ഓണ്‍ലൈന്‍ പലചരക്ക് വിപണിയായ നാന 18 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ഓണ്‍ലൈന്‍ പലചരക്ക് വിപണിയായ നാന 18 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു

സിരീസ് ബി ഫണ്ടിംഗില്‍ സൗദി ടെക്‌നോളജി വെന്‍ച്വേഴ്‌സും മിഡില്‍ഈസ്റ്റ് വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സും നിക്ഷേപമിറക്കി

റിയാദ്: സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്‌ഫോമായ നാന സിരീസ് ബി ഫണ്ടിംഗിലൂടെ 18 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. സൗദി ടെക്‌നോളജി വെന്‍ച്വേഴ്‌സും (എസ്ടിവി) മിഡില്‍ഈസ്റ്റ് വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സും മുഖ്യ നിക്ഷേപകരായ നിക്ഷേപ സമാഹരണത്തില്‍ ഏഞ്ചല്‍ നിക്ഷേപകര്‍ക്കൊപ്പം നിലവിലെ നിക്ഷേപകരായ വംദ കാപ്പിറ്റല്‍, വതര്‍ പാര്‍ട്‌ണേഴ്‌സ്, എസ്‌വിസി എന്നിവരും നിക്ഷേമിറക്കി.

സൗദി അറേബ്യയിലെ പലചരക്ക് ഷോപ്പിംഗ് കേന്ദ്രങ്ങളെ പട്ടികപ്പെടുത്തിക്കൊണ്ട് 2016ല്‍ സമി അല്‍ഹെല്‍വയും കൂട്ടാളികളും രൂപം നല്‍കിയ ആപ്പാണ് നാന. വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും കടകളില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമാണ് ഈ ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൃത്യസമയത്ത് വീട്ടുപടിക്കലെത്തുകയും ചെയ്യും. പലചരക്ക് ഉപഭോക്താക്കളെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും കടകളിലെത്തി ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ ശേഖരിക്കുന്നവരെയും അവസാനഘട്ട വിതരണക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വന്‍ശൃംഖലയാണ് നാനയുടേത്.

മേഖലയിലെ റീറ്റെയ്ല്‍ ഭീമന്മാരായ പാണ്ട, കാരിഫോര്‍ തുടങ്ങി നിരവധി വന്‍കിട കമ്പനികളുമായി പങ്കാളിത്തമുള്ള ഈ സ്റ്റാര്‍ട്ടപ്പ് സൗദിയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് വിപണികളിലൊന്നാണ്. ഏതാണ്ട് പതിനാലോളം സൗദി നഗരങ്ങളില്‍ നാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സിരീസ് എ ഫണ്ടിംഗിലൂടെ സ്വന്തമാക്കിയ 6 ബില്യണ്‍ ഡോളര്‍ അടക്കം 26 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇതുവരെ നാന സമാഹരിച്ചിട്ടുള്ളത്.

സൗദിക്ക് പുറത്ത് ജിസിസി രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ് നാന. വിപണി വികസനത്തിന്റെ ഭാഗമായി കൂടുതല്‍ റീറ്റെയ്‌ലര്‍മാരുമായും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുമായി പങ്കാളിത്തം ആരംഭിക്കാനും നാന പദ്ധതിയിടുന്നുണ്ട്. ഓണ്‍ലൈന്‍ പലചരക്ക് ബിസിനസില്‍ കഴിവ് തെളിയിച്ച കമ്പനിയാണ് നാനയെന്നും വിപണി വികസന പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള നാനയുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും എസ്ടിവി ബ്ലോഗ് പോസ്റ്റിലൂടെ പ്രതികരിച്ചു. പുതിയതായി സമാഹരിച്ച നിക്ഷേപത്തില്‍ ഏറിയ പങ്കും കമ്പനിയുടെ വളര്‍ച്ചയ്ക്കായി നീക്കിവെക്കുമെന്ന് നാന അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന 83 ബില്യണ്‍ ഡോളറിന്റെ പലചരക്ക് വിപണിയെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള വലിയ അവസരമാണ് കമ്പനിക്ക് മുമ്പിലുള്ളതെന്നും നാന കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia