സാമ്പത്തിക സമാശ്വാസം 1.7 ലക്ഷം കോടി രൂപ

സാമ്പത്തിക സമാശ്വാസം 1.7 ലക്ഷം കോടി രൂപ
  • 80 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന
  • പത്ത് കിലോ ഭക്ഷ്യധാന്യവും ഒരു കിലോ പയര്‍ വര്‍ങ്ങളും ലഭിക്കും
  • ജന്‍ധന്‍ എക്കൗണ്ടുള്ള 20.5 കോടി സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ
  • 8.7 കോടി കര്‍ഷകര്‍ക്ക് ഏപ്രില്‍ ആദ്യവാരം 2,000 രൂപ എക്കൗണ്ടില്‍
  • 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതകം
  • വൃദ്ധര്‍ക്കും ദരിദ്ര വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1,000 രൂപ വീതം
  • തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 182 ല്‍ നിന്ന് 202 രൂപയാക്കി ഉയര്‍ത്തി
  • എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
  • വനിതാ സ്വയംസഹായ സംഘങ്ങളുടെ വായ്പ ഇരട്ടിപ്പിച്ച് 20 ലക്ഷമാക്കി
  • 4.8 കോടി ആളുകളുടെ പൂര്‍ണ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടക്കും

ഭക്ഷണം, പണം, പാചക വാതകം എന്നിവ അടിയന്തരമായി ആവശ്യമുള്ളവരെ സഹായിക്കാനാണ് ഈ പ്രഖ്യാപനങ്ങള്‍. ഡിബിറ്റി വരുന്നതോടെ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറും. ബാങ്കുകളെ അവശ്യ സേവനത്തിലുള്‍പ്പെടുത്തി ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

-നിര്‍മല സീതാരാമന്‍, ധന മന്ത്രി

ന്യൂഡെല്‍ഹി: കൊറോണ പകര്‍ച്ചവ്യാധി മൂലം ലോക്ക് ഡൗണിലായ രാജ്യത്തെ പാവപ്പെട്ടവരെ സഹായികക്കാന്‍ വമ്പന്‍ സംരക്ഷണ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മൂന്നിലൊന്ന് അഥവാ എണ്‍പത് കോടിയിലേറെ ജനങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ആശ്വാസം പകരാനുദ്ദേശിച്ചുള്ള പാക്കേജ്, 1.7 ലക്ഷം കോടി രൂപയുടേതാണ്. നേരിട്ട് എക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്ന ഡിബിറ്റി പദ്ധതികളിലൂടെ താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് പണമെത്തിക്കാനും പട്ടിണി തടയാനും ഒപ്പം പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ജീവന്‍ തൃണവല്‍ഗണിച്ച് അഹോരാത്രം പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ (പിഎംജികെവൈ) കീഴില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍. ദിവസക്കൂലിക്കാരുടേയും അന്യ സംസ്ഥാനങ്ങളിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിന് പ്രാഥമിക പരിഗണന നല്‍കുന്നതാണ് പാക്കേജെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പിഎംജികെവൈ പദ്ധതിയുടെ കീഴില്‍ രാജ്യത്തെ 80 കോടി ആളുകള്‍ക്ക് അധികമായി അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും നല്‍കും. പ്രാദേശിക ആവശ്യകതയ്ക്ക് അനുസരിച്ചാവും ഇവ വിതരണം ചെയ്യുക. നേരത്തെ പ്രഖ്യാപിച്ച അഞ്ച് കിലോ ധാന്യത്തിന് പുറമെ ആണിത്. രാജ്യത്ത് ആരും വിശന്നിരിക്കില്ലെന്ന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 45,000 കോടി രൂപയാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനായി സര്‍ക്കാര്‍ ചെലവാക്കുക. മൂന്ന് മാസത്തേക്കാണ് വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ വൈറസ് പൂര്‍ണമായും നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ്-19 വൈറസ് രാജ്യത്തെ സമല മേഖലകളെയും നിശ്ചലമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രക്ഷാ പരിപാടിയാണിത്. ജിഎസ്ടിയും ആദായ നികുതിയും അടക്കമുള്ള നികുതികള്‍ അടയ്ക്കാനുള്ള തിയതി ജൂണ്‍ 30 ലേക്ക് മാറ്റുന്നതടക്കം ബിസിനസ് ലോകത്തിന് ആശ്വാസം പകരുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിയിലായ വ്യവസായ ലോകത്തെ കൈപിടിച്ചുയര്‍ത്തുന്നതിന് കുറച്ചുകൂടി വലിയ സാമ്പത്തിക പാക്കേജും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച, ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കര്‍മ സമിതി ഇവ പരിഗണിച്ച് വരികയാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 9 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

ആരോഗ്യ പോരാളികള്‍

കൊറോണയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യയുടെ ആരോഗ്യ ആര്‍മിക്ക് കൈയടികള്‍ക്കൊപ്പം പരിരക്ഷയും. ശുചീകരണ തൊഴിലാളികള്‍, ആശ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശുപത്രി വാര്‍ഡ് ബോയ്, സാങ്കേതിക വിഭാഗം ജീവനക്കാര്‍, എന്നിവര്‍ക്കെല്ലാം മൂന്ന് മാസത്തേക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്.

അന്നദാതാക്കള്‍ക്ക് അന്നം

രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകര്‍ വരും മാസങ്ങളില്‍ പട്ടിണിയാവാതിരിക്കാന്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ ഏപ്രില്‍ ആദ്യ വാരം തന്നെ 2,000 രൂപ ഡിബിറ്റി പ്രകാരം എക്കൗണ്ടുകളിലേക്ക്. രാജ്യത്തെ 8.69 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വനിതകള്‍ക്ക് കൈത്താങ്ങ്

വീട്ടുബജറ്റ് താറുമാറാവാതിരിക്കാന്‍ കുടുംബിനികളുടെ കൈയിലേക്ക് പണം. ജന്‍ധന്‍ എക്കൗണ്ട് ഉടമകളായ 20.5 കോടി സ്ത്രീകളുടെ എക്കൗണ്ടുകളില്‍ അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം സര്‍ക്കാര്‍ കൈമാറും. ദീന്‍ദയാല്‍ നാഷണല്‍ ലൈവ്‌ലിഹുഡ് പദ്ധതിയുടെ കീഴില്‍ സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈട് രഹിത വായ്പകള്‍ ഇരട്ടിപ്പിച്ച് 20 ലക്ഷം രൂപയാക്കി. ഏഴ് കോടി വനിതകള്‍ക്ക് പ്രയോജനപ്പെടും.

ക്ഷേമം

വയോജനങ്ങള്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1,000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ ആയി നല്‍കും. അടുത്ത മൂന്ന് മാസത്തേക്ക് രണ്ട് ഗഡുക്കളായാവും തുക കൈമാറുക. മൂന്ന് കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കും.

തൊഴില്‍ ഉറപ്പ്

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 182 രൂപയില്‍ നിന്ന് 202 രൂപയാക്കി ഉയര്‍ത്തി. തൊഴിലാളികളുടെ വേതനത്തില്‍ 2,000 രൂപയുടെ വര്‍ധന ഇതോടെ ഉണ്ടാകും. അഞ്ച് കോടി ആളുകള്‍ക്ക് പ്രയോജനം.

സൗജന്യ പാചകം

ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം പാചക വാതകവും സൗജന്യം. ഉജ്വല പദ്ധതി പ്രകാരമാണ് രാജ്യത്തെ 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യമായി പാചകവാതകം സര്‍ക്കാര്‍ നല്‍കുക.

തൊഴിലാളികള്‍ക്ക്

തൊഴിലാളികളുടെയും തൊഴിലുടമയുടെയും പ്രോവിഡന്റ് ഫണ്ട് വിഹിതങ്ങള്‍ അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും. 100 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാവുക. 90% ജോലിക്കാരുടെ വേതനം 15,000 രൂപയില്‍ താഴെ ആയിരിക്കണം. ഒപ്പം ഇപിഎഫ് ആകസ്മിക ചെലവാക്കല്‍ ഫണ്ടിന്റെ 75% പിന്‍വലിക്കാനുതകുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യും. 4.8 കോടി ആളുകള്‍ക്ക് പ്രയോജനപ്പെടും.

നിര്‍മാണ തൊഴിലാളികള്‍

ലോക്ക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന കെട്ടിട നിര്‍മാണ തൊഴിലാളികളെ സഹായിക്കാന്‍ 31,000 കോടി രൂപ വരുന്ന ക്ഷേമനിധി ഉപയോഗിക്കാന്‍ സംസ്ഥാ സര്‍ക്കാരുകള്‍ക്ക് അനുമതി. 3.5 കോടി ആളുകള്‍ക്ക് ഗുണം ചെയ്യും. കോവിഡ് പരിശോധനയ്ക്കും മറ്റുമായി ജില്ലാ മിനറല്‍ ഫണ്ടും സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാം.

സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. കര്‍ഷകരോടും ദിവസക്കൂലിക്കാരോടും സ്ത്രീകളോടും വയോജനങ്ങളോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു

-രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ്‌

Categories: FK News, Slider