യുഎന്‍ രക്ഷാസമിതി യോഗം അനിശ്ചിതത്വത്തില്‍

യുഎന്‍ രക്ഷാസമിതി യോഗം അനിശ്ചിതത്വത്തില്‍

ചൈനയുടെ അധ്യക്ഷ പദവി അവസാനിക്കുന്ന ഈ മാസം 31 വരെ, സമിതിയുടെ യോഗങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല

യുഎന്‍: ലോകം എക്കാലത്തെയും വലിയ ആരോഗ്യ, സുരക്ഷാ, സാമ്പത്തിക വെല്ലുവിളികളില്‍ ഒന്നായ കോവിഡ്-19 രോഗ ബാധയെ നേരിടുമ്പോള്‍ നായകസ്ഥാനത്തുണ്ടാവേണ്ട യുഎന്‍ രക്ഷാസമിതി നിശ്ചലം. കൊറോണയെത്തുടര്‍ന്നുള്ള ആഗോള സാഹചര്യവും പ്രതിരോധവും ചര്‍ച്ച ചെയ്യാന്‍ ഇനിയും രക്ഷാസമതി ചേര്‍ന്നിട്ടില്ല. 5 സ്ഥിര അംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പടെ 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷപദവിയില്‍ ഇപ്പോഴുള്ളത് സ്ഥിരാംഗമായ ചൈനയാണ്. ചൈനയുടെ അധ്യക്ഷ പദവി അവസാനിക്കുന്ന ഈ മാസം 31 വരെ, സമിതിയുടെ യോഗങ്ങളൊന്നും തന്നെ നിശ്ചയിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് സമിതി പ്രാപ്തമല്ലെന്നതിന്റെ തെളിവാണ് ഈ സുപ്രധാന ഘട്ടത്തിലെ മൗനമെന്ന് യുഎന്‍ വൃത്തങ്ങള്‍ തന്നെ നിരീക്ഷിക്കുന്നു.

യുഎന്നിലേക്കുള്ള ചൈനീസ് നയതന്ത്ര പ്രതിനിധിയായ സാംഗ് ജുണിന്റെ നേതൃത്വത്തില്‍ സമിതിയുടെ വീഡിയോ കോണ്‍ഫറന്‍സ് വ്യാഴാഴ്ച നടന്നിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ ലിബിയയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് യോഗത്തില്‍ നടന്നത്. കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ലിബിയയിലെ സംഘര്‍ഷത്തിന് തടയിട്ട്, സന്നദ്ധസേവനത്തിന് വഴിയൊരുക്കണം എന്ന് സമിതി അംഗങ്ങള്‍ ആഹ്വാനം ചെയ്തതായി യോഗത്തിന് ശേഷം ചൈനീസ് പ്രതിനിധി സംഘം പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് മാത്രമാണ് യോഗത്തില്‍ കോവിഡ്-19 നെ കുറിച്ച് ഉയര്‍ന്ന പരാമര്‍ശം.

രക്ഷാസമിതിയിലും വലിയ വിടവാണ് കൊറോണ ഉണ്ടാക്കിയിരിക്കുന്നത്. ചൈനീസ് വൈറസെന്ന് വിളിച്ചുകൊണ്ട് ചൈന സൃഷ്ടിച്ച ജൈവായുധമാണ് കോവിഡ്-19 എന്ന് സ്ഥാപിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് ശ്രമിച്ചത് പ്രശ്‌നങ്ങള്‍ വഷളാക്കി. യുഎസാണ് വൈറസിനെ സൃഷ്ടിച്ച് ചൈനയിലെത്തിച്ചതെന്ന ബെയ്ജിംഗിന്റെ ആരോപണം ബന്ധത്തെ കൂടുതല്‍ ഉലച്ചു. യുഎസിലും ബ്രിട്ടണിലും കൊറോണ വിനാശം വിതയ്ക്കുന്നത് രക്ഷാ സമിതിയെ എക്കാലത്തെയും വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനടക്കം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗോള കൊറോണ ബാധിതര്‍: 5,52,943
ആഗോള മരണ സംഖ്യ: 25,045
യുഎസിലെ രോഗബാധിതര്‍: 85,762
ഇന്ത്യയിലെ കൊറോണ ബാധിതര്‍: 809
ഇന്ത്യയിലെ മരണ സംഖ്യ: 19
കേരളത്തിലെ രോഗികള്‍: 164

Comments

comments

Categories: FK News