എംഎസ്ഇകള്‍ക്ക് 50 ലക്ഷം രൂപ വായ്പയുമായി സിഡ്ബി

എംഎസ്ഇകള്‍ക്ക് 50 ലക്ഷം രൂപ വായ്പയുമായി സിഡ്ബി

മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ, തൊപ്പി, ശരീരാവരണം, പാദരക്ഷാകവചം, കണ്ണട, വെന്റിലേറ്റര്‍, ലാബ് ഉപകരണങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന എംഎസ്ഇകള്‍ക്ക് വായ്പ ലഭിക്കും

മുംബൈ: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നടപടിയുമായി ഇന്ത്യയുടെ ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി). കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പരക്കെ ഉപയോഗിക്കപ്പെടുന്ന സുരക്ഷാ വസ്ത്രങ്ങളും മറ്റും നിര്‍മിക്കുന്ന സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്ക് (എംഎസ്ഇ) 50 ലക്ഷം രൂപയുടെ വായ്പയാണ് സിഡ്ബി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് ശതമാനം പലിശ നിരക്കില്‍, അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് ഇത്. ബാങ്ക് രൂപം നല്‍കിയിരിക്കുന്ന സിഡ്ബി അസിസ്റ്റന്‍സ് റ്റു ഫെസിലിറ്റേറ്റ് എമര്‍ജന്‍ജസി (സേഫ്) എന്ന പദ്ധതിയുടെ ഭാഗമാണ് വായ്പ. മുഖാവരണം, ഹസ്ത ശുദ്ധീകരണ ലായനികള്‍, കൈയുറ, തൊപ്പി, ശരീരാവരണം, പാദരക്ഷാകവചം, കണ്ണട, വെന്റിലേറ്റര്‍, ലാബ് ഉപകരണങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന എംഎസ്ഇകള്‍ക്ക് വായ്പ ലഭ്യമാവും.

രാജ്യത്തെ സഹായിക്കുന്ന എംഎസ്ഇകള്‍ക്ക് കൈത്താങ്ങും, പ്രോല്‍സാഹനവും നല്‍കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് സിഡ്ബിയുടെ നടപടിയെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായ മുഹമ്മദ് മുസ്തഫ പറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍, ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനും വിതരണ സംവിധാനം സജ്ജീകരിക്കുന്നതിനും വായ്പ സഹായകമാകും. ഈട് ആവശ്യമില്ലാത്ത വായ്പ, രേഖകളും അപേക്ഷയും സമര്‍പ്പിക്കുന്ന പക്ഷം 48 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യും. ഇതിനായി എംഎസ്ഇകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാമെന്നും സിഡ്ബി വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: MSME

Related Articles