കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ റെയ്ല്‍വേ

കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ റെയ്ല്‍വേ

ചികില്‍സാമുറി, മരുന്ന് വിതരണകേന്ദ്രം, തീവ്ര പരിചരണ വിഭാഗം, അടുക്കള എന്നിവ സജ്ജീകരിച്ച്, ആവശ്യാനുസരണം രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും കൊണ്ടുപോകാം

ന്യുഡെല്‍ഹി: കോവിഡ്-19 രോഗം രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനുള്ള നവീനമായ ആശയം മുന്നോട്ടു വെച്ച് ഇന്ത്യന്‍ റെയ്ല്‍വേ. പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന ട്രെയ്‌നുകളെ ആവശ്യാനുസരണം ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാമെന്ന ആശയമാണ് റെയ്ല്‍വേ പങ്കുവെക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ നവീനമായ ആശയങ്ങള്‍ മുന്നോട്ടുവെക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ പ്രധാന മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റെയ്ല്‍വേ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍, റെയ്ല്‍വേ ബോര്‍ഡ് അധ്യക്ഷന്‍ വികെ യാദവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇക്കാര്യം ചര്‍ച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യമാകെ അടച്ചുപൂട്ടിയതോടെ ദിനംപ്രതി 13,523 ട്രെയ്‌നുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന റെയ്ല്‍വേയും ഇപ്പോള്‍ നിശ്ചലമാണ്.

ചികില്‍സാമുറി, മരുന്ന് വിതരണകേന്ദ്രം, തീവ്ര പരിചരണ വിഭാഗം, അടുക്കള എന്നിവ സജ്ജീകരിച്ച്, ആവശ്യാനുസരണം രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും കൊണ്ടുപോകാവുന്ന രീതിയില്‍ കോച്ചുകളെ മാറ്റിയെടുക്കാമെന്ന് വികെ യാദവ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് ശരാശരി 0.7 കിടക്കകള്‍ മാത്രമാണ് ചികില്‍സാ മേഖലയില്‍ ലഭ്യമായിട്ടുള്ളത്. ഇത് രണ്ടായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 1,000 പേര്‍ക്ക് 3 ആശുപത്രി കിടക്കകള്‍ എന്ന അനുപാതത്തിലേക്ക് രാജ്യം എത്തേണ്ടതുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിക്കുന്നു. ഇന്ത്യയില്‍ കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണാതീതമായി പടരുന്ന ഘട്ടം വന്നാല്‍ റെയ്ല്‍വേ മുന്നോട്ടു വെച്ചിരിക്കുന്ന പദ്ധതി സര്‍ക്കാരിന് പരിഗണിക്കേണ്ടി വരും. ട്രെയ്‌നുകളെ ഐസൊലേഷന്‍ കേന്ദ്രങ്ങളായി സജ്ജമാക്കിയെടുക്കാന്‍ എളുപ്പം സാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏപ്രില്‍ 14 വരെയാണ് നിലവില്‍ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുന്നത്.

Categories: FK News, Slider