പകര്‍ച്ചവ്യാധി തിരിച്ചടിയായ ഉപഭോക്താക്കള്‍ക്ക് 230 മില്യണ്‍ ദിര്‍ഹത്തിന്റെ പാക്കേജുമായി നഖീല്‍

പകര്‍ച്ചവ്യാധി തിരിച്ചടിയായ ഉപഭോക്താക്കള്‍ക്ക് 230 മില്യണ്‍ ദിര്‍ഹത്തിന്റെ പാക്കേജുമായി നഖീല്‍

റാക് പ്രോപ്പര്‍ട്ടീസും അലെഫ് ഗ്രൂപ്പും അല്‍ഡര്‍ പ്രോപ്പര്‍ട്ടീസും ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം സാമ്പത്തിക തിരിച്ചടി നേരിടുന്ന ഉപഭോക്താക്കള്‍ക്കായി 230 മില്യണ്‍ ദിര്‍ഹത്തിന്റെ ദുരിതാശ്വാസ പാക്കേജുമായി ദുബായിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ നഖീല്‍. നഖീലിന്റെ മാളുകളിലും പാം ജുമെയ്‌റ, ഡിസ്‌കവറി ഗാര്‍ഡന്‍സ് പോലുള്ള മാസ്റ്റര്‍ കമ്മ്യൂണിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി ഉപഭോക്താക്കളുടെയും ചെറുകിട ബിസിനസ് ഉടമകളുടെയും വാടക വേണ്ടെന്നുവെക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നഖീല്‍ പരിഗണിക്കുന്നത്.

മൂന്ന് മാസത്തേക്ക് ഉപഭോക്താക്കള്‍ക്കുള്ള അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കാനും കൂളിംഗ് ചാര്‍ജുകള്‍ 10 ശതമാനം വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിനോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി നഖീല്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ഹരായ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും ബന്ധപ്പെട്ട് എത്തരത്തിലാണ് ഈ ഉത്തേജന പാക്കേജിന്റെ നേട്ടങ്ങള്‍ അവരിലേക്ക് എത്തിക്കേണ്ടതെന്ന് തീരുമാനിക്കുമെന്ന് കമ്പനി അറിയിച്ചു.

റാസ് അല്‍ ഖൈമ ആസ്ഥാനമായ റാക് പ്രോപ്പര്‍ട്ടീസും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മിന അല്‍ അറബ്, ജള്‍ഫര്‍ ടവേഴ്‌സ് എന്നിവിടങ്ങളില്‍ വാടകയ്ക്ക് കഴിയുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ വാടക സേവനം ലഭ്യമാക്കുന്നതടക്കമുള്ള സമാശ്വാസ നടപടികളാണ് അവര്‍ പരിഗണിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റാകിന്റെ പാര്‍പ്പിട, വാണിജ്യ സമുച്ചയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷ നടപടികള്‍ സ്വീകരിച്ചതായും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഖാദി അറിയിച്ചു.

സമാനമായി, ഷാര്‍ജ ആസ്ഥാനമായ അലെഫ് ഗ്രൂപ്പ് കമ്പനിക്ക് കീഴിലെ സീറോ 6 മാളില്‍ പ്രവര്‍ത്തിക്കുന്ന റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ക്കായി 10 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. അര്‍ഹരായ വാടകക്കാര്‍ക്ക് ഈ വര്‍ഷത്തെ വാടകയില്‍ ഇളവ് നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. അബുദാബി ആസ്ഥാനമായ അല്‍ഡര്‍ പ്രോപ്പര്‍ട്ടീസ് കൊറോണ വൈറസ് സാമ്പത്തികമായി ബാധിച്ച ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കുമായി കഴിഞ്ഞ ആഴ്ച 100 മില്യണ്‍ ദിഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് പ്രതിസന്ധി മൂലം വാടക നല്‍കാന്‍ സാധിക്കാത്ത വ്യക്തികളെയും ബിസിനസുകളെയും കെട്ടിടങ്ങളില്‍ നിന്ന് ഇറക്കിവിടരുതെന്ന് അബുദാബി, ദുബായ് സര്‍ക്കാരുകള്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia