടിയതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി. പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറുന്നതിനായി ഏകദേശം 7 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജനപാക്കേജാണ് ലോകത്താകമാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അന്താരാഷ്ട്ര വ്യാപാരത്തെയും യാത്ര, ടൂറിസം വിപണികളെയും താറുമാറാക്കി. ആഗോളതലത്തില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന 75 മില്യണ്‍ ആളുകളുടെ ഭാവി ഇന്ന് അനിശ്ചിതാവസ്ഥയിലാണ്.

പകര്‍ച്ചവ്യാധിയുടെ പരിണിത ഫലങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി അബുദാബി സര്‍ക്കാരും സാമ്പത്തി ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ജല, വൈദ്യുത സബ്‌സിഡികള്‍ക്കായി 5 ബില്യണ്‍ ദിര്‍ഹം, റെസ്റ്റോറന്റുകള്‍ക്കും ടൂറിസം അനുബന്ധ ബിസിനസുകള്‍ക്കും വാടകയില്‍ 20 ശതമാനം റിബേറ്റ്, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസുകളില്‍ ഇളവ് തുടങ്ങിയവ പ്രഖ്യാപനങ്ങളില്‍ ചിലതാണ്. 2019ല്‍ അവതരിപ്പിച്ച ഗദന്‍ 21 സാമ്പത്തിക ഉത്തേജന പരിപാടിയിലൂടെ മൂലധന ചിലവിടലും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായവും അബുദാബി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നതെന്നും എസ് ആന്‍ഡ് പി പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia

Related Articles