ഫൈസല്‍ ബെല്‍ഹൂള്‍ എന്‍എംസി ഹെല്‍ത്ത് ചെയര്‍മാന്‍

ഫൈസല്‍ ബെല്‍ഹൂള്‍ എന്‍എംസി ഹെല്‍ത്ത് ചെയര്‍മാന്‍
  • ഇത്മാര്‍ കാപ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറാണ്
  • നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മാര്‍ക് തോംപ്കിന്‍സ് എന്‍എംസിയില്‍ നിന്നും പുറത്തായി

അബുദാബി: സ്വകാര്യ ഇക്വിറ്റി കമ്പനിയായ ഇത്മാര്‍ കാപ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ ബെല്‍ഹൂളിനെ എന്‍എംസി ഹെല്‍ത്തിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനായി നിയമിച്ചു. എന്‍എംസിയിലെ 9 ശതമാനം ഓഹരികള്‍ ഇത്മാര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് തീരുമാനം. കമ്പനിയുടെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായിരുന്ന മാര്‍ക് തോംപ്കിന്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്തായതായും എന്‍എംസി അറിയിച്ചു.

എന്‍എംസിയുടെ സ്ഥാപക ചെയര്‍മാനായ ബി ആര്‍ ഷെട്ടിക്കൊപ്പം 2012 മുതല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്ന വ്യക്തിയാണ് തോംപ്കിന്‍. കമ്പനി ഭരണത്തില്‍ പിഴവുകള്‍ കണ്ടെത്തിയതിന് തുടര്‍ന്ന് കഴിഞ്ഞ മാസം ബി ആര്‍ ഷെട്ടി ജോയിന്റ് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ കുറച്ച് ആഴ്ചകളായി ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന തോംപ്കിന്‍സ് ബോര്‍ഡില്‍ നിന്ന് പുറത്തുപോയതായും ചെയര്‍മാന്‍, ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഉടനടി നീക്കം ചെയ്തതായും എന്‍എംസി അറിയിച്ചു. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കമ്പനി വ്യക്തമാക്കി. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബെര്‍ഹൂളിനെ എക്‌സിക്യുട്ടീവ് ചെയര്‍മാനാക്കി നിയമിച്ചത് വളരെ ഉചിതമായ തീരുമാനമാണെന്നും എന്‍എംസി വിലയിരുത്തി. കമ്പനിയെ മുന്നോട്ട് നയിക്കുന്നതിനൊപ്പം ബെര്‍ഹൂള്‍ മുമ്പ് നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുകയും ബാധ്യതകളില്‍ വായ്പാദാതാക്കളുമായി ചര്‍ച്ച നടത്തുകയും കമ്പനി ഗുണഭോക്താക്കളുടെ മൂല്യം കാത്തൂസൂക്ഷിക്കുന്നതിന് ശ്രദ്ധ നല്‍കുകയും എന്‍എംസിയില്‍ എത്തുന്ന രോഗികള്‍ക്ക്് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുമെന്ന് എന്‍എംസി പ്രസ്താവനയിലൂടെ അറിയിച്ചു.

എന്‍എംസിയിലെ മുന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനായിരുന്ന ഖലീഫ അല്‍ മുഹെയ്‌രിയില്‍ നിന്നും സയീദ് അല്‍ ഖുബൈസിയില്‍ നിന്നുമാണ് ഇത്മാര്‍ എന്‍എംസി ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. രാജ്യത്തെ മറ്റ് ഹെല്‍ത്ത്‌കെയര്‍ ബിസിനസുകളിലും ഇത്മാര്‍ കാപ്പിറ്റലിന് ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് ആരോഗ്യസ്ഥാപനങ്ങളില്‍ ബെല്‍ഹൂളിനുള്ള താല്‍പ്പര്യം എന്‍എംസിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കുന്നതിന് തടസമാകില്ലെന്ന് കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Arabia