ബിഎസ് 4 വാഹനങ്ങള്‍ കയറ്റുമതി ചെയ്യും

ബിഎസ് 4 വാഹനങ്ങള്‍ കയറ്റുമതി ചെയ്യും

വിറ്റുപോകാത്ത ബിഎസ് 4 സ്റ്റോക്ക് ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന കാര്യം കമ്പനികള്‍ ആലോചിക്കുകയാണ്

ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് മുമ്പ് ഇനി ബിഎസ് 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീരില്ല. ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് ബിഎസ് 4 സ്റ്റോക്ക് വിവിധ വാഹന നിര്‍മാതാക്കള്‍ വിറ്റുതീര്‍ക്കണമായിരുന്നു. വിറ്റുപോകാത്ത ഈ വാഹനങ്ങള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന കാര്യമാണ് കമ്പനികള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ വിറ്റുപോകാത്ത ബിഎസ് 4 ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതാണ് എളുപ്പം. ഇന്ത്യയിലെ അതേ സ്‌പെസിഫിക്കേഷനുകള്‍ ഉള്ള ഇരുചക്ര വാഹനങ്ങളാണ് മിക്ക അയല്‍രാജ്യങ്ങളിലും ഓടുന്നത്. യാത്രാ, വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. ശ്രീലങ്ക, ഇന്തോനേഷ്യ, ആഫിക്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ ഇന്ത്യന്‍ കമ്പനികളുടെ വലിയ ഇരുചക്ര വാഹന വിപണികളാണ്.

അതേസമയം പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ കയറ്റുമതി വിപണികള്‍ പരിമിതമാണ്. മാത്രമല്ല, ബഹിര്‍ഗമന, സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. വളരെ ചുരുക്കം റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (ആര്‍എച്ച്ഡി) വിപണികളിലേക്ക് മാത്രമായിരിക്കും കയറ്റുമതി ചെയ്യാന്‍ കഴിയുന്നത്. ഈ വിപണികളില്‍ വാഹനത്തിന്റെ വില വില്‍പ്പനയെ വളരെയധികം സ്വാധീനിക്കുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

വാണിജ്യ വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് കയറ്റുമതി ഓപ്ഷനുകള്‍ കുറവാണ്. ഏറ്റവും വലിയ കയറ്റുമതി വിപണിയായ ബംഗ്ലാദേശില്‍ ഇപ്പോഴും ബിഎസ് 2, ബിഎസ് 3 വാഹനങ്ങളാണ് വില്‍ക്കുന്നത്. ശ്രീലങ്ക, ആഫ്രിക്കന്‍ വിപണികള്‍ ഇപ്പോഴും ബിഎസ് 4 പാലിച്ചുതുടങ്ങിയിട്ടില്ല. കയറ്റുമതി ആവശ്യങ്ങള്‍ക്കായി ബിഎസ് 4 ല്‍ നിന്ന് ബിഎസ് 3 യിലേക്ക് വാഹനങ്ങള്‍ മാറ്റുന്നത് സാധ്യമാണെങ്കിലും ചെലവേറിയതാണെന്ന് വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എംഡി & സിഇഒ വിനോദ് അഗര്‍വാള്‍ പറഞ്ഞു.

ബിഎസ് 3 യില്‍ നിന്ന് രാജ്യം ബിഎസ് 4 നടപ്പാക്കിത്തുടങ്ങിയപ്പോള്‍ വാഹന നിര്‍മാതാക്കള്‍ ഇതിനുമുമ്പ് കയറ്റുമതി മാര്‍ഗം സ്വീകരിച്ചിരുന്നു. ബഹിര്‍ഗമന, സുരക്ഷാ മാനദണ്ഡങ്ങള്‍ അത്ര കര്‍ശനമല്ലാത്ത നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അയല്‍ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്കു മുന്നിലെ ലക്ഷ്യസ്ഥാനങ്ങള്‍. എന്നാല്‍ ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ മാത്രമേ കയറ്റുമതി ചെയ്യാന്‍ കഴിയൂ.

വിറ്റുപോകാത്ത ബിഎസ് 4 വാഹനങ്ങളില്‍ വലിയൊരു ഭാഗം ഡീലര്‍മാരുടെ കൈവശമാണ്. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിഎസ് 4 സ്റ്റോക്ക് കൈവശമുള്ള വാഹന നിര്‍മാതാക്കള്‍. യൂറോ 4 വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെയും റെട്രോ ഫിറ്റ്‌മെന്റ് നടത്തുന്നതിന്റെയും സാധ്യതകള്‍ വാഹന നിര്‍മാതാക്കള്‍ വിലയിരുത്തുന്നു.

അതേസമയം, ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചിരിക്കുകയാണ്. ബിഎസ് 4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിന് അധികം സമയം അനുവദിക്കണമെന്ന സംഘടനയുടെ ആവശ്യം സുപ്രീം കോടതി നേരത്തെ നിരസിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് രാജ്യത്തെ ഇരുപതിനായിരത്തോളം ഡീലര്‍ഷിപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. വലിയ തോതിലാണ് ബിഎസ് 4 സ്റ്റോക്ക് കെട്ടിക്കിടക്കുന്നത്. ഏഴ് ലക്ഷത്തോളം ഇരുചക്ര വാഹനങ്ങളും ഏകദേശം 15,000 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളും 12,000 ഓളം വാണിജ്യ വാഹനങ്ങളും കെട്ടികിടക്കുന്നതായാണ് വിവരം.

Comments

comments

Categories: Auto