കൊറോണ ഇന്ത്യയുടെ വളര്‍ച്ചയെ 2.5-3.5%ലേക്ക് താഴ്ത്തും

കൊറോണ ഇന്ത്യയുടെ വളര്‍ച്ചയെ 2.5-3.5%ലേക്ക് താഴ്ത്തും

വളര്‍ച്ചാ നിഗമനം കുത്തനേ വെട്ടിക്കുറച്ച് മൂഡിസ്, ക്രിസില്‍, എസ്ബിഐ

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിലധികമായി നേരിടുന്ന വളര്‍ച്ചാമാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശ്രമങ്ങള്‍ ഇനിയും ഏറെ നീളുന്നതിന് കൊറോണ വൈറസ് വ്യാപനം വഴിവെക്കുമെന്നത് വ്യക്തമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വളര്‍ച്ച വീണ്ടും ഏറെ താഴ്ന്ന നിലയിലേക്ക് വീഴുമെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍ പുറത്തുവിട്ട ഏറ്റവും പുതിയ നിഗമന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൂഡിസ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020 കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ശതമാനം വളര്‍ച്ച മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തില്‍ ഇന്ത്യക്ക് നേടാനാകുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ശതമാനം വളര്‍ച്ചയിലേക്ക് ചുരുങ്ങുമെന്നാണ് ക്രിസിലിന്റെ നിഗമനം. എന്നാല്‍ ഏപ്രിലില്‍ തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 2.6 ശതമാനം വളര്‍ച്ച മാത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ എക്കോറാപ്പ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്.

2020ല്‍ 5.3 ശതമാനം വളര്‍ച്ച ഇന്ത്യ സ്വന്തമാക്കുമെന്നായിരുന്നു മൂഡിസിന്റെ മുന്‍ നിഗമനം. എന്നാല്‍ കൊറോണ വൈറസിന്റെ ഭാഗമായി ആഗോള തലത്തിലുണ്ടായ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ രാജ്യത്തിനകത്തും നിയന്ത്രണങ്ങളും ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടത് വളര്‍ച്ചാ നിഗമനം കുത്തനേ വെട്ടിക്കുറയ്ക്കാന്‍ ഇടയാകുകയായിരുന്നു. 2019ല്‍ ഇന്ത്യ 5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പണമൊഴുക്കില്‍ നേരിടുന്ന പ്രതിസന്ധി കാരണം രാജ്യത്തെ വായ്പാ സാഹചര്യം നേരത്തേ തന്നെ മോശമായ നിലയിലായിരുന്നു എന്ന് മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര ആവശ്യകതയില്‍ 2021ഓടു കൂടി മാത്രമേ തിരിച്ചുവരവ് പ്രതീക്ഷിക്കാനാകൂ എന്നാണ് റേറ്റിംഗ് ഏജന്‍സിയുടെ കണക്കൂകൂട്ടല്‍.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.2 ശതമാനം വളര്‍ച്ചയായിരുന്നു ക്രിസില്‍ നേരത്തേയുള്ള റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ചിരുന്നത്. തുടക്കത്തില്‍ തന്നെയുള്ള ലോക്ക് ഡൗണും തുടര്‍ പ്രത്യാഘാതങ്ങളും വളര്‍ച്ചാ നിഗമനം കുറയ്ക്കാന്‍ ഇടയാക്കിയെങ്കിലും, ക്രൂഡ് ഓയില്‍ വിലയിടിവില്‍ നിന്നുള്ള നേട്ടവും സര്‍ക്കാരിന്റെ ഉത്തേജന പ്രഖ്യാപനങ്ങളും കേന്ദ്രബാങ്കിന്റെ അനുയോജ്യമായ ധനനയങ്ങളും കൊറോണയുടെ ആഘാതം സമ്പദ് വ്യവസ്ഥയില്‍ വരുത്തുന്ന ആഘാതം കുറച്ചേക്കും എന്നും ക്രിസില്‍ വിലയിരുത്തുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് കൊറോണ സൃഷ്ടിക്കുന്ന വലിയ ഇടിവ് കാണുക. മികച്ച മണ്‍സൂണിന്റെ പിന്‍ബലത്തോടെ രണ്ടാം പാദത്തില്‍ നേരിയ തിരിച്ചുവരവ് പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വികസിത സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ മാന്ദ്യം കയറ്റുമതിയെ ബാധിക്കുമെന്നും ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നു. ഐടി, ടൂറിസം മേഖലകളില്‍ വലിയ തിരിച്ചടി കാണാനാകും. ലോക്ക് ഡൗണും വിതരണ ശൃംഖലകകളിലെ തടസങ്ങളും മാനുഫാക്ചറിംഗ്, സേവന മേഖലകളെ ഒരുപോലെ ബാധിക്കുന്നുണ്ടെന്നും ക്രിസില്‍ നിരീക്ഷിക്കുന്നു.

കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ആഗോള ജിഡിപിയിലുണ്ടാകുന്ന രണ്ടാമത്തെ ഇടിവ് 2020ല്‍ ഉണ്ടാകുമെന്നാണ് എസ്ബിഐ എക്കോറാപ്പ് കണക്കാക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം 2009ലാണ് ഇതിനു മുമ്പ് ആഗോള മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഇടിവ് പ്രകടമാക്കിയത്. അന്ന് 1.7 ശതമാനം ഇടിവുണ്ടായി. സമാനമായ ഇടിവാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.5 ശതമാനമായിരിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം അത് 2.6 ശതമാനമായി വീണ്ടും ചുരുങ്ങുമെന്നും എസ്ബിഐ വിലയിരുത്തുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ മൂലം രാജ്യത്തിനുണ്ടാകുന്ന മൊത്തം നഷ്ടം 8.03 ലക്ഷം കോടി രൂപയാണെന്നാണ് എസ്ബിഐയുടെ നിഗമനം.

Comments

comments

Categories: FK News