ഇന്ത്യയില്‍ വരിക വലിയ, 5 ഡോര്‍ ജിമ്‌നി

ഇന്ത്യയില്‍ വരിക വലിയ, 5 ഡോര്‍ ജിമ്‌നി

വിദേശങ്ങളില്‍ വില്‍ക്കുന്ന 3 ഡോര്‍ വേര്‍ഷനായിരിക്കില്ല ഇന്ത്യയില്‍ ലഭിക്കുന്നത്

ന്യൂഡെല്‍ഹി: സുസുകി ജിമ്‌നി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ജിമ്‌നി തുടക്കത്തില്‍ കയറ്റുമതി ആവശ്യങ്ങള്‍ക്ക് മാത്രമായി ഇന്ത്യയില്‍ നിര്‍മിക്കും. ഇതിനുശേഷമായിരിക്കും താരതമ്യേന ചെറിയ ഓഫ് റോഡ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിദേശങ്ങളില്‍ വില്‍ക്കുന്ന 3 ഡോര്‍ വേര്‍ഷനായിരിക്കില്ല ഇന്ത്യയില്‍ ലഭിക്കുന്നത്. പകരം കൂടുതല്‍ വലിയ, അഞ്ച് ഡോറുകളോടുകൂടിയ മാരുതി സുസുകി ജിമ്‌നി ഇന്ത്യന്‍ വിപണിയിലെത്തും. നിലവില്‍ 5 ഡോര്‍ ബോഡിസ്‌റ്റൈല്‍ വികസിപ്പിച്ചുവരികയാണ്.

കൂടുതല്‍ വലിയ കാബിന്‍, അധിക ഡോറുകള്‍ എന്നിവ നല്‍കുന്നതോടെ ഓഫ് റോഡര്‍ എന്നതിനപ്പുറം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന എസ് യുവിയായി മാരുതി സുസുകി ജിമ്‌നി മാറും. എന്നാല്‍ പുതിയ അളവുകള്‍ എങ്ങനെ ആയിരിക്കുമെന്ന് അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് വീല്‍ബേസ്. ഓഫ് റോഡ് ശേഷി കുറയുമോയെന്ന് വഴിയേ അറിയാം. വലുപ്പം മാറ്റിനിര്‍ത്തിയാല്‍ 3 ഡോര്‍, 5 ഡോര്‍ വകഭേദങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല. ലാഡര്‍ ഫ്രെയിം ഷാസിയില്‍ 5 ഡോര്‍ ജിമ്‌നി നിര്‍മിക്കും. ആക്‌സിലുകള്‍ കൂടുതല്‍ ദൃഢതയുള്ളതായിരിക്കും. ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസ് സഹിതം 4 വീല്‍ ഡ്രൈവ് സംവിധാനം നല്‍കും. 105 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യാ സ്‌പെക് 5 ഡോര്‍ ജിമ്‌നി ഉപയോഗിക്കുന്നത്. മാരുതി സുസുകി സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ മോഡലുകളില്‍ ഈ എന്‍ജിന്‍ കാണാം.

ഈ വര്‍ഷം ജൂണ്‍ മാസത്തോടെ മാരുതി സുസുകിയുടെ ഗുജറാത്തിലെ ഹന്‍സാല്‍പുര്‍ പ്ലാന്റില്‍ 3 ഡോര്‍ ജിമ്‌നി നിര്‍മിച്ചുതുടങ്ങും. കയറ്റുമതി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് 3 ഡോര്‍ ജിമ്‌നി ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ആറ് മാസങ്ങള്‍ക്കുശേഷം 5 ഡോര്‍ ജിമ്‌നി നിര്‍മിച്ചുതുടങ്ങും. ആഭ്യന്തര വില്‍പ്പന കൂടാതെ 5 ഡോര്‍ ജിമ്‌നിയും കയറ്റുമതി ചെയ്യും. മാരുതി സുസുകിയുടെ നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ ആയിരിക്കും 5 ഡോര്‍ ജിമ്‌നി വില്‍ക്കുന്നത്. പത്ത് ലക്ഷം രൂപയില്‍ താഴെ വില ആരംഭിക്കും. ഈ വിലയില്‍ ഫോഴ്‌സ് ഗൂര്‍ഖ, മഹീന്ദ്ര ഥാര്‍ എന്നീ ഓഫ് റോഡറുകള്‍ ആയിരിക്കും എതിരാളികള്‍.

Comments

comments

Categories: Auto