15 ദിവസത്തില്‍ നിക്ഷേപകര്‍ പണമായി പിന്‍വലിച്ചത് 53,000 കോടി രൂപ

15 ദിവസത്തില്‍ നിക്ഷേപകര്‍ പണമായി പിന്‍വലിച്ചത് 53,000 കോടി രൂപ

ബാങ്ക് നിക്ഷേപങ്ങള്‍ ദുര്‍ബലമാകുന്നത് പണമൊഴുക്കിനെ പ്രതിസന്ധിയിലാക്കിയേക്കും

മുംബൈ: കൊറോണ വൈറസിനെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച പരിഭ്രാന്തിയില്‍ ഇന്ത്യക്കാര്‍ ഈ മാസം ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി അവശ്യ വസ്തുക്കള്‍ ലഭിക്കുന്നത് ഉറപ്പാക്കാനും അ
ടിയന്തര ആവശ്യങ്ങള്‍ക്ക് പണം കയ്യില്‍ കരുതുന്നതിനുമായി നിരവധി പേര്‍ ബാങ്കുകളിലെത്തി. മാര്‍ച്ച് 13 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ 53,000 കോടി രൂപ പൊതുജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചു. പണം പിന്‍വലിക്കല്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായാണ് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉത്സവങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവ നടക്കുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വലിയ പണം പിന്‍വലിക്കല്‍ സാധാരണയായി കാണപ്പെടാറുള്ളത്. ബാാങ്കിംഗ് സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് കറന്‍സി വിതരണം ചെയ്യുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തുല്യമായ തുകയുടെ കറന്‍സി പുറത്തിറക്കി. മാര്‍ച്ച് 13 വരെയുള്ള കണക്കുപ്രകാരം മൊത്തം 23 ലക്ഷം കോടി രൂപയുടെ മൂലമുള്ള കറന്‍സിയാണ് രാജ്യത്ത് പൊതുജനങ്ങള്‍ക്കിടയില്‍ വിനിമയത്തിനായി ഉള്ളത്.

ഡിജിറ്റല്‍ പണമിടപാടുകളുടെ കാര്യത്തിലും ഇക്കാലയളവില്‍ മുന്നേറ്റം കാണാനായിട്ടുണ്ട്. ‘ബാങ്ക് ശാഖകളിലേക്കും എടിഎമ്മുകളിലേക്കും എത്തിച്ചേരുന്നത് ബുദ്ധിമുട്ടേറിയതിനാല്‍ ഒരു മുന്‍കരുതല്‍ രീതിയില്‍ ഉപഭോക്താക്കള്‍ വലിയ തോതില്‍ പണം പിന്‍വലിക്കുന്നത് സ്വാഭാവികമാണ്,’ ആക്‌സിസ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു. ബാങ്കുകള്‍ പോലും ഡിജിറ്റല്‍ ഇടപാടുകളാണ് പ്രോല്‍സാഹിപ്പിക്കുന്നതെങ്കിലും പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളെല്ലാം തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ നേരിട്ട് പണം നല്‍കുന്ന വിനിമയങ്ങളിലേക്ക് അവയുടെ ഉപയോക്താക്കള്‍ക്ക് ഉള്‍പ്പടെ പോകേണ്ടി വന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യകതയിലെ വര്‍ധനയ്ക്ക് അനുസരിച്ച് കൂടുതല്‍ കറന്‍സി ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തുന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ എസ്‌കെ ഘോഷ് പറയുന്നു. വന്‍ തോതിലുള്ള പണം പിന്‍വലിക്കല്‍ ബാങ്ക് നിക്ഷേപങ്ങളെ ബാധിക്കുമെന്നതിനാല്‍ പണമൊഴുക്ക് സാഹചര്യം പ്രതിസന്ധിയിലായേക്കും എന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: investors