ജിജെഇപിസി കൗണ്‍സില്‍ 50 കോടി നല്‍കും

ജിജെഇപിസി കൗണ്‍സില്‍ 50 കോടി നല്‍കും

കൊച്ചി: രാജ്യത്തെ രത്ന-ആഭരണ വ്യവസായത്തിന്റെ ഉന്നത സമിതിയായ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) കോവിഡ്-19നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ തൊഴിലില്ലാതെ ജീവിത മാര്‍ഗം തേടുന്ന മേഖലയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 കോടി രൂപ സംഭാവന നല്‍കും. പ്രതിസന്ധിക്കെതിരായ സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടായിരിക്കും ജിജെഇപിസി സഹായം ലഭ്യമാക്കുക.

കോവിഡ്-19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള സ്ഥിതിയെ തരണം ചെയ്യുന്നതിനായി നടത്തുന്ന വിവിധ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് 50 കോടി രൂപ സംഭാവന ചെയ്യുന്നതെന്നും രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വ്യവസായത്തിന് കനത്ത തിരിച്ചടിയേറ്റിട്ടുണ്ടെന്നും മേഖലയിലെ ദിവസ വേതനക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഇന്ത്യയുടെ ജിഡിപിയുടെ ഏഴു ശതമാനവും വ്യവസായത്തിന്റെ സംഭാവനയാണെന്നും 50 ലക്ഷത്തിലധികം ആളുകള്‍ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നും പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് അനിവാര്യതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ജിജെഇപിസി ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് അവരവരുടെ ജീവനക്കാരുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് കൗണ്‍സില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൗണ്‍സിലിന്റെ സ്വന്തം റിസര്‍വില്‍ നിന്നാണ് 50 കോടി രൂപ മാറ്റിവയ്ക്കുന്നത്. ലോക്ക്ഡൗണ്‍ നേരിട്ട് ബാധിച്ചിട്ടുള്ള മേഖലയിലെ ജീവനക്കാര്‍ക്കായിരിക്കും സഹായം ലഭ്യമാക്കുക. ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് വിനിയോഗിക്കും. എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ച് തീരുമാനങ്ങളെടുക്കാന്‍ കൗണ്‍സില്‍ ഒരു ടാസ്‌ക് ഫോഴ്സിനെ രൂപീകരിച്ചിട്ടുണ്ട്. വ്യവസായത്തിലെ മറ്റ് വിഭാഗങ്ങളോടും വാണീജ്യ സമിതികളോടും പ്രസ്ഥാനങ്ങളോടും സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാനും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: FK News