അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ 2.57 ബില്യണ്‍ ദിര്‍ഹം ലാഭവിഹിതമായി നല്‍കും

അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ 2.57 ബില്യണ്‍ ദിര്‍ഹം ലാഭവിഹിതമായി നല്‍കും

ലാഭവീത വിതരണ നയം ഭേദഗതി ചെയ്യാന്‍ ഓഹരിയുടമ ആവശ്യപ്പെട്ടതായി അഡ്‌നോക്

അബുദാബി: യുഎഇയിലെ പ്രമുഖ ഇന്ധന റീറ്റെയ്‌ലറായ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും 2.57 ബില്യണ്‍ ദിര്‍ഹം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി വിതരണം ചെയ്യും. 2022 മുതല്‍ ലാഭത്തിന്റെ മൂന്നിലൊന്ന് ലാഭവിഹിതമായി നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്.

ഈ വര്‍ഷം ഓഹരിയൊന്നിന് 0.2057 ദിര്‍ഹമാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ലാഭവിഹിതമായി നല്‍കുക. അടുത്ത വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ലാഭവിഹിതം ഈ വര്‍ഷത്തെ ലാഭ വിഹിതമായി ചേര്‍ന്ന് നില്‍ക്കുന്നതാകണമെന്ന് കമ്പനിയില്‍ പത്ത് ശതമാനം ഓഹരിയുടമസ്ഥാവകാശം ഉള്ള ഒരു ഓഹരിയുടമ ആവശ്യപ്പെട്ടതായി കമ്പനി ഓഹരികള്‍ ലിസ്റ്റ് ചെയ്ത അബുദാബി ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ വര്‍ഷത്തെയും വാര്‍ഷിക ലാഭവിഹിതം ആ വര്‍ഷത്തെ ഡിഎന്‍ഐയുടെ (ഡിസ്ട്രിബ്യൂട്ടബിള്‍ നെറ്റ് ഇന്‍കം) 75 ശതമാനത്തില്‍ കുറയാത്ത തുകയായിരിക്കണമെന്നും പ്രസ്തുത ഓഹരിയുടമയില്‍ നിന്നും നിര്‍ദ്ദേശം വന്നതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. അതേസമയം കമ്പനിയുടെ ഈ വര്‍ഷത്തെ ലാഭവിഹിത നയത്തിന് പ്രസ്തുത ഓഹരിയുടമ പിന്തുണ അറിയിച്ചതായും അഡ്‌നോക് വ്യക്തമാക്കി. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ നയം ഭേദഗതി ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിര്‍ദ്ദിഷ്ട ലാഭവിഹിത നയം നടപ്പിലാക്കുന്ന കാര്യത്തില്‍ ഈ മാസം 31ന് നടക്കുന്ന വാര്‍ഷിക ജനറല്‍ അസംബ്ലി തീരുമാനമെടുക്കും.

കഴിഞ്ഞവര്‍ഷം അവസാനപാദത്തില്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്റെ അറ്റാദായം 11.3 ശതമാനം ഉയര്‍ന്ന് 496 മില്യണ്‍ ദിര്‍ഹമായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതാണ് ലാഭം ഉയരാനുള്ള കാരണം. വരുമാനം 9.6 ശതമാനം വര്‍ധിച്ച് 506 മില്യണ്‍ ദിര്‍ഹമായി. അതേസമയം കമ്പനിയുടെ വാര്‍ഷിക ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധിച്ച് 2.22 ബില്യണ്‍ ദിര്‍ഹമായതായി കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 382 റീറ്റെയ്ല്‍ ഇന്ധന സ്റ്റേഷനുകളാണ് യുഎഇയില്‍ അഡ്‌നോകിനുള്ളത്. കഴിഞ്ഞ വര്‍ഷം ആറ് പുതിയ സ്റ്റേഷനുകള്‍ തുറന്നു. ഇതില്‍ മൂന്നെണ്ണം ദുബായിലാണ്. ഈ വര്‍ഷത്തെ വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അഡ്‌നോക് വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ 60 പുതിയ സ്റ്റേഷനുകളാണ് അഡ്‌നോക് പദ്ധതിയിടുന്നത്. മൊബീല്‍ ഇന്ധന സ്റ്റേഷനായ ‘അഡ്‌നോക് ഓണ്‍ ദ ഗോ’യും ഇതില്‍ പെടുന്നു. ദുബായില്‍ മാത്രം ഈ വര്‍ഷം 20-25 പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കും.

Comments

comments

Categories: Arabia