അടച്ചുപൂട്ടല്‍ മാത്രം മതിയാവില്ല: രഘുറാം രാജന്‍

അടച്ചുപൂട്ടല്‍ മാത്രം മതിയാവില്ല: രഘുറാം രാജന്‍

എല്ലാ കണ്ണുകളും ചൈനയിലേക്ക്; രോഗവ്യാപനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉണ്ടാകാം

രാജ്യത്തെ ശോഷിച്ച അടിസ്ഥാന സൗകര്യങ്ങള്‍, രോഗത്തെ തടയുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തടസമാവും. ഈ ആരോഗ്യ പ്രതിസന്ധി തരണം ചെയ്യുന്നതിനായി എല്ലാവിധ സന്നാഹങ്ങളും ഉപയോഗിക്കേണ്ടി വരികയും ചെയ്യും

-രഘുറാം രാജന്‍

മുംബൈ: കോവിഡ്-19 രോഗബാധയെ നേരിടുന്നതിന് രാജ്യം സ്വീകരിച്ച അടച്ചുപൂട്ടല്‍ നടപടികള്‍ മാത്രം മതിയാകാതെ വരുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രോഗം പടരുന്നത് തടയുക വളരെയധികം ശ്രമകരമായിരിക്കുമെന്നും പ്രാബല്യത്തിലുള്ള ലോക്ക് ഡൗണ്‍, പാവപ്പെട്ടവര്‍ക്ക് സാരമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും രാജന്‍ നിരീക്ഷിക്കുന്നു.

‘എല്ലാം നിശ്ചലമാകുന്നതോടെ ആളുകള്‍ ജോലിക്ക് പോവാതാവുന്നു. അത് മാത്രമല്ല ആളുകളുടെ വീടുകള്‍ വൃത്തിയുള്ള, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആവണമെന്നില്ല, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലുമാവാം. ഇത് ഗൗരവമേറിയ കാര്യമാണ്’ അദ്ദേഹം പറഞ്ഞു. ഉപജീവന മാര്‍ഗങ്ങളില്ലാത്ത ജനങ്ങളുടെ പക്കല്‍ പണമെത്തിക്കുന്നതും, അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും, അവശ്യ സേവനങ്ങളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യുന്നത് സര്‍ക്കാരിന് മുന്നില്‍ വരുന്ന ആഴ്ചകളില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കും. രോഗത്തെ എല്ലാ പ്രദേശങ്ങളില്‍ നിന്നും തുരത്തിയില്ലെങ്കില്‍ അത് തിരിച്ചു വരിക തന്നെ ചെയ്യും. രണ്ടും മൂന്നും ഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ചൈനയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമ്പന്ന രാജ്യങ്ങള്‍ അവരുടെ വിഭവങ്ങള്‍ വികസ്വര രാജ്യങ്ങളുമായി പങ്കു വെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News