മരുന്ന് ക്ഷാമമുണ്ടാകുമെന്ന ആശങ്കയില്‍ കമ്പനികള്‍

മരുന്ന് ക്ഷാമമുണ്ടാകുമെന്ന ആശങ്കയില്‍ കമ്പനികള്‍
  • വിതരണം തടസപ്പെടുന്നു
  • നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നില്ല

മുംബൈ: രാജ്യമൊട്ടാകെ 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ നിലവില്‍ വന്നതോടെ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയില്‍ ഫാര്‍മ കമ്പനികള്‍. മരുന്നുകളുടെ വിതരണത്തില്‍ പാളിച്ചയുണ്ടാകുമെന്നതാണ് ഫാര്‍മ കമ്പനികളെ കുഴയ്ക്കുന്നത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ തിരിച്ചും സംസ്ഥാനത്തിനകത്തും അടച്ചുപൂട്ടല്‍ നിലവില്‍ വന്നതോടെ വിതരണ ശൃംഖല പലയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചരക്കുകളും മറ്റും കടത്തിവിടുന്നതില്‍ കര്‍ശനം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരുന്ന് വിതരണം കാര്യക്ഷമമായി നടത്തുമെന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ഫലത്തില്‍ തടസമുണ്ടാകുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുമെന്നും കമ്പനികള്‍ ഭയപ്പെടുന്നുണ്ട്. പൊതുഗതാത സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതിനാല്‍ നിര്‍മാണ ശാലകളിലേക്ക് ജീവനക്കാര്‍ക്ക് എത്താനാകുന്നില്ല. അവശ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മരുന്ന് നിര്‍മാണത്തിനാവശ്യമായ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ ഫാക്ടറികളിലേക്ക് എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്. മാത്രമല്ല ഇത്തരം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണുതാനും. പാക്കേജിംഗിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ വിതരണ വാഹനങ്ങള്‍ ലഭ്യമാകുന്നില്ല പരാതിയും ഉയരുന്നുണ്ട്. ഫാര്‍മ കമ്പനിയുടെ നിര്‍മാണ ശാലയിലേക്കു വേണ്ട കല്‍ക്കരി എത്തിക്കുന്നതിലുള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ദിവസം വിതരണം ചെയ്യാനിരുന്ന അഞ്ച് ലക്ഷം ബ്ലിസ്‌റ്റേഴ്‌സ് ഹൈഡ്രോക്‌സിക്ലോറൈന്‍ ടാബ്‌ലെറ്റുകള്‍ ഇനിയും കൈമാറാന്‍ കഴിഞ്ഞിട്ടില്ല. സിലിഗുരിയില്‍ നിന്നും വിമാന മാര്‍ഗം അവ കൊണ്ടുവരാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം.

വിവിധ ഫാര്‍മ കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മരുന്നിന് ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെങ്കിലും വിതരണത്തിലും നിര്‍മാണത്തിലും പ്രതിസന്ധി തുടങ്ങിയതായി ആരോപണമുയര്‍ന്നു കഴിഞ്ഞു. വരും നാളുകളില്‍ സ്ഥിതി ഇതിലും രൂക്ഷമാകുമെന്ന ആശങ്കയിലാണ് ഫാര്‍മ കമ്പനികള്‍

Comments

comments

Categories: FK News