ലോക സമ്പദ് വ്യവസ്ഥയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് 5 ട്രില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ജി20 രാഷ്ട്രങ്ങള്‍

ലോക സമ്പദ് വ്യവസ്ഥയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് 5 ട്രില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ജി20 രാഷ്ട്രങ്ങള്‍
  • സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു
  • പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തു
  • ലോകസമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സംഘടന

റിയാദ്: കോവിഡ്-19 പകര്‍ച്ചവ്യാധി മൂലമുള്ള സാമൂഹിക, സാമ്പത്തിക, ധനകാര്യ പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി ലോക സമ്പദ് വ്യവസ്ഥയിലേക്ക് 5 ട്രില്യണ്‍ ഡോളര്‍ ഒഴുക്കുമെന്ന് ജി20 രാജ്യങ്ങള്‍. പകര്‍ച്ചവ്യാധിയെ തടുക്കുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടനയുമായും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും ചേര്‍ന്ന് ആവശ്യമായ എല്ലാ ആരോഗ്യ നടപടികളും കൈക്കൊള്ളുമെന്നും ഫണ്ടിംഗ് ലഭ്യമാക്കുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയില്‍ ജി20 രാഷ്ട്രനേതാക്കള്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ക്കിടെ ആഗോള വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ജി20 രാജ്യങ്ങള്‍ക്കിടയില്‍ പൊതുവെ ഏകസ്വരത്തിലുള്ള അഭിപ്രായമുയര്‍ന്ന സമ്മേളനം കൂടിയായിരുന്നു ഇത്തവണത്തേത്. അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ഒഴുക്കിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും വിതരണശൃംഖലയിലെ തടസങ്ങള്‍ പരിഹരിക്കുമെന്നും ജി20 രാജ്യങ്ങള്‍ ഉറപ്പ് നല്‍കി. അതേസമയം ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിരവധി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കയറ്റുമതി വിലക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സംഘടന തയാറായില്ല. അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനായി എല്ലാ അംഗങ്ങള്‍ക്കും സ്വീകാര്യമായ, പ്രതികരണങ്ങളായിരിക്കണം സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നാണ് ഇക്കാര്യത്തില്‍ ജി20 നേതാക്കള്‍ പ്രതികരിച്ചത്. ആരോഗ്യസംരക്ഷണത്തിനായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കൃത്യമായ ലക്ഷ്യത്തോടുകൂടിയതും ആനുപാതികവും സുതാര്യവും താത്കാലികവുമായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ ദുര്‍ബല രാഷ്ട്രങ്ങളുടെയും അഭയാര്‍ത്ഥികള്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെയും കാര്യത്തില്‍ ജി20 നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തി. അവര്‍ക്കായി ആഗോള സാമ്പത്തിക സുരക്ഷ ശൃംഖലയും ദേശീയ ആരോഗ്യ സംവിധാനങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംഘടന ചര്‍ച്ച ചെയ്തു. കോവിഡ്-19 എന്ന പൊതുവായ ഭീഷണിക്കെതിരെ ഒറ്റക്കെട്ടായ പ്രവര്‍ത്തനപദ്ധതി അവതരിപ്പിക്കാന്‍ സംഘടന ബാധ്യസ്ഥരാണെന്നും അംഗങ്ങള്‍ വിലയിരുത്തി.

ലോകം തികച്ചും അസാധാരണമായ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകെ ജി20 സംഘടനയുടെ മന്ദഗതിയിലുള്ള പ്രതികരണത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷനായ സൗദി അറേബ്യ വിര്‍ച്വല്‍ സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടക്കമുള്ളവര്‍ ഓണ്‍ലൈനായി ഉച്ചകോടിയില്‍ പങ്കുചേര്‍ന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ സാധനങ്ങളുടെയും സേവനങ്ങളുടെയും സാധാരണഗതിയിലുള്ള ഒഴുക്ക് ജി20 രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ലോക സമ്പദ് വ്യവസ്ഥതയിലുള്ള വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും സമ്മേളനത്തിന് അധ്യക്ഷത വഹിച്ച സല്‍മാന്‍ രാജാവ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

മത്സരരംഗത്തുള്ള ചിലരുടെ താല്‍പ്പര്യങ്ങള്‍ മാത്രം കണക്കിലെടുക്കുന്നതിന് പകരം എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആഗോളവല്‍ക്കരണത്തെ നിര്‍വചിക്കാന്‍ സംഘടന ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ്-19 പോലുള്ള അസാധാരണ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകളെ പുനര്‍രൂപീകരിക്കേണ്ടതിന്റെയും ശാക്തീകരിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും മോദി സംസാരിച്ചു. അങ്ങനെവന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ആരോഗ്യ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും രാജ്യങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കാനും ലോകാരോഗ്യ സംഘടനയെ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക് കഴിയുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള ആര്‍ജവം ജി20 വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയില്‍ കണ്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സംഘടനയിലെ ഓരോ രാജ്യങ്ങളും കോവിഡ്-19ക്കെതിരെ സ്വീകരിച്ച പ്രതിരോധ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയായതായി വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. പല തരത്തിലാണ് ഓരോ രാജ്യങ്ങളും കോവിഡ്-19യെ കൈകാര്യം ചെയ്യുന്നതെങ്കിലും എല്ലാവര്‍ക്കുമിടയില്‍ വര്‍ധിച്ച ഐക്യം പ്രകടമായതായും ട്രംപ് പറഞ്ഞു.

നിലവിലെ ദുരവസ്ഥയില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള രാജ്യങ്ങളെ സാധ്യമായ എല്ലാ ഉപാധികളിലൂടെയും പരമാവധി സഹായിക്കണമെന്ന് ജി20 രാജ്യങ്ങള്‍ അന്താരാഷ്ട്ര നാണ്യനിധിയോടും ലോകബാങ്കിനോടും ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വികസ്വര രാഷ്ട്രങ്ങള്‍ക്കായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പ്രഖ്യാപിച്ച 50 ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം ഇരട്ടിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ഫണ്ടിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയോട് ആവശ്യപ്പെടാനിരിക്കുകയാണ്. ഇതിനിടെ ആഗോളതലത്തില്‍ പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി അംഗരാജ്യങ്ങളില്‍ നിന്ന് സ്വരൂപിക്കുന്ന തരത്തില്‍ പദ്ധതിയിടുന്ന 1 ട്രില്യണ്‍ ഡോളറിന്റെ ഫണ്ടിന് പിന്തുണ നല്‍കണമെന്ന് ജോര്‍ജീവ ജി20 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ലും എസ്ഡിആര്‍ (സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ്) എന്ന ആഭ്യന്തര കറന്‍സി യൂണിറ്റ് വഴി ഐഎംഎഫ് 250 ബില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്.

ആരോഗ്യ തലത്തില്‍, കോവിഡ്-19യെ നേരിടുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക വിടവ് നികത്താനും മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം ഊര്‍ജിതമാക്കാനും പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യവിവരങ്ങള്‍ പങ്കുവെക്കാനും ജി20 രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള വ്യക്തിഗത സുരക്ഷ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കണമെന്നും ഫണ്ടിംഗ് ലഭ്യമാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ജി20യോട് ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia
Tags: G20 Nations

Related Articles