ലോകത്തെ പിടിച്ചുലച്ച വൈറസ് ആക്രമണങ്ങള്‍

ലോകത്തെ പിടിച്ചുലച്ച വൈറസ് ആക്രമണങ്ങള്‍

വൈറസ് ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം പകച്ചു പോകുന്ന അവസ്ഥ ഇതാദ്യമായല്ല ഉണ്ടാകുന്നത്. കാലങ്ങള്‍ക്ക് മുന്‍പെത്തിയ എബോള, സാര്‍സ് , നിപ്പ , എച്ച്‌ഐവി തുടങ്ങിയ വൈറസുകള്‍ മാനവരാശിയുടെ നിലനില്‍പ്പിനെ പലകുറി ചോദ്യം ചെയ്തവയാണ്.

ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയെന്ത് എന്ന ചിന്തയിലാണ് ലോകം മുഴുവന്‍. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആണ്. എത്രനാള്‍ ഈ സ്ഥിതി തുടരേണ്ടി വരും എന്ന് പറയാനും കഴിയില്ല. അടുത്ത 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈറസ് ആക്രമണത്തിന്റെ പിന്നാമ്പുറക്കഥകള്‍ കുറച്ചറിഞ്ഞിരിക്കാം. ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തുന്ന തരത്തില്‍ ഇതാദ്യമായല്ല വൈറസ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. പല രാജ്യങ്ങളിലും ജനസംഖ്യയുടെ നല്ലൊരു ശതമാനത്തെ ഇല്ലാതാക്കാന്‍ വൈറസ് ആക്രമണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും പ്രതിരോധ മരുന്നുകള്‍ ഫലിക്കാത്തതും കണ്ടു പിടിക്കാന്‍ വൈകുന്നതുമാണ് വൈറസ് ആക്രമണത്തെ ഇത്ര ഭയാനകമാക്കി മാറ്റുന്നത്. മുന്‍കാലങ്ങളില്‍ ലോകത്തെ പിടിച്ചുലച്ച ചില വൈറസ് ആക്രമണങ്ങളെ നോക്കാം.,

എബോള

എബോള വൈറസ് രോഗം അഥവാ എബോള ഹീമോര്‍ഹാജിക് മനുഷ്യരിലും മറ്റു മൃഗങ്ങളിലും പടരുന്ന ഒരുതരം പനിയാണ്. 1976 ല്‍ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയില്‍ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാല്‍ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന ഒരു രോഗമാണ് ഇത്. 2014 മാര്‍ച്ച് 3 നാണ് എബോളയെ ഒരു രോഗമായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത് .വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പനി, വരണ്ട തൊണ്ട , പേശി വേദന, തലവേദന എന്നീ ലക്ഷണങ്ങള്‍ പ്രകടമാവും. പെട്ടന്നു തന്നെ കരളും വൃക്കയും തകരാറാവും.മനുഷ്യരില്‍ പ്രധാനമായും എബോള എത്തുന്നത് മൃഗങ്ങളിലൂടെയാണ് . കുരങ്ങ് , പന്നി ,വവ്വാല്‍ എന്നീ മൃഗങ്ങളുടെ ശരീരത്തില്‍ എബോള വൈറസ് ഉണ്ടാകും ഇവരുടെ സ്പര്‍ശനത്തിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം . എബോളാവൈറസ് ജീനസില്‍ പെടുന്ന 5 വൈറസ്സുകളില്‍ 4 എണ്ണമാണ് മനുഷ്യരില്‍ എബോളാ രോഗത്തിന് കാരണമാകുന്നത്.25% മുതല്‍ 90% വരെയാണ് മരണസാധ്യത. വൈറസ് ശരീരത്തിലേക്ക് എത്താതെ നോക്കുക എന്നതാണ് പ്രധാനം

എച്ച് ഐ വി

എച്ച്.ഐ.വി. ( ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കില്‍ സിന്‍ഡ്രോം ആണ് എയ്ഡ്സ്. അക്വായഡ് ഇമ്മ്യൂണ്‍ ഡിഫിഷ്യന്‍സി സിന്‍ഡ്രം എന്നതാണ് എയ്ഡ്സ് എന്ന രോഗാവസ്ഥ.രക്തദാനം, ശുക്ലം ,യോനീദ്രവം, ഗര്‍ഭസ്ഥശിശു ,മുലപ്പാല്‍ എന്നിവയിലൂടെ എച്ച്.ഐ.വി. ബാധയുണ്ടാകാം. പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ് എച്ച്.ഐ.വി. ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാല്‍, കൂടാതെ പ്രസവ സമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോള്‍ രക്ത പരിശോധന നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാന്‍ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്. ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത് വഴി രോഗാണുവാഹകരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി വൈറസ് പകരുന്നത് നല്ലൊരു ശതമാനവും തടയാന്‍ സാധിക്കും.നിലവില്‍ എയിഡ്‌സിനെതിരെ മരുന്നുകള്‍ ഒന്നും ലഭ്യമല്ല .ആഫ്രിക്കയില്‍ വ്യാപകമായ ഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

സാര്‍സ്

ലോകം വളരെ ഭയപ്പാടോടെ വീക്ഷിച്ച പകര്‍ച്ചവ്യാധിയാണ് സാര്‍സ്. ശ്വാസകോശങ്ങളെ ബാധിക്കുകയും, വളരെ വേഗം പടര്‍ന്ന് പിടിക്കുകയും ചെയ്ത സാര്‍സ് ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ പേരുടെ ജീവന്‍ പെട്ടെന്ന് അപഹരിച്ചു. ഏഷ്യയില്‍ നിന്നാണ് സാര്‍സിന്റെ തുടക്കം. കാനഡയിലും സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്നു.ഏറെ അപകടകരവുമായ ഈ രോഗം ഉണ്ടാക്കിയ മരണ നിരക്കിനേക്കാള്‍ കൂടുതലാണ് കൊറോണ മൂലമുള്ള മരണ നിരക്ക്.

സാര്‍സ്‌ന്യുമോണിയപോലെയുള്ള ഈ രോഗം ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ശ്വസനതടസം ഉണ്ടാക്കി മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നാണ് മുഴുവന്‍ പേര്. ഇതുവരെ മുപ്പത്തിയേഴ് രാജ്യങ്ങളിലായി 774 പേരുടെ മരണത്തിന് ഈ രോഗം ഇടയാക്കിയിട്ടുണ്ട്. മരണമടഞ്ഞവരില്‍ ഭൂരിപക്ഷവും ചൈനയിലും ഹോങ്കോംഗിലുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 9.6ശതമാനം മരണ നിരക്ക് രേഖപ്പെടുത്തിയ പകര്‍ച്ചവ്യാധിയാണിത്. 2003 ഫെബ്രുവരിയിലാണ് സാര്‍സ് ആദ്യം സ്ഥിരീകരിച്ചത്. വായുവിലൂടെയാണ് പകരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നത് രോഗം എളുപ്പത്തില്‍ വ്യാപിക്കുന്നതിന് ഇടയാക്കുന്നു. പ്രതിരോധ വാക്‌സിനോ കൃത്യമായ ചികിത്സയോ ലഭ്യമല്ല.തലവേദന, അസ്വസ്ഥത, ദേഹവേദന, കടുത്ത പനി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍ ചിലപ്പോള്‍ ചെറിയ ശ്വാസതടസവും അനുഭവപ്പെടാറുണ്ട്. രോഗലക്ഷണം പ്രകടമായ രണ്ട് മുതല്‍ ഏഴ് ദിവസത്തിനകം വരണ്ട ചുമയും, ശ്വാസ തടസവും അനുഭവപ്പെടുന്നു.

നിപ്പ

2018 ല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പിടിച്ചു കുലുക്കിയ ഒന്നാണ് നിപ്പ വൈറസ് ആക്രമണം. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു.മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തില്‍ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ല്‍ വൈറസിനെ വേര്‍തിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളര്‍ത്തുന്ന കര്‍ഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. വൈറസ് ബാധയുള്ള വാവലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യനിലേക്ക് എത്തും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.

അസുഖ ബാധയുള്ളവരെ അശ്രദ്ധമായി പരിചരിക്കുന്നതിലൂടെയും വൈറസ് ബാധയുള്ള വാവലുകളുടെ കാഷ്ഠം കലര്‍ന്ന വെള്ളം, അവ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും രോഗം പകരാം. വൈറസ് ബാധയുള്ള റ്റീറോപ്പസ് വവ്വാലുകള്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. വൈറസ് ബാധയുണ്ടായാല്‍, അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധം നഷ്ടപ്പെട്ട്, കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്

Categories: FK Special, Slider