വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മഹീന്ദ്ര

വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മഹീന്ദ്ര

ബാഗ് വാല്‍വ് മാസ്‌ക് വെന്റിലേറ്ററിന്റെ യന്ത്രവല്‍കൃത രൂപം കമ്പനി വികസിപ്പിച്ച് വരുന്നു

മുംബൈ: രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വെന്റിലേറ്ററുകളുട ഉല്‍പ്പാദനം ഉയര്‍ത്താന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും രംഗത്ത്. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മഹീന്ദ്ര വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. കമ്പനിയുടെ സാങ്കേതിക സംഘം ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയെങ്ക ട്വിറ്ററിലൂടെ അറിയിച്ചു. ആംബു ബാഗ് എന്ന് അറിയപ്പെടുന്ന ബാഗ് വാല്‍വ് മാസ്‌ക് വെന്റിലേറ്ററിന്റെ യന്ത്രവല്‍കൃത രൂപം കമ്പനി വികസിപ്പിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഇതിന്റെ ആദ്യ പതിപ്പ് അനുമതിയ്ക്കായി സമര്‍പ്പിക്കപ്പെടും. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉല്‍പ്പാദനം ആരംഭിക്കുമെന്നും ഗോയെങ്ക കൂട്ടിച്ചേര്‍ത്തു.

വെന്റിലേറ്റര്‍ ഉല്‍പ്പാദനത്തില്‍ സര്‍ക്കാരിനെ സഹായിക്കുമെന്നും, മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ലിമിറ്റഡിന്റെ കീഴിലുള്ള റിസോര്‍ട്ടുകള്‍, ചികില്‍സാ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുമെന്നും മാര്‍ച്ച് 22 ന് ഗ്രൂപ്പ് ആധ്യക്ഷനായ ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവരും ചെറുകിട വ്യാപാരികളും ഉള്‍പ്പടെ നഷ്ടം നേടിടേണ്ടി വരുന്നവര്‍ക്കായി മഹീന്ദ്ര ഫൗണ്ടേഷന്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി തന്റെ ശമ്പളം മുഴുവന്‍ സംഭാവന ചെയ്യുമെന്നും ആനന്ദ് പറഞ്ഞിരുന്നു.

Categories: FK News, Slider