സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് ഭക്ഷണ വിതരണത്തിന് 43 ഇടത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്യുന്നു. സംസ്ഥാനം ഇത് മികച്ച രീതിയില്‍ വിനിയോഗിക്കും

-മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 138 ആയി ഉയര്‍ന്നു. 126 ആളുകളാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് ആളുകള്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. വയനാട്ടില്‍ ആദ്യമായാണ് രോഗം കണ്ടെത്തുന്നത്. 1,20,003 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 601 പേര്‍ വീടുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ്.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ 879 സ്വകാര്യ ആശുപത്രികളിലായി 69,434 കിടക്കകള്‍ ലഭ്യമാണ്. 5,607 ഐസിയു ബെഡ്ഡുകളുമുണ്ട്. സംസ്ഥാനത്ത് ഭക്ഷണ വിതരണത്തിന് 43 ഇടത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എണ്ണൂറോളം ഹോട്ടലുടമകള്‍ അടുക്കളകള്‍ വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 715 പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ലൈനുകള്‍ സജ്ജമാക്കി. 2,36,000 പേരുടെ സന്നദ്ധ സേന കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. സേനയില്‍ അംഗമാവാന്‍ 22-40 പ്രായപരിധിയിലുള്ളവര്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍

റേഷന്‍ കാര്‍ഡുകളില്ലാത്തവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ആധാര്‍ കാര്‍ഡ് പരിശോധിച്ചാവും ഇവര്‍ക്ക് റേഷന്‍ നല്‍കുക. മറ്റിടങ്ങളില്‍ റേഷന്‍ കാര്‍ഡുകളില്‍ പേരില്ലാത്ത, വാടകയ്ക്ക് കഴിയുന്നവര്‍ക്കും മറ്റും സഹായകരമാവും.

Categories: FK News, Slider
Tags: Corona, Covid 19