ലോജിസ്റ്റിക്‌സ് കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തുന്നു

ലോജിസ്റ്റിക്‌സ് കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തുന്നു
  •  ചരക്ക് വ്യോമ ഗതാഗത സേവനത്തിലും പ്രതിസന്ധി
  •  ടെര്‍മിനലുകളില്‍ ചരക്കുകള്‍ കുന്നുകൂടുന്നു

മുംബൈ: കോവിഡ് 19 അടച്ചുപൂട്ടല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചരക്ക് വ്യോമ ഗതാഗത കമ്പനികളും ലോജിസ്റ്റിക്‌സ് കമ്പനികളും പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അഭാവം കാരണം ടെര്‍മിനലുകളില്‍ ചരക്ക് കുന്നുകൂടുന്നത് കണക്കിലെടുത്താണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.

രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ നിലവില്‍ വന്നതോടെ ട്രക്കുകളിലുള്ള വിതരണവും മറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതിനാല്‍ വിതരണം സുഗമമായി നടത്താനാവുന്നില്ലെന്നും കമ്പനികള്‍ വെളിപ്പെടുത്തി. മൂന്ന് ആഴ്ച നീണ്ടുനില്‍ക്കുന്ന അടച്ചുപൂട്ടല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് കമ്പനികള്‍. ചരക്കുകളിലേറെയും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, സാന്നിറ്റൈസറുകള്‍, കോവിഡ് 19 ടെസ്റ്റ് കിറ്റ് എന്നിവയാണ്. ആഗോള ചരക്ക് വ്യോമഗതാഗത കമ്പനികളായ ഫെഡക്‌സ്, യുപിഎസ് എന്നിവര്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡിഎച്ച്എല്‍ എക്‌സ്പ്രസും അധികം വൈകാതെ സേവനം നിര്‍ത്തലാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്.

ലോജിസ്റ്റിക്‌സ് കമ്പനികളായ ഇകോം എക്‌സ്പ്രസ്, സേഫ്എക്‌സ്പ്രസ്, സ്‌പോട്ടണ്‍ ലോജിസ്റ്റിക്‌സ് എന്നിവര്‍ സംഭരണശാലകളും വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ചു കഴിഞ്ഞു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുകൊണ്ടുള്ള ഡിടിഡിസിയുടെ ട്രെക്കുകള്‍ പാതിവഴിയില്‍ തടസപ്പെട്ടിരിക്കുകയാണ്. ബിഗ്ബസാര്‍ സ്‌റ്റോറുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഫ്യൂച്ചര്‍ സപ്ലൈ ചെയ്ന്‍ പഞ്ചാബില്‍ നിന്നും കടത്തിവിടാനായില്ലെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ അഭാവമാണ് കമ്പനികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഡെല്‍ഹി എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ സാധാരണഗതിയില്‍ 200 ജോലിക്കാരുള്ളതില്‍ നിലവില്‍ പത്തുപേര്‍ മാത്രമാണ് ജോലിക്കെത്തുന്നത്. അവശ്യ സാധനങ്ങളുടെ വിതരണം തടസപ്പെടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും പലപ്പോഴും ഇത് കാര്യക്ഷമമായി നടത്താനാകുന്നില്ല. ചരക്ക് വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അന്താരാഷ്ട വ്യോമ ഗതാഗത സംഘടന വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Logistics