എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയത്തിന്റെ ലാഭത്തില്‍ ഇടിവ്

എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയത്തിന്റെ ലാഭത്തില്‍ ഇടിവ്

മുന്‍വര്‍ഷം 1.2 ബില്യണ്‍ ഡോളര്‍ ആയിരുന്ന ലാഭം കഴിഞ്ഞ വര്‍ഷം 693 മില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി

അബുദാബി: ഫിനിഷ്ഡ് ലോഹങ്ങള്‍ക്ക് വില ഇടിഞ്ഞതോടെ അബുദാബി ആസ്ഥാനമായ എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയത്തിന്റെ (ഇജിഎ) ലാഭം 2018ലെ 1.2 ബില്യണ്‍ ഡോളറില്‍ നിന്നും കഴിഞ്ഞവര്‍ഷം 693 മില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ലോഹ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതും ലാഭത്തിന് തിരിച്ചടിയായതായി കമ്പനി അറിയിച്ചു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 12 ശതമാനം ഇടിഞ്ഞു. 5.6 ബില്യണ്‍ ഡോളറാണ് 2019ല്‍ കമ്പനി ലാഭമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018ല്‍ ഇത് 6.4 ബില്യണ്‍ ഡോളറായിരുന്നു. ആഗോളതലത്തില്‍ അലൂമിനിയത്തിന് വില ഇടിഞ്ഞതാണ് വരുമാനം കുറയാനുള്ള പ്രധാനകാരണം. പ്രവര്‍ത്തനങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം കമ്പനി 1.1 ബില്യണ്‍ ഡോളര്‍ പണമായി സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 1.5 ബില്യണ്‍ ഡോളറായിരുന്നു. 2.3 മില്യണ്‍ ടണ്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇജിഎ വിറ്റത്. ആകെ വില്‍പ്പനയുടെ 87.4 ശതമാനം വരുമിത്. പ്രീമിയം അലൂമിനിയം ഉല്‍പ്പാദനരംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരില്‍ ഒന്നായി നിലനില്‍ക്കാന്‍ കമ്പനിയെ സഹായിച്ചത് മൂല്യവര്‍ധിത ഉല്‍പ്പന്ന വിഭാഗത്തിന്റെ പ്രകടനമാണെന്ന് ഇജിഎ അറിയിച്ചു.

ആഗോളതലത്തില്‍ അലൂമിനിയം വ്യവസായം ഏറെ വെല്ലുവിളികള്‍ നേരിട്ട വര്‍ഷമായിരുന്നു 2019 എന്ന് ഇജിഎ സിഇഒ അബ്ദുള്‍നാസര്‍ ബിന്‍ കല്‍ബാന്‍ പറഞ്ഞു. വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി ചിലവുകള്‍ വെട്ടിച്ചുരുക്കാനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും പരമാവധി പണലഭ്യത ഉറപ്പാക്കാനും ഇജിഎ നിര്‍ബന്ധിതരായി. ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌മെല്‍റ്റിംഗ് സാങ്കേതികവിദ്യ, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ വിപണിയിലുള്ള നേതൃസ്ഥാനം പോലുള്ള ഘടകങ്ങള്‍ പ്രതിസന്ധി ഘട്ടത്തില്‍ കമ്പനിക്ക് നേട്ടമായതായി ബിന്‍ കല്‍ബാന്‍ അവകാശപ്പെട്ടു.

Comments

comments

Categories: Arabia

Related Articles