ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 42% ഇടിവ്

ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 42% ഇടിവ്
  •  വിറ്റഴിച്ചത് 45200 ഭവനങ്ങള്‍ മാത്രം
  •  കെട്ടിട നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിച്ചു
  •  ഭവന വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടിവ് ഹൈദരാബാദില്‍, 50 %

മുംബൈ: കോവിഡ് 19 രോഗബാധ ഭവന വില്‍പ്പനയിലും പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളില്‍ ഭവന വില്‍പ്പന 42 ശതമാനം ഇടിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ വെറും 45200 ഭവനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാനായത്.

പുതിയ ഭവനങ്ങള്‍ അവതരിപ്പിക്കുന്നതിലും 42 ശതമാനം ഇടിവുണ്ടായതായി അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് പുറത്തുവിട്ട ഡാറ്റ വെളിപ്പെടുത്തുന്നു. തുടര്‍ച്ചയായി സമാനവിഭാഗത്തില്‍ 24 ശതമാനം ഇടിവാണ് ദൃശ്യമായിരിക്കുന്നത്. വിതരണം 21 ശതമാനം കുറഞ്ഞു. നിലവില്‍ ആഗോളതലത്തില്‍ ആരോഗ്യരംഗത്ത് സംഭവിച്ചിരിക്കുന്ന ദുരന്തത്തില്‍ ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പനയും പുതിയ ഭവനങ്ങളുടെ അവതരിപ്പിക്കലുകളും പാദഫലത്തിലും വാര്‍ഷിക അടിസ്ഥാനത്തിലും കുറയുന്നതില്‍ അതിശയോക്തിയില്ലെന്ന് അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ചെയര്‍മാന്‍ അനുജ് പുരി അറിയിച്ചു. വൈറസ് ബാധ തടയുന്നതിനായി ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടലില്‍ കെട്ടിട നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഭാവിയിലെ പുതിയ കെട്ടിട പദ്ധതികള്‍ അനിശ്ചിതമായി നീളുകയാണ്.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍, ബെംഗളുരു, പൂനെ, എന്‍സിആര്‍ എന്നീ പ്രമുഖ നഗരങ്ങളാണ് പുതിയ ഭവനങ്ങളുടെ എണ്‍പതു ശതമാനവും ഉള്‍ക്കൊള്ളുന്നത്. മുന്‍നിര നഗരങ്ങളിലെ റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നിരക്ക് കഴിഞ്ഞ പാദത്തേക്കാളും നടപ്പുപാദത്തില്‍ നിശ്ചലാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ പോലും നിരക്കില്‍ വലിയ തോതില്‍ മാറ്റമില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

മുംബൈ മേഖലയില്‍ മാത്രം 10480 ഭവനങ്ങളാണ് വില്‍പ്പന നടന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാളും 61 ശതമാനം കുറവാണ്. പുതിയ ഭവനങ്ങളില്‍ 69 ശതമാനവും 80 ലക്ഷം രൂപയുടെ ബജറ്റ് സെഗ്മെന്റിലാണുള്ളത്. ബെംഗളുരു, എന്‍സിആര്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യഥാക്രമം 5 ശതമാനം, 23 ശതമാനം വീതം കുറവുണ്ടായി. ഭവന വില്‍പ്പനയില്‍ ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായിരിക്കുന്നത്. 50 ശതമാനത്തോളം റെക്കോര്‍ഡ് ഇടിവാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും ഡാറ്റ സൂചിപ്പിക്കുന്നു.മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍, എന്‍സിആര്‍ എന്നിവിടങ്ങളില്‍ 40 ശതമാനം ഇടിവാണുണ്ടായതെന്ന് കണ്‍സള്‍ട്ടന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News
Tags: housing