ജര്‍മനി കോവിഡ്-19 മരണനിരക്ക് കുറവായി നിലനിര്‍ത്തുന്നത് എങ്ങനെ ?

ജര്‍മനി കോവിഡ്-19 മരണനിരക്ക് കുറവായി നിലനിര്‍ത്തുന്നത് എങ്ങനെ ?

82 ദശലക്ഷം ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യമായ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിച്ച മരിച്ചവരുടെ എണ്ണം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഇത് പലരെയും അത്ഭുതപ്പെടുത്തുകയാണ്. എങ്ങനെയാണു ജര്‍മനിക്ക് കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന മരണങ്ങള്‍, പരിഭ്രാന്തി, നിയന്ത്രണങ്ങള്‍, സാമ്പത്തിക തകര്‍ച്ച എന്നിവ നേരിടാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പോരാടുമ്പോള്‍, ജര്‍മനിയില്‍ വ്യത്യസ്തമായ ഒരു ചിത്രം ഉയര്‍ന്നുവന്നിട്ടുണ്ട്. ജര്‍മനിയില്‍ മാര്‍ച്ച് 25 വരെയുള്ള കണക്കുകള്‍ പ്രകാരം കൊറോണ ബാധിച്ച് 181 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയല്‍രാജ്യങ്ങളായ സ്‌പെയ്ന്‍, ഇറ്റലി എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനിയിലെ മരണസംഖ്യ വളരെ കുറവാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കൊറോണ ഭീതി വിതയ്ക്കുമ്പോള്‍ ജര്‍മനിയില്‍ മാത്രം കൊറോണ മരണനിരക്ക് കുറയാന്‍ കാരണമെന്താണ് ? വളരെ മുന്‍കൂട്ടി പരിശോധന നടത്തിയതാണു ജര്‍മനിയില്‍ കൊറോണ മരണനിരക്ക് കുറയാന്‍ കാരണമായതെന്നാണു വിദഗ്ധര്‍ പറയുന്നത്. കൊറോണ വൈറസിനെ ട്രാക്ക് ചെയ്തും ആളുകളെ ടെസ്റ്റ് ചെയ്തും ജര്‍മനി കൊറോണ വൈറസ് വ്യാപിക്കുന്നത് തടഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജര്‍മനിയില്‍ ഒാരോ ആഴ്ചയും 1,20,000 പേരെ വീതം പരിശോധിക്കുന്നുണ്ടെന്നു പറയപ്പെടുന്നു. പരിശോധന ഇപ്പോള്‍ ആഴ്ചയില്‍ 1,60,000 ആയി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ പരിശോധന കുറവാണ്. ജര്‍മനിയില്‍ പരിശോധന നടത്തിയതിനാല്‍ കൊറോണ ബാധിതരെ കണ്ടെത്താനും മറ്റുള്ളവരിലേക്കു പടരുന്നത് ഒഴിവാക്കാനുമായി. മുന്‍കൂട്ടി നടത്തുന്ന പരിശോധന രോഗ വ്യാപനം തടയുന്നതില്‍ പ്രധാന പങ്കാണു വഹിക്കുന്നത്. ഇറ്റലിയിലും, സ്‌പെയ്‌നിലും, അമേരിക്കയിലും മരണനിരക്ക് ഉയരാനുള്ള കാരണം ചോദിച്ചാല്‍ അതിനുള്ള ഉത്തരം ആദ്യത്തെ കൊറോണ കേസുകള്‍ നേരത്തേ തന്നെ കണ്ടെത്തിയില്ലെന്നാണ്. അതിനാല്‍ വൈറസ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ വ്യാപിച്ചിരിക്കാം. അതോടൊപ്പം ജാഗ്രത കുറവുമുണ്ടായി. കൊറോണ വൈറസ് ബാധയെ നിസാരവത്കരിച്ചതോടെ അത് കൂടുതല്‍ ഭീതി സൃഷ്ടിച്ചു മുന്നേറുകയും ചെയ്തു.

ഇന്റെന്‍സീവ് കെയര്‍ ബെഡ്

25,000 വെന്റിലേറ്ററുകളും, 28,000 തീവ്രപരിചരണ കിടക്കകളും ജര്‍മനിയിലുണ്ട്. ഇത് രോഗികള്‍ക്കു വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുന്നു. ഈ സംവിധാനം ഇരട്ടിയാക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഹോട്ടലുകളും വലിയ പബ്ലിക് ഹാളുകളും വരെ താത്കാലിക ആശുപത്രികളായി മാറി. അങ്ങനെ യൂറോപ്പിലെ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനി ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. യൂറോപ്പിലെ പേരു കേട്ട ആരോഗ്യസംവിധാനമുള്ള രാജ്യമാണ് ഇംഗ്ലണ്ട്. അവരുടെ എന്‍എച്ച്എസ് അഥവാ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ലോകത്തിനു തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസംവിധാനമാണ്. അവര്‍ക്കു പോലും 4,000 ക്രിറ്റിക്കല്‍ കെയര്‍ ബെഡ്ഡുകള്‍ മാത്രമാണുള്ളതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട സംവിധാനങ്ങളുള്ള ആശുപത്രികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോഓര്‍ഡിനേറ്റര്‍ റയാന്‍ പറയുന്നു. കൊറോണ പോലുള്ള പ്രതിസന്ധി വേളയില്‍ മൂന്ന് ഘടകങ്ങള്‍ നിര്‍ണ്ണായകമാണ്: തീവ്രപരിചരണ വിഭാഗങ്ങളുടെ എണ്ണം, മതിയായ സംരക്ഷണ വസ്ത്രങ്ങള്‍, തീവ്രപരിചരണ വിഭാഗങ്ങളിലെ നന്നായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ആ മൂന്ന് ഘടകങ്ങള്‍. 60 ദശലക്ഷം ജനസംഖ്യയുള്ള ഇറ്റലിയില്‍ കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിക്കും മുമ്പ് വെറും 5,000 തീവ്രപരിചരണ കിടക്കകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കര്‍ശനമായ പരിശോധന, രോഗബാധിതര്‍ക്ക് ഐസൊലേഷന്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തല്‍ എന്നിവയിലൂടെ കൊറോണ വൈറസ് വ്യാപനത്തെ തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ തന്ത്രം തന്നെയാണു സിംഗപ്പൂരും, ദക്ഷിണ കൊറിയയും പയറ്റിയത്. അവിടെ വലിയ തോതില്‍ വൈറസിനെ നിയന്ത്രിക്കാനും സാധിച്ചു.

മറ്റ് ഘടകങ്ങളുമുണ്ട്

മുന്‍കൂട്ടി പരിശോധന നടത്തിയതു മാത്രമല്ല, രോഗബാധിതരുടെ പ്രായം, ജര്‍മനിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയം തുടങ്ങിയ ഘടകങ്ങളും ജര്‍മനിയില്‍ മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു വ്യത്യാസപ്പെടുന്നതില്‍ ഒരു പങ്ക് വഹിച്ചു. ഇറ്റലിയിലേതു പോലെ കൊറോണ ആദ്യമേ തന്നെ ജര്‍മനിയെ ബാധിക്കാതിരുന്നതിനാല്‍ അവര്‍ക്കു മുന്‍കരുതലെടുക്കാന്‍ അഥവാ തയാറെടുക്കാന്‍ സമയം ലഭിച്ചു. ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ആഴ്ചകള്‍ക്കു ശേഷമാണു ജര്‍മനിയില്‍ കോവിഡ്-19 എത്തിയത്. അതിനാല്‍ ജര്‍മനിക്കു വൈറസ് വ്യാപനം തടയാന്‍ മുന്‍കരുതലെടുക്കാനുള്ള സമയം ലഭിച്ചു. ജര്‍മനിയില്‍ രോഗബാധിതരായവര്‍ ഭൂരിഭാഗവും 60 വയസിനു താഴെയുള്ളവരാണ്. കൊറോണ വൈറസ് പ്രായമായവരിലാണു കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ജര്‍മനിയില്‍, കോവിഡ് -19 രോഗിയുടെ ശരാശരി പ്രായം 47 വയസും യൂറോപ്പില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ 63 വയസുമാണ്. സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇറ്റലിയിലെ 70% രോഗികളും 50 വയസ്സിനു മുകളിലുള്ളവരാണ്. അതു പോലെ ജര്‍മനിയിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രതയോടെ പെരുമാറിയതും ഗുണകരമായി. ഒരു വ്യക്തി പോസിറ്റീവാണെന്നു ടെസ്റ്റ് ചെയ്യുമ്പോള്‍ കണ്ടെത്തിയാല്‍ ആ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ആളുകളെ അവര്‍ കണ്ടെത്തുകയും അവരെ പരിശോധിക്കുകയും ക്വാറന്റൈസ് (ഏകാന്തവാസം) ചെയ്യുകയും ചെയ്തു. അതിലൂടെ അണുബാധ ശൃംഖലകളെ തകര്‍ത്തു. കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നതായി മനസിലാക്കിയപ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ ആളുകളോട് അധികാരികള്‍ നിര്‍ദേശിച്ചു. അതോടൊപ്പം കൂട്ടായ്മകളും പൊതുപരിപാടികളും നിരോധിച്ചു. വീടിനു പുറത്തുള്ള ഒത്തുചേരല്‍ പരമാവധി രണ്ട് പേരില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിച്ചു.

ജര്‍മനിയില്‍ ഷട്ട് ഡൗണ്‍ ഇല്ല പക്ഷേ, മുന്‍കരുതലുണ്ട്

യുഎസിലെ നിരവധി സംസ്ഥാനങ്ങള്‍, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങള്‍ എന്നിവയില്‍നിന്നും വ്യത്യസ്തമായി ജര്‍മനിയില്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രണ്ട് പേരിലധികം ആളുകള്‍ കൂട്ടം ചേരുന്നതിനും പൊതുസമ്മേളനങ്ങള്‍ക്കും നിരോധനമുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ നടത്തിയ മെഡിക്കല്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അവര്‍ ഐസൊലേഷനിലാണ്. അവരെ പരിചരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ക്കു കൊറോണ ബാധയുള്ളതായി പരിശോധനാ ഫലം വന്നതിനെ തുടര്‍ന്നാണു മെര്‍ക്കല്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടര്‍ന്നത് വിനോദ യാത്രക്കാരില്‍നിന്ന്

ഇറ്റലിയിലും, ഓസ്ട്രിയയിലും സ്‌കീ ട്രിപ്പിനും, കാര്‍ണിവല്‍ ആഘോഷങ്ങളിലും പങ്കെടുത്ത് മടങ്ങിവന്ന ജര്‍മനിയിലെ യുവാക്കളില്‍നിന്നാണ് ജര്‍മനിയില്‍ കൊറോണ വൈറസ് പടര്‍ന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കരുതുന്നത്.

ശക്തമായ പൊതുജനാരോഗ്യ സംവിധാനം

ജര്‍മനിയുടേത് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നാണ്. ആരോഗ്യസംരക്ഷണത്തിനായി ജര്‍മനി ആളോഹരി 5182 ഡോളര്‍ ചെലഴിക്കുന്നു. യുകെയില്‍ ഇത് 3377 ഡോളറാണ്. രോഗ നിയന്ത്രണത്തിനുള്ള ജര്‍മനിയുടെ പ്രധാന ഏജന്‍സിയാണ് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍കെഐ).

Comments

comments

Categories: Top Stories