കേന്ദ്ര പാക്കേജ് ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് ഫിക്കി

കേന്ദ്ര പാക്കേജ് ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് ഫിക്കി

കൊച്ചി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജിലെ നിര്‍ദേശങ്ങള്‍ അടിയന്തരമായി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നടപടി വേണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി. പാക്കേജിലെ പ്രഖ്യാപനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം പകരുന്നതാണെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഢി പ്രസ്താവനയില്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കോവിഡ് 19 മഹാമാരിക്കെതിരെ യുദ്ധം നയിക്കുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും പിന്തുണയും വളരെ വലുതാണ്. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സഹായധനം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് എത്തിക്കാനുള്ള തീരുമാനം വലിയ ഫലമുണ്ടാക്കും.

പ്രൊവിഡന്റ് ഫണ്ടുകളിലേക്കുള്ള അടുത്ത മൂന്നു മാസത്തെ തൊഴിലാളിയുടെയും തൊഴില്‍ദാതാവിന്റെയും വിഹിതം സര്‍ക്കാര്‍ നല്‍കുന്നത് ചെറുകിട വ്യവസായ മേഖലക്ക് ആശ്വാസമാകും. ഫിക്കി നല്‍കിയ ശുപാര്‍ശകള്‍ പലതും പാക്കേജില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് കോര്‍പറേറ്റ് മേഖലയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അടുത്ത പാക്കേജ് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിക്കി പ്രസിഡന്റ് അറിയിച്ചു.

Comments

comments

Categories: FK News
Tags: FICCI